• 20 Sep 2021
  • 05: 22 PM
Latest News arrow

ഐവി ശശി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ സിനിമ ഒരുങ്ങുന്നു

ആറു വര്‍ഷത്തെ ഇടവേളയ്ക്ക്  ശേഷം  ഐവി ശശി വീണ്ടും സിനിമയൊരുക്കുന്നു. മോഹന്‍ലാലിനെ നായകനാക്കിയാണ് ഇത്തവണ സംവിധാനരംഗത്തേക്ക് മടങ്ങിയെത്തുന്നത്. നിലവില്‍ മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റ  ചിത്രീകരണം ആരംഭിക്കുകയെന്ന്് ഐവി ശശി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മോഹന്‍ലാല്‍ ഐവി ശശി കൂട്ടുകെട്ടില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ചിത്രമാണ് രഞ്ജിത്ത് തിരക്കഥയൊരുക്കി ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം. ഈ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം ശ്രദ്ധ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

അടിമകള്‍ ഉടമകള്‍,ആള്‍ക്കൂട്ടത്തില്‍ തനിയെ, അതിരാത്രം,അഭയംതേടി, രംഗം,  ലക്ഷ്മണരേഖ, വാര്‍ത്ത,നാണയം,വര്‍ണപ്പകിട്ട്, ഉയരങ്ങളില്‍,എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍ ഐവി ശശി കൂട്ടുകെട്ടില്‍ പിറന്നവയാണ്. കോഴിക്കോട് ഐവി ശശിയെ ചലച്ചിത്രലോകം ആദരിച്ച ചടങ്ങില്‍ വച്ച് മോഹന്‍ലാലും മമ്മൂട്ടിയും പുതിയ ചിത്രമൊരുക്കാന്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചതായും അദ്ദേഹം പറഞ്ഞു.

ഗോകുലം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതരായ പ്രശാന്തും അമ്പാടിയും ചേര്‍ന്ന് തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മറ്റ് താരനിര്‍ണയം നടന്നുവരികയാണ്. 150 ഓളം ചിത്രങ്ങള്‍ ഒരുക്കിയ ഐവി ശശിയുടെ ഭൂരിഭാഗം ചിത്രങ്ങളും വന്‍വിജയങ്ങളായിരുന്നു.    നിത്യ മേനോനെയും രജത് മേനോനെയും നായകരാക്കി ചെയ്ത വെള്ളത്തൂവലായിരുന്നു അവസാന ചിത്രം.