• 07 Dec 2021
  • 01: 35 AM
Latest News arrow

മിലി ഒരു സോദ്ദേശ്യഗാഥ

'ജീവിതത്തില്‍ എങ്ങനെ വിജയം വരിക്കാം' എന്ന പുസ്തകം വായിക്കാത്തവര്‍ തീര്‍ച്ചയായും 'മിലി' കണ്ടിരിക്കണം.  പരാജയങ്ങളെ അതിജീവിച്ച് മിലി എന്ന പെണ്‍കുട്ടി എങ്ങനെ വിജയിച്ചു എന്ന് കാട്ടിത്തരുന്ന സോദ്ദേശ്യ സന്ദേശഗാഥയാണ് രാജേഷ് പിള്ളയുടെ മിലി. 'ട്രാഫിക്കി'നു ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുക്കിയ സിനിമ സ്ഥിരം കച്ചവട ഫോര്‍മുലകളെ നിരാകരിച്ച് പ്രേക്ഷകബുദ്ധിയെ മുഖവിലക്ക് എടുക്കുന്നുണ്ട്.

 രക്ഷിതാക്കളുടെ പ്രതീക്ഷാഭാരത്താല്‍ അന്തര്‍മുഖയായ പെണ്‍കുട്ടി ജീവിതത്തെ നേരിടാന്‍ പാകത്തിന് മുന്നേറാന്‍ പ്രാപ്തയാകുന്നുഇതാണ് സിനിമയുടെ ഒറ്റവരിപ്രമേയം.  പ്രേക്ഷകരില്‍ 90ശതമാനത്തിനും സ്വയം കണ്ടെത്താന്‍ കഴിയുന്ന കഥാപാത്രം. അമല പോളിന്റെ ഏറ്റവും മികച്ച പ്രകടനം. ലളിതമായും കൈയ്യൊതുക്കത്തോടെയുമുള്ള കഥപറച്ചില്‍ എല്ലാംകൊള്ളാം, പക്ഷെ ''ഇത്രയും മതിയോ'' എന്ന ഇച്ഛാഭംഗം തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ കൂടെപോരും. ദുര്‍ബലമായ ഒരു തലോടലിനപ്പുറം മിലി പ്രേക്ഷകഹൃദയത്തില്‍ പ്രഹരമേല്‍പ്പിക്കുന്നില്ല.

തോറ്റ മനുഷ്യരോട് രണ്ടാംവരവിന് സാധ്യതയുണ്ടെന്ന് പ്രതീക്ഷ തീര്‍ച്ചയായും മിലി കൈമാറുന്നു. ജീവിതവിജയത്തിന്റെ പേരില്‍ വിപണിയില്‍ കിട്ടുന്ന നൂറുകണക്കിന് പുസ്തകങ്ങള്‍ ഇത്തരം ആശയങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ മാറ്റത്തിനുള്ള ശക്തമായ ഉത്‌പ്രേരണ വരുത്താന്‍ അവ സഹായിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.

തിരുവനന്തപുരം നഗരത്തിലെ പ്ലേസ്‌കൂള്‍ അധ്യാപികയാണ് മിലി. അവളുടെ അച്ഛന്‍ റിട്ടേര്‍ഡ് പ്രൊഫസര്‍ ആണ്. മകള്‍ക്ക് ഒരു മാറ്റം ഉണ്ടാകാന്‍ വേണ്ടിയാണ്  അവളെ അച്ഛന്‍ നഗരത്തില്‍ വര്‍ക്കിങ് വിമന്‍സ്‌ ഹോസ്റ്റലില്‍ കൊണ്ടാക്കുന്നത്. നാന്‍സി (പ്രവീണ) എന്ന കണ്ണുഡോക്ടര്‍. അവരുടെ അനുജന്‍ നവീന്‍, ഐടി കമ്പനിയിലെ വ്യക്തിത്വവികസന പരിശീലകനാണ്. ജീവിതത്തെ എല്ലായ്‌പ്പോഴും പോസിറ്റീവായി കാണണം എന്നാഗ്രഹിക്കുന്ന നവീനും അതിന്റെ നേര്‍വിപരീതമായ മിലിയും തമ്മിലുള്ള അടുപ്പം അവരില്‍ വരുത്തുന്ന മാറ്റമാണ് സിനിമ. സ്വന്തം പരാധീനതകളെ അതിജീവിച്ച് പരാജയങ്ങളില്‍ അടിപതറാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട' വരുന്ന പെണ്ണിന്റെ കഥ നവീന്‍ വിവരിക്കുന്നിടത്ത് സിനിമ തീരുന്നു.

കഥാഖ്യാനത്തില്‍ തുടക്കത്തില്‍ പുലര്‍ത്തിയ കയ്യൊതുക്കവും മികവും ക്രമേണ നഷ്ടപ്പെടുന്നു. സ്വാഭാവികവും പ്രതീക്ഷിക്കുന്നതുമായ വഴികളിലൂടെ സിനിമ സഞ്ചരിക്കുന്നു. മിലി നേരിടുന്ന പ്രതിസന്ധിയുടെ ആഴമോ അതിജീവിക്കുന്ന വിജയത്തിന്റെ ഔന്നത്യമോ വേണ്ടവിധം ബോധ്യപ്പെടുത്താന്‍ കഴിയാതെ പോകുന്നതാണ് തിരക്കഥയുടെ ദൗര്‍ബല്യം. പാട്ടുകള്‍ ഇതിവൃത്തത്തോട് അടുത്ത് നില്‍ക്കുമ്പോള്‍ നാടകീയത സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള പശ്ചാത്തല സംഗീതവിനിയോഗം ചിലയിടങ്ങളില്‍ അരോചകമാകുന്നു. സിനിമയെ ആറ്റിക്കുറുക്കി അവതരിപ്പിക്കുന്ന സംവിധായകന്റെ ചങ്കൂറ്റം കൈയ്യടി അര്‍ഹിക്കുന്നു. ആദ്യാവസാനം അമലപോളിന്റെ സിനിമയാണ് മിലി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം. വികാരനിര്‍ഭരമായ രംഗങ്ങള്‍  അത്യന്തം സ്വാഭാവികമായി കൈകാര്യം ചെയ്യുന്ന സായ്കുമാറിന്റെ പ്രകടനത്തിന് മിലി അടിവരയിടുന്നു. നിവിന്‍ പോളി സിനിമയിലെ പക്വമായ സാന്നിധ്യമായി.

പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് അവയ്ക്കുള്ള പരിഹാരങ്ങള്‍ സരസമായി നിര്‍ദേശിച്ച് പ്രേക്ഷകനെ സന്തോഷത്തോടെ തിയേറ്റര്‍ വിടാന്‍ പ്രേരിപ്പിക്കുന്ന ''ഫീല്‍ഗുഡ്'' സിനിമകള്‍ മലയാളത്തില്‍ വേരുപിടിച്ചു തുടങ്ങിയിട്ട്' അധികകാലമായിട്ടില്ല. 1983, ബാംഗ്ലൂര്‍ഡെയ്‌സ്, ഹൗ ഓള്‍ഡ് ആര്‍ യു, ഓം ശാന്തി ഓശാന എന്നിങ്ങനെ 'സരസസിനിമകള്‍' പുതിയ സമീപനം കൊണ്ട് മലയാളി പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ട്. അവതരണം സരസമാക്കാന്‍ വേണ്ടി വിഷയത്തിന്റെ ഗൗരവത്തെ ചോര്‍ത്താന്‍ സംവിധായകന്‍ തയാറാകുന്നില്ല എന്നതാണ് ഇത്തരം ചിത്രങ്ങളില്‍ നിന്നും 'മിലി'ക്കുള്ള വ്യത്യാസം.