• 28 Sep 2023
  • 01: 20 PM
Latest News arrow

ജാഗരൂകത എപ്പോഴും നല്ലതാണ്

മാസികകളില്‍ തുടര്‍ച്ചയായി വരുന്ന നോവലുകള്‍ വായിക്കുക പല കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ പ്രയാസകരമാണ്. ചില ലക്കങ്ങളുടെ വായന എന്തെങ്കിലും കാരണങ്ങള്‍ മൂലം മുടങ്ങിയേക്കാം. പാതി വഴിക്ക് ഉപേക്ഷിക്കുകയല്ലാതെ പാതിവഴിക്ക് നോവലില്‍ പ്രവേശിക്കുക സാധ്യമല്ല. അതേസമയം ജനപ്രിയ മാസികകളില്‍  പരമ്പരയായി പ്രസിദ്ധീകരിക്കുന്ന ജനപ്രിയ നോവലുകളിലെ ഒരധ്യായം ഒരു ചെറുകഥ പോലെ വായിക്കുക രസകരമായ അനുഭവമായി ഈ ലേഖകന് അനുഭവപ്പെട്ടിട്ടുണ്ട്. പിന്നീടെപ്പോഴെങ്കിലും, ഒരു ഡന്റിസ്റ്റിന്റെ കാത്തിരിപ്പ് മുറിയിലോ ബാര്‍ബര്‍ഷാപ്പിലോ വെച്ച്, മറ്റൊരധ്യായം വീണ്ടും വായിച്ചു എന്നും വരാം. എന്നാലും കഥ മുറിഞ്ഞു പോയതായി അനുഭവപ്പെടില്ല. അതിന് കാരണമുണ്ട്.

ആ ലക്കത്തില്‍ വന്ന നോവലില്‍ വിവരിക്കുന്ന  സംഭവങ്ങളുടെ മുമ്പെന്തായിരുന്നു? പിന്നീട് ഈ കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കും? എന്നൊക്കെയുള്ള ആലോചനകളാണ് വായനക്ക് രുചി പകരുക. ഡോ രാഹുല്‍ നാളെ രശ്മിയുടെ ചോദ്യത്തിന് എന്ത് മറുപടിയാവും നല്‍കുക? സംഗീതയുടെ അച്ഛന്‍ ഡോ വിനോദ് തന്നെയാണോ? സംഗീതയുടെ അമ്മ ഗോപികയക്ക് ഡോ തോമസിനോടാണോ സ്‌നേഹം? തോമസിന്  തന്നെക്കുറിച്ചുള്ള പഴയ കാര്യങ്ങള്‍ ഓര്‍മവരുമോ? ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ വായനക്കാരിയെ/കാരനെ  ആലോചനകളുടെ ആഴത്തില്‍ കൊണ്ടെത്തിക്കും. ഈ കുറിപ്പുകാരനെ സംബന്ധിച്ചിടത്തോളം അത്രമതി. ആ ആലോചനയുടെ രസം മാത്രം മതി. തുടര്‍ന്ന് അവര്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ മറ്റു ലക്കങ്ങള്‍ വായിക്കാറില്ല. ഒന്നോ രണ്ടോ ലക്കങ്ങള്‍ ധാരാളം. അതുകൊണ്ട് ഇവ ചീത്തയാണെന്നൊന്നും പറയുക വയ്യ.

കുറ്റാന്വേഷണ കഥകളുടെ ജീവന്‍ ഇനിയെന്ത് സംഭവിക്കും എന്ന് അറിയാനുള്ള ആകാംക്ഷയാണ്. ആരായിരിക്കും ആ കൊലയാളി? തങ്ങളുടെ സംഘടനക്കുള്ളില്‍ ഒളിച്ചിരിക്കുന്ന, അങ്ങോട്ടുമിങ്ങോട്ടും വിവരം കൈമാറുന്ന ആ ഇരട്ട ഏജന്റ് ആരാവാം? സാമൂഹികവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന  ജനപ്രിയ നോവലുകളില്‍ കുറ്റാന്വേഷണ കഥയുടെ ടെക്‌നിക്ക് കൂടി ലയിപ്പിച്ച് ആകാംക്ഷയുടെ അംശം ചേര്‍ത്ത് എഴുത്തുകാര്‍ വായനക്കാരനെ പിടിച്ചിരുത്തുന്നു. ആ ആകാംക്ഷ ശമിക്കുന്നതോടെ തിരമാലകള്‍ വേലിയിറക്കത്തില്‍ പിന്‍വാങ്ങുന്നു. രാത്രി വളരെ വൈകി ആ രഹസ്യം വെളിപ്പെട്ട് പുസ്തകം അടച്ചു വെച്ച ശേഷം വായനക്കാരന്‍  ഗാഢമായ ഉറക്കത്തിലേക്ക് വീഴുന്നു.

കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവായിട്ടും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ കുറ്റാന്വേഷണ കഥകള്‍ക്ക് ലോകമെമ്പാടും പ്രചാരമുണ്ട്. സ്വീഡന്‍, നോര്‍വെ, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ക്രൈം എഴുത്തുകാര്‍ ലോകപ്രശസ്തരായിരിക്കുന്നു. അതേസമയം മലയാളത്തില്‍ എന്തുകൊണ്ട് നല്ല കുറ്റാന്വേഷണ കഥകള്‍ ഉണ്ടാകുന്നില്ല? (മലയാളത്തിലിറങ്ങുന്ന എല്ലാ കഥകളും വായിച്ചിട്ടല്ല ഇങ്ങനെയൊരു അനുമാനം) കുറ്റകൃത്യങ്ങള്‍ ഇവിടെ നടക്കാഞ്ഞിട്ടല്ലെന്ന് തീര്‍ച്ച. പോലീസ് നടപടികളെക്കുറിച്ചുള്ള ധാരണക്കുറവാകാം ഇതിന് ഒരു കാരണം. അവര്‍ ഗവേഷണത്തിന് സന്നദ്ധരല്ല എന്നതും കാരണമാകാം. ജെ എഫ് ആര്‍ കീറ്റിംഗ് എന്ന ഇംഗ്ലീഷുകാരന്‍ മുംബൈ നേരിട്ട് കാണുംമുമ്പാണ് ആ നഗരം പശ്ചാത്തലമാക്കി കുറ്റാന്വേഷണ കഥകള്‍ രചിച്ചത്. ഇന്‍സ്‌പെക്ടര്‍ ഘോട്ടെയാണ് അദ്ദേഹത്തിന്റെ കേന്ദ്രകഥാപാത്രം. ഇംഗ്ലീഷ് ഭാഷയിലെ അറിയപ്പെടുന്ന കുറ്റാന്വേഷണ കഥാരചയിതാക്കളില്‍ ചിലര്‍ സ്ത്രീകളാണ്. അഗതാ ക്രിസ്റ്റിയുടെ പിന്‍ഗാമിയായി വന്ന് കുറ്റകഥകളുടെ റാണി എന്ന പേര് സമ്പാദിച്ച പി ഡി ജെയിംസ് എന്ന ഫില്ലിസ് ജെയിംസ് അവരിലൊരാളായിരുന്നു. അവര്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ചു. പോലീസ് ഫോറന്‍സിക് വകുപ്പുമായി ബന്ധമുള്ളതായിരുന്നു അവരുടെ ജോലി. റൂത്ത് റെന്‍ഡലാണ് മറ്റൊരാള്‍.

ഈ ചുറ്റുപാട് മനസ്സില്‍ വെച്ചുകൊണ്ടാണ് കേരള പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയായ ആര്‍ ശ്രീലേഖയുടെ 'ജാഗരൂകന്‍' എന്ന കുറ്റാന്വേഷണ നോവല്‍ വായിക്കാനെടുത്തത്. 2008ല്‍ ഇറങ്ങിയ 'മരണദൂതന്‍' തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ് ഇറങ്ങിയ 'കുഴലൂത്തുകാരന്‍' എന്നീ നോവലുകള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അവരുടെ കൃതിയാണ് 'ജാഗരൂകന്‍'. വേദനാജനകമായ ബാല്യകാലാനുഭവമുള്ള റീത മേരി ഐപിഎസ് ആണ് ഈ നോവലിലെ പ്രധാന കഥാപാത്രം. കുറ്റാന്വേഷകരായ പല കഥാപാത്രങ്ങളുടെയും ഭൂതവും വര്‍ത്തമാനവും പ്രശ്‌നങ്ങള്‍ നിറഞ്ഞതായാണ് ചിത്രീകരിക്കപ്പെടാറ്. അവര്‍ അമാനുഷരല്ലെന്നും ജീവിത വൈഷമ്യങ്ങള്‍ കൊണ്ട് ക്ലേശമനുഭവിക്കുന്ന സാധാരണക്കാരാണെന്നും ചിത്രീകരിക്കുക വഴി  അവരുടെ മാനുഷിക വശങ്ങള്‍ക്ക് എഴുത്തുകാരന്‍ മുഴുപ്പേറ്റുന്നു. സാധാരണ ജീവിതത്തില്‍ ഒരാലംബം കൊതിക്കുന്ന സ്ത്രീയാണ് ക്രിമിനലുകളെ ഭയമില്ലാതെ വേട്ടയാടാന്‍ ഇറങ്ങിത്തിരിക്കുന്ന റീതയും.

നല്ല വേഗതയില്‍ ഉദ്വേഗം നിലനിര്‍ത്തിക്കൊണ്ട് നോവലിസ്റ്റ് കഥയെ മുന്നോട്ടുകൊണ്ടു പോകുന്നുണ്ടെങ്കിലും അന്തരീക്ഷത്തിന്റെ സൂചനകള്‍ക്കപ്പുറം പോകാത്തത് വായനക്കാരുടെ പ്രതീക്ഷകളെ കെടുത്തുന്നു. ദുഷ്ടതയുള്ള പോലീസുകാരെ അവര്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും ഒരു പോലീസ്  ഓഫീസിന്റെ ഉള്ളറകള്‍ അവര്‍ വരച്ചിടുന്നില്ല. ഉയര്‍ന്ന തലത്തിലുള്ള പോലീസ് ഇടപാടുകളെക്കുറിച്ച് അവര്‍ പറയുന്നുണ്ട്. താഴേക്കിടയിലുള്ള അന്വേഷകരുടെ രീതികളിലേക്ക് അവര്‍ കടക്കുന്നില്ല. ഒരുപക്ഷെ കഥയുടെ സന്ദര്‍ഭത്തിന് അത് ആവശ്യമില്ലാത്തതു കൊണ്ടാവാം. ഒരു ക്രിമിനല്‍ സംഘവും പോലീസും തമ്മിലാണ് ഇവിടെ മുഖാമുഖം നില്‍ക്കുന്നത് എന്നതിനാല്‍ കടുത്ത ചായക്കൂട്ടുകള്‍ രംഗ ചീത്രീകരണത്തിന് എഴുത്തുകാരിക്ക് ഉപയോഗിക്കേണ്ടി വന്നത് സ്വാഭാവികം. നമുക്ക് നിത്യപരിചിതരല്ല ഈ ക്രിമിനല്‍ സംഘം. അതിനാല്‍ സാധാരണ ജീവിതത്തില്‍ നിന്ന് അത്രകണ്ട് അത് വേറിട്ട് നില്ക്കുകയും ചെയ്യുന്നു. അതില്‍ കുഴപ്പമില്ല, പക്ഷെ വിശ്വസിപ്പിക്കലാണ് പ്രധാനം. തന്റെ മില്ലേനിയം ട്രിലജിയില്‍ സ്വീഡിഷ് എഴുത്തുകാരന്‍ സ്റ്റീഗ് ലാര്‍സന്‍ സൃഷ്ടിച്ച സ്വീഡനില്‍ നടക്കുന്ന കാര്യങ്ങള്‍ യഥാര്‍ഥ സ്വീഡനില്‍ അതേപടി നടക്കുന്നതല്ല.

ഒരു എഡിറ്ററുടെ കയ്യടയാളം നോവലില്‍ പതിഞ്ഞിട്ടില്ലെന്ന് വ്യക്തമാണ്. സാധാരണ പത്രഭാഷയില്‍ എഴുതിത്തെറ്റിച്ചതു പോലെ ആരോപിതര്‍ക്ക് രക്ഷ നല്‍കുന്ന, നിയമത്തിലെ സുപ്രധാനമായ ഒരു പഴുതിനെ കാണിക്കുന്ന പദത്തെ 'അലിബി' എന്നാണ് അധ്യാപികയായിരുന്ന എഴുത്തുകാരി  എഴുതുന്നത്. 'എലിബൈ' അല്ലെങ്കില്‍ 'അലിബൈ' എന്നല്ലേ ഇത് വേണ്ടത്? 'വിജിലാന്റെ'യില്‍നിന്ന് അവര്‍ നോവലിന്റെ ജാഗരൂകന്‍ എന്ന പേര് കണ്ടെത്തുന്നു.'വിജിലാന്റി' എന്നും ഇതിന്റെ ഉച്ചാരണം നിഘണ്ടുക്കളില്‍ കൊടുത്തുകാണുന്നു. ഒന്നുരണ്ടിടത്ത് ഇംഗ്ലീഷ് സംഭാഷണത്തിന്റെ മലയാള പരിഭാഷ വലയത്തിനുള്ളില്‍ കൊടുത്തിട്ടുണ്ട്. ഇത് ഇപ്പോള്‍ പതിവില്ലാത്തതാണ്. മലയാളികള്‍, വിശേഷിച്ചും ഉയര്‍ന്ന തട്ടില്‍ ജീവിക്കുന്നവരും പെരുമാറുന്നവരും ഇംഗ്ലീഷ് തങ്ങളുടെ സംഭാഷണത്തില്‍ ധാരാളമായി ഉപയോഗിക്കുന്ന സ്ഥിതിക്ക്. പരിഭാഷ ഉപയോഗിക്കണമെങ്കില്‍ അത് അടിക്കുറിപ്പായി കൊടുക്കുകയായിരിക്കും ഉചിതം. എന്നാല്‍ ഒന്നുരണ്ടിടത്ത് സംഭാഷണം പരിഭാഷപ്പെടുത്താതെ വിടുകയും ചെയ്തിട്ടുണ്ട്.

സംഭാഷണത്തിലെ അച്ചടിഭാഷ ഗൗരവം കുറച്ചു കളയകയാണ് ചെയ്യുക. 'സാകൂതം വീക്ഷിക്കാറുണ്ട്' എന്ന് ഏറ്റവും ബോറനായ മലയാളി പോലുംസംഭാഷണത്തില്‍ പ്രയോഗിക്കുമെന്ന് തോന്നുന്നില്ല. രണ്ടാമത് ഒരു വായനക്കാരന്റെ കണ്ണ്, ഒരു എഡിറ്ററുടേത് തന്നെ വേണമെന്നില്ല, ഇതില്‍ പതിഞ്ഞിരുന്നുവെങ്കില്‍ ഇതൊക്കെ എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ അന്വേഷിച്ച കേസുകളെക്കുറിച്ചുള്ള അനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്. പോലീസില്‍ ഉയര്‍ന്നപദവി വഹിക്കുന്ന ഒരാള്‍ കുറ്റാന്വേഷണ കഥകള്‍ രചിക്കുന്നത് ആദ്യമാണെന്ന് തോന്നുന്നു. ഇത്രയും കുറിച്ചത് മലയാളത്തില്‍ എഴുതിയ കുറ്റാന്വേഷണ കഥകള്‍ വായിക്കാന്‍ താല്പര്യമുള്ളതു കൊണ്ടാണ്. ഇനിയും കുറ്റാന്വേഷണ കഥകള്‍ രചിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നതു കൊണ്ടുകൂടിയാണ്.

ഏതായാലും രാത്രി വളരെ വൈകി കഥകളുടെ രഹസ്യങ്ങള്‍ ചുരുളഴിഞ്ഞതിനൊടുവില്‍ ഈ വായനക്കാരന്‍ രാവിലെ എഴുന്നേല്‍ക്കാന്‍ അലാറം വെച്ച് കിടക്കയിലേക്ക് വീണ്  ഗാഢമായി നിദ്രയെ പുണര്‍ന്നു.