• 20 Sep 2021
  • 03: 57 PM
Latest News arrow

'പാരസൈറ്റ്': പരാന്നഭോജികളുടെ സ്ഫോടനാത്മകമായ ലോകം

അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസിന്റെ തൊണ്ണൂറ്റിരണ്ടാം ഓസ്കർ അവാർഡ് വേദിയിൽ ദക്ഷിണ കൊറിയൻ ചലച്ചിത്രമായ 'പാരസൈറ്റ്' (പരാന്നഭോജി) മികച്ച സിനിമയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥയ്ക്കുമുള്ള നാല് അവാർഡുകൾ കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. അക്കാദമിയുടെ തൊണ്ണൂറു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ ചിത്രത്തിന്, ഒരു ദക്ഷിണ കൊറിയന്‍ ചിത്രത്തിന്  ഓസ്‌കര്‍ അവാർഡ് ലഭിക്കുന്നത്. മികച്ച ചിത്രത്തിനും  മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള ഓസ്കർ പുരസ്‌കാരങ്ങള്‍ ഒന്നിച്ച് നേടുന്ന ആദ്യ ചിത്രവുമാണ്  ബോംഗ് യൂൺ-ഹോ സംവിധാനം ചെയ്ത 'പാരസൈറ്റ്'.

'മെമ്മറീസ് ഓഫ് മര്‍ഡര്‍', 'മദര്‍', 'സ്‌നോപിയേഴ്‌സര്‍' എന്നീ സിനിമകളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ സംവിധായകന്‍ കൂടിയായ  ബോംഗ് യൂൺ-ഹോയുടെ  'പാരസൈറ്റ്' 2019-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ നേടുന്നതോടെയാണ് ലോക ചലച്ചിത്രപ്രേമികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നിരവധി ചലച്ചിത്രമേളകളിൽ 'പാരസൈറ്റ്' അവാർഡുകളുമായി ജൈത്രയാത്ര തുടരുകയാണ്. അക്കാദമി അവാർഡിനായുള്ള ആറു നോമിനേഷനുകളാണ് നേടിയിരുന്നത്. അതിൽ നാലെണ്ണം ലഭിക്കുകയും ചെയ്തു. ഗോവ ഐ എഫ് എഫ് ഐയിലും തിരുവനന്തപുരം ഐ എഫ് എഫ് കെ യിലും  'പാരസൈറ്റ്'  പ്രദർശിപ്പിച്ച് ഇന്ത്യൻ പ്രേക്ഷകരുടെയും പ്രീതി നേടി. ഈ പ്രീതി മനസ്സിലാക്കി കേരളത്തിലെ തിയേറ്ററുകളിൽ 'പാരസൈറ്റ്' റിലീസ് ചെയ്യുകയുമുണ്ടായി . ചരിത്രത്തിൽ ആദ്യമായിരിക്കാം ഒരു കൊറിയൻ സിനിമ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യാതെ അതേ ഭാഷയിൽ ഇംഗ്ലീഷ് സബ് ടൈറ്റിലോടെ സംസ്ഥാനത്ത് വാണിജ്യാടിസ്ഥാനത്തിൽ റിലീസ് ചെയ്യുന്നത്.

'പാരസൈറ്റ്' എന്ന ചലച്ചിത്രത്തെ ഒരു 'ആക്ഷേപഹാസ്യ സസ്‌പെൻസ് ത്രില്ലർ' എന്ന് വേണമെങ്കിൽ വിളിക്കാം. തിരക്കഥയാണ് ഈ ചലച്ചിത്രത്തിന്റെ നട്ടെല്ല്. ഒരു തരത്തിലും പ്രവചിക്കാൻ പറ്റാത്ത  അതിശയകരമായ തിരക്കഥ. അതാവട്ടെ  മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. അഭിനേതാക്കളാവട്ടെ അതിമനോഹരമായ ശരീരഭാഷയോടെ ചലച്ചിത്രവുമായി ഇഴുകിച്ചേർന്നിരിക്കുന്നു.

അതിജീവനത്തിനായി സമ്പന്നരെ ഊറ്റിക്കുടിച്ച് പരാന്നജീവികളാവുന്ന പാവപ്പെട്ടവരുടെ കഥ മാത്രമല്ല വര്‍ഗവിവേചനത്തിന്റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയം പറയുന്ന സിനിമ കൂടിയാണ് 'പാരസൈറ്റ്'. സമൂഹത്തിലെ മനുഷ്യന്റെ അന്തസ്സ് (status), അവന്റെ അസൂയ, അഭിലാഷം, ആർത്തി, ആസക്തി, മോഹം, ഭൗതികവാദം, പുരുഷാധിപത്യ കുടുംബം, സേവകർ...എന്നിങ്ങനെ ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന രാഷ്ട്രീയം നിറഞ്ഞ ഒരു വർഗ്ഗയുദ്ധമാണ് (class war) കറുത്തഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ നാം 'പാരസൈറ്റി'ൽ കാണുക. അടിവസ്ത്രങ്ങളുടെയും ശരീരഗന്ധത്തിന്റേയും കാര്യത്തിൽ വരെ അപ്പർ ക്‌ളാസും ലോവർ ക്‌ളാസും തമ്മിൽ വ്യത്യാസമുണ്ടെന്ന് കരുതുന്ന ഒരു സാമൂഹിക വ്യവസ്ഥയെക്കുറിച്ചുള്ള പരാമർശവും ലോകത്തെ എല്ലാ മനുഷ്യരും ഒരർത്ഥത്തിൽ പരാന്നഭോജികളാണ് എന്ന നിരീക്ഷണവും ഈ ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്. മറ്റൊരു കോണിൽ നിന്ന് ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ ജീവിക്കുന്ന വ്യത്യസ്ത പശ്ചാത്തലത്തിലുള്ള മൂന്ന് കുടുംബങ്ങളെ വിശകലനം ചെയ്യുമ്പോൾ വിശകലനം ചെയ്യുമ്പോൾ  ഉത്തരകൊറിയയും ദക്ഷിണ കൊറിയയും പരസ്പരം നീരസത്തോടും അസ്വസ്ഥതയോടും അടുത്തടുത്ത് ജീവിക്കുന്നതിന്റേതായ ഒരു തലവും നമുക്ക് മുന്നിൽ തുറക്കും. ഇതുപോലെ നിരവധി മാനങ്ങളുള്ള ഒരു കഥയും ദൃശ്യങ്ങളുമാണ് 'പാരസൈറ്റ്' പ്രേക്ഷകന് നൽകുന്നത്.

ഈ ചലച്ചിത്രത്തിലെ പരാന്നഭോജികൾ എന്ന് പ്രേക്ഷകന് തോന്നുന്ന ഒരു കുടുംബത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. അലസനായ ഭർത്താവ് കി-തെയ്ക്ക് (സോംഗ് കാങ്-ഹോ), ഭാര്യ ചുങ്-സൂക്ക്  (ചാങ് ഹായ്-ജിൻ), മകൻ കി-വൂ (ചോയി വൂ-സിക്), മകൾ കി-ജംഗ് (പാർക്ക് സോ-ഡാം) എന്നിവരടങ്ങുന്ന കുടുംബം. ഇവർ താമസിക്കുന്നത്  വൃത്തികെട്ട, ദുർഗന്ധമുള്ള ഒരു ബേസ്മെൻറ് ഒറ്റമുറി ഫ്ലാറ്റിലാണ്. ആർക്കും പറയത്തക്ക ജോലിയുമില്ല. മകൻ കി-വൂ യൂണിവേഴ്സിറ്റിയിൽ നിന്ന് തോറ്റ് പുറത്തായതാണ്. നല്ലൊരു കലാകാരിയും വെബ് അധിഷ്ഠിത തട്ടിപ്പുകൾ നന്നായറിയാവുന്നവളുമാണ് മകൾ കി-ജംഗ്. അയൽവാസികളുടെയും സമീപത്തുള്ള ബിസിനസ് സ്ഥാപനങ്ങളുടെയും  പാസ്‌വേഡ് പരിരക്ഷിത വൈഫൈ പിടിച്ചെടുത്ത് സ്വന്തം സ്മാർട്ട്ഫോണുകൾ പ്രവർത്തിപ്പിക്കുന്ന ഈ കുടുംബത്തെയാണ് ചലച്ചിത്രം തുടക്കത്തിൽ നമ്മെ പരിചയപ്പെടുത്തുന്നത്. ഒപ്പം കാശിനായി ഇവർ ചെറിയ ചെറിയ ജോലികൾ ചെയ്യുന്നു.

സമ്പന്നനും ബിസിനസ്സ് മാഗ്‌നറ്റുമായ  മിസ്റ്റർ പാർക്കിന്റെ (ലീ സൺ-ക്യുൻ) ഉടമസ്ഥതയിലുള്ള അതിമനോഹരമായ ആധുനിക വസതിയിൽ, ഒരു സുഹൃത്തിന്റെ സഹായത്തോടെ നല്ല പശ്ചാത്തലത്തിലുള്ള ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷമിട്ട് കി-വൂ കടന്നുകൂടുകയാണ്. ആ സമ്പന്ന കുടുംബത്തിലെ കൗമാരക്കാരിയായ മകൾ ഡാ-ഹേ (ജംഗ് ജി-സോ)യെ പഠിപ്പിക്കുകയാണ്  കി-വുവിന്റെ ജോലി. ഡാ-ഹേയ്ക്ക് കി-വൂവിനോട് തോന്നുന്ന പ്രണയം അയാൾ നിരുത്സാഹപ്പെടുത്തുന്നില്ല. ഇതിനിടയിൽ ഡാ-ഹെയുടെ  സഹോദരൻ ഡാ-സോങ്ങിനെ (ജംഗ് ഹ്യൂൺ-ജുൻ) പഠിപ്പിക്കാൻ ഒരു ആർട്ട് ട്യൂട്ടറെ ശുപാർശ ചെയ്യുമോ എന്ന് പാർക്കിന്റെ ഭാര്യ യെയോൺ-ക്യോ (ചോ യെയോ-ജിയോംഗ്) കി-വുവിനോട് ചോദിക്കുന്നു. തന്റെ സഹോദരി  കി-ജംഗിനെ ഒരു സുഹൃത്തിന്റെ കസിൻ എന്ന നിലയിൽ അവതരിപ്പിച്ച് അവളെയും ആ വീട്ടിലേക്ക് ആർട്ട്  ട്യൂട്ടർ എന്ന വ്യാജേന എത്തിക്കുന്നു. ഇതിനു പിറകെ ഇരുവരും ചേർന്ന്  അവിടുത്തെ കാര്യസ്ഥനും ഡ്രൈവറുമായ ആളെ പിരിച്ചുവിടാൻ കാരണമുണ്ടാക്കുകയും ആ സ്ഥാനത്തേക്ക് അച്ഛനാണെന്ന് പറയാതെ കി-തെയ്ക്കിനെ ശുപാർശ ചെയ്ത് എത്തിക്കുകയും ചെയ്യുന്നു.  പിന്നീടിവർ തന്ത്രപൂർവ്വം  അവിടുത്തെ വീട്ടുജോലിക്കാരി മൂൺ-ഗ്വാങിനെ (ലീ ജിയോംഗ്-ഇൻ) പുറത്താക്കുകയും അവരുടെ  അമ്മ ചുങ്-സൂങ്ങിനെ വീട്ടുജോലിക്കാരിയായി എത്തിക്കുകയും ചെയ്യുന്നു. അങ്ങനെ നാലുപേരും കള്ളത്തരത്തിലൂടെ പരസ്പരം അപരിചിതരാണെന്ന് നടിച്ച് ആ സമ്പന്ന കുടുംബത്തെ ഉപജീവിച്ച് കഴിയുകയാണ്.

പിന്നീടങ്ങോട്ട് ഈ നാല് പരാന്നഭോജികളിലൂടെ കഥ  പ്രതീക്ഷിക്കാത്ത വിവിധ ട്വിസ്റ്റുകളിലൂടെ മുന്നോട്ട് പോവുകയാണ്. ഇതിനിടയിൽ ഈ നാലുപേർക്കും ഒരേ ഗന്ധമാണെന്നും ഇത്  പാവപ്പെട്ടവരുടെ ഗന്ധമാകാമെന്നും സമ്പന്ന കുടുംബം നിരീക്ഷിക്കുന്നുണ്ട്. ഈ നിരീക്ഷണം ഒരു വർഗ്ഗയുദ്ധത്തിന് തിരികൊളുത്തുകയും ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സിലേക്ക് കടക്കുകയും ചെയ്യുന്നു. തുടക്കത്തിൽ ചലച്ചിത്രം ചിരിയാണ് സമ്മാനിക്കുന്നതെങ്കിലും അന്ത്യത്തോടടുക്കുമ്പോൾ അത് ക്രൂരമായ ഫലിതമാവുകയാണ്.

ബോംഗ് യൂൺ-ഹോ യുടെ ലോകവീക്ഷണം ഈ ചിത്രത്തിൽ വളരെ വ്യക്തമാണ്. ലോകത്തെക്കുറിച്ച് സംവിധായകന് തോന്നുന്ന ഭയം, ഉത്കണ്ഠ തുടങ്ങിയവ എല്ലാം ചിത്രത്തിലുണ്ട്. “സമൂഹത്തെ മാറ്റാൻ കഠിനമായി പോരാടുന്നവരുണ്ട്. എനിക്ക് ആ ആളുകളെ ഇഷ്ടമാണ്, ഞാൻ എല്ലായ്പ്പോഴും അവർക്കായി നിലയുറപ്പിക്കുന്നു. ലോകത്തെ എങ്ങനെ മാറ്റണം അല്ലെങ്കിൽ എങ്ങനെ അതിനായി പ്രവർത്തിക്കണം എന്നൊന്നും പറയുന്നില്ല . മറിച്ച് യാഥാർത്ഥ്യത്തിന്റെ ഭയാനകമായ സ്ഫോടനാത്മകതയാണ്  സിനിമയുടെ സൗന്ദര്യമെന്ന് ഞാൻ വിശ്വസിക്കുന്നു.”- ബോംഗ് യൂൺ-ഹോ തന്റെ ചിത്രത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്.