• 28 Sep 2023
  • 12: 30 PM
Latest News arrow

സാദിഖലി തങ്ങൾക്കു മുന്നിൽ വെല്ലുവിളികളേറെ

യു ഡി എഫ് രാഷ്ട്രീയവും മുസ്‌ലിം ന്യൂനപക്ഷവും കടുത്ത പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് മുസ്‌ലിംലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ദേഹവിയോഗം സംഭവിക്കുന്നതും അദ്ദേഹത്തിന്റെ സഹോദരൻ സാദിഖ് അലി ശിഹാബ് തങ്ങൾ പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതും. ഒരേ സമയം രാഷ്ട്രീയ നേതാവും മത നേതാവും ആയിരുന്നു ഹൈദരലി തങ്ങൾ. മുൻ പ്രസിഡന്റുമാരായ ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളുമെല്ലാം അതേ പാരമ്പര്യം തുടർന്നു വന്നവരാണ്. ആയിരത്തിലേറെ മഹല്ലുകളുടെയും പള്ളികളുടെയും ഖാദിയായിരുന്ന ഹൈദരലി തങ്ങൾ മുസ്‌ലിം ജനവിഭാഗത്തിലെ ഏറ്റവും വലിയ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രധാന ഭാരവാഹിയുമായിരുന്നു. കേരളത്തിലെ മുസ്‌ലിംകൾ സമസ്തയുടെ കീഴിലാണ് ആദ്യം സംഘടിച്ചത്. പിന്നീട് ലീഗ് ഉണ്ടായതു മുതൽ രണ്ടും പാരസ്പര്യത്തിലാണ് പ്രവർത്തിച്ചു വന്നത്. എന്നാൽ, കുറച്ചായി ഈ ബന്ധത്തിൽ ഉടവ് തട്ടിയിരിക്കുകയാണ്.
ലീഗ് പറയുന്നതു കേട്ട് പ്രവർത്തിക്കുന്ന സംഘടനയല്ല സമസ്ത എന്ന് അതിന്റെ നേതാക്കൾ തുറന്നു പറയുന്ന സാഹചര്യം വരെ ഉണ്ടായി. സംസ്ഥാനത്തു ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിച്ചതോടെ ലീഗ് രാഷ്ട്രീയം മുന്പില്ലാത്ത വിധം ദുർബലപ്പെടുകയും ഇടതുപക്ഷവുമായി അകൽച്ച വേണ്ടതില്ലെന്ന നിലപാടിലേക്ക് പല ഘട്ടങ്ങളിലും സമസ്ത എത്തിപ്പെടുകയും ചെയ്‌തു.

വിവിധങ്ങളായ മത സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലുമായി ചിതറി കിടക്കുന്ന സമുദായമാണ് ഇന്ന് കേരളത്തിലെ മുസ്‌ലിം സമുദായം. ലീഗിന് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന സ്വാധീനം ഇന്ന് സമുദായത്തിലില്ല. മുസ്‌ലിം ജനസാമാന്യത്തിൽ പകുതിയെങ്കിലും ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്നവരാണെന്നു ബോധ്യപ്പെടാൻ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മലപ്പുറം ജില്ലയിലെ വോട്ടുനില മാത്രം പരിശോധിച്ചാൽ മതി. ആർ എസ് എസ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ മതേതര പക്ഷത്തു നിലയുറപ്പിക്കുക എന്ന വാദഗതിക്കു മുസ്‌ലിം ജനസമൂഹത്തിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഈ ചിന്താഗതിക്കനുസരിച്ചു മാറുന്നതിനു പകരം കൂടുതൽ സാമുദായികമാകാനുള്ള ശ്രമമാണ് ലീഗിൽ നടക്കുന്നത്. വഖഫ് സംരക്ഷണ റാലി അതിന്റെ ആസിഡ് ടെസ്റ്റ് ആയിരുന്നു. ഉത്തരവാദപ്പെട്ട ഒരു നേതാവ് അവിടെ നടത്തിയ പ്രസംഗത്തോടെ ചക്കിനു വെച്ചത് കൊക്കിനു കൊണ്ട പോലെയായി ആ സമ്മേളനം.
യു ഡി എഫിനെ സംസ്ഥാനത്തു എക്കാലത്തും ഭരണത്തിൽ എത്തിച്ചിട്ടുള്ളത് മുസ്‌ലിം - ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റുകളും യു ഡി എഫിന് ലഭിച്ചത് അതുവഴിക്കാണ്‌. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ചിത്രം മാറി. ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ടുകൾ ഗണ്യമായി എൽ ഡി എഫ് പക്ഷത്തേക്ക് ഒഴുകുകയും ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കുകയും ചെയ്‌തു. ഇടതുപക്ഷം ഒരിക്കലും കൂടെക്കൂട്ടില്ലെന്നു കരുതിയ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് എൽ ഡി എഫിലെ ഘടക കക്ഷിയായി. ഇരു സമുദായങ്ങൾക്കും ഇടയിലെ അകൽച്ച ഇപ്പോഴും അതേപടി തുടരുകയാണ്. ശ്രീലങ്ക, ഇൻഡോനേഷ്യ, പാകിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ക്രിസ്ത്യൻ പള്ളികളിൽ നടന്ന ഭീകരാക്രമണം മുതൽ തുർക്കിയിലെ ഹാഗിയ സോഫിയ പള്ളി തുറന്നു കൊടുത്തതടക്കം അന്താരാഷ്ട്ര വിഷയങ്ങൾ ഇതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ലവ് ജിഹാദ് , നാർക്കോട്ടിക് ജിഹാദ് പോലെയുള്ള ആരോപണങ്ങൾ ക്രിസ്ത്യൻ സഭകളിലെ ബിഷപ്പുമാർ പരസ്യമായി ഉന്നയിച്ചത് സാമുദായിക അകൽച്ചക്കു ആക്കം കൂട്ടി. ന്യൂനപക്ഷത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ മുഴുവനും മുസ്‌ലിം സമുദായം കയ്യടക്കുകയാണെന്ന ആരോപണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. യു ഡി എഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന ഇടതുപക്ഷ പ്രചാരണവും എം പി സ്ഥാനം രാജി വെച്ച് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കാൻ വന്നതുമെല്ലാം എൽ ഡി എഫ് വിജയത്തിന് വലിയ തോതിൽ സഹായകമാവുകയും ചെയ്‌തു .

ക്രിസ്ത്യൻ- മുസ്‌ലിം അകൽച്ച തുടരുന്നിടത്തോളം സംസ്ഥാന ഭരണത്തിൽ യു ഡി എഫിന്റെ തിരിച്ചു വരവ് സ്വപ്നമായി അവശേഷിക്കാനാണ് സാധ്യത. അത് പരിഹരിക്കാൻ സാദിഖലി ശിഹാബ് തങ്ങൾക്കു കഴിയുമോ എന്നതാണ് വിഷയം. ഹാഗിയ സോഫിയ വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച പരസ്യ നിലപാട് പരസ്പര ബന്ധത്തെ വലിയ തോതിൽ പ്രതികൂലമായി ബാധിച്ച ഘടകമാണ്. അതിനാൽ ബന്ധം പുനഃ സ്ഥാപിക്കുന്നതിൽ അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തമാണുള്ളത്. ലീഗ് അധ്യക്ഷനും യു ഡി എഫ് നേതാവും എന്ന നിലയിൽ സാദിഖലി തങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയുമാണത്

RECOMMENDED FOR YOU
Editors Choice