• 07 Dec 2021
  • 01: 57 AM
Latest News arrow

യുവതാരങ്ങള്‍ ബോക്‌സോഫീസില്‍ ഏറ്റുമുട്ടുന്നു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുവര്‍ഷ ചിത്രങ്ങളാണ്
രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി,മേജര്‍ രവിയുടെ പിക്കറ്റ് 43,ജെയിംസ് ആല്‍ബര്‍ട്ടിന്റെ മറിയം മുക്ക്, രാജീവ് നാഥിന്റെ രസം എന്നിവ. ഈ ചിത്രങ്ങള്‍ വെള്ളിയാഴ്ച്ച ഒരുമിച്ച് തീയേറ്ററിലെത്തും . പൃഥ്വിരാജ്,ഫഹദ് ഫാസില്‍,ഇന്ദ്രജിത്ത്,നിവിന്‍ പോളി ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ എത്തുന്നത് ഇത് ആദ്യമായാണ്.

 

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി ഏറെ പ്രതീക്ഷ ഉയര്‍ത്തുന്ന ചിത്രമാണ് ട്രാഫിക്കിന്റെ സംവിധായകനില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് മിലിയില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം . അമലാപോള്‍ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിലൂടെ നീങ്ങുന്ന മിലി അന്തര്‍മുഖയായ മിലിയുടെ ജീവിതത്തിലേക്കെത്തുന്ന കഥാപാത്രമാണ് നിവിന്‍ പോളിയുടേത്. എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്  ഷാന്‍ റഹ്മാനും ഗോപീസുന്ദറുമാണ് . ഷാന്‍ ഈണമിട്ട മണ്‍പാതയില്‍ എന്ന ഗാനം പുതുവര്‍ഷത്തിലെ ആദ്യഹിറ്റ് ഗാനമായിരുന്നു.   ഓര്‍ഡിനറി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സനുഷ,ഷംനാ കാസിം,പ്രവീണ,സായ്കുമാര്‍ തുടങ്ങിയവരുമുണ്ട്.

തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്ത  മറിയംമുക്ക് മുഴുനീള എന്റര്‍ടെയിനര്‍ സ്വഭാവത്തിലുള്ള സിനിമയാണ് ഫഹദ് ഫാസില്‍ ആദ്യമായി മുക്കുവന്റെ റോളിലെത്തുന്ന ചിത്രത്തില്‍  സനാ  അല്‍ത്താഫാണ് നായിക. ജോയ് മാത്യു, ഇര്‍ഷാദ്,അജു വര്‍ഗ്ഗീസ്,സുബീഷ് സുധി എന്നിവരാണ്  മറ്റു താരങ്ങള്‍. എ കെ സബീര്‍ നിര്‍മ്മിക്കുന്ന ചിത്രം ലാല്‍ ജോസിന്റെ എല്‍ ജെ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്

 


മോഹന്‍ലാല്‍ അതിഥിതാരമായെത്തുന്ന രസം രാജീവ് നാഥാണ് സംവിധാനം ചെയ്യുന്നത്.ഗള്‍ഫിലെ കാറ്ററിംഗ് സര്‍വ്വീസും രുചികളും പ്രമേയമാകുന്ന സിനിമയില്‍
 ഇന്ദ്രജിത്താണ് നായകന്‍.പാചകകലയില്‍ അഗ്രഗണ്യനായ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ ബാലുവിന് പക്ഷേ അച്ഛന്റെ കുലത്തൊഴിലിനോട് തീരെ മതിപ്പില്ലായിരുന്നു. സുഹൃത്തായ ശേഖരമേനോന്റെ മകള്‍ ജാനകിയുടെ വിവാഹത്തിന് സദ്യയൊരുക്കാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ക്ഷണപ്രകാരം നമ്പൂതിരിപ്പാട് ഗള്‍ഫിലെത്തുന്നു. എന്നാല്‍ പിന്നീട് ഈ വിരുന്നിന്റെ നേതൃത്വം മകന്‍ ബാലുവിന് ഏറ്റെടുക്കേണ്ടിവരുന്നു.വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ റോള്‍ നെടുമുടി വേണുവും ബാലുവായി ഇന്ദ്രജിത്തും അഭിനയിക്കുന്നു.
വരുണാ ഷെട്ടിയാണ് നായിക.

കാശ്മീരിന്റെ പശ്ചാത്തലത്തില്‍ മേജര്‍ രവി രചനയും സംവിധാനവും നിര്‍വ്വഹിച്ച പിക്കറ്റ് 43 അതിര്‍ത്തികടന്ന സൗഹൃദകഥയാണ്. ബോര്‍ഡറിലെ ഇന്ത്യാപാക് സൈനികരുടെ സൗഹൃദമാണ് പ്രമേയം. പൃഥ്വിരാജാണ് നായകന്‍. ജോമോന്‍ ടി ജോണാണ് ഛായാഗ്രാഹകന്‍. പിക്കറ്റ് 43യുടെ ട്രെയിലര്‍ ഉയര്‍ത്തിയ പ്രതീക്ഷ സിനിമ തെറ്റിക്കില്ലെന്ന് പ്രതീക്ഷിക്കാം . ഫിലിംബ്രവറിയുടെ ബാനറില്‍ ഓജി സുനില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാവേദ് ജഫ്രിയും ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.