• 28 Sep 2023
  • 12: 32 PM
Latest News arrow

സൗദിക്ക് നഷ്ടമായത് പരിഷ്‌കരണ പാതയൊരുക്കിയ തേരാളിയെ

മനാമ: 'സൗദി സമൂഹത്തില്‍ സ്ത്രീകളെ പ്രാന്തവത്ക്കരിക്കാന്‍ അനുവദിക്കില്ല'- 2011 ല്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് നടത്തിയ ഈ പ്രഖ്യാപനം ലോകത്തെ വിസ്മയിപ്പിച്ചു. സ്ത്രീകള്‍ക്ക് വോട്ടവകാശവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും അനുവദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത യാഥാസ്ഥിതിക നിലപാടുകളുമായി മുന്നോട്ടു പോയിരുന്ന ഒരു രാജ്യത്തുനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രഖ്യാപനമായിരുന്നു അത്.
വെള്ളിയാഴ്ച വിട പറഞ്ഞ സൗദി രാജാവ് അബ്ദുള്ളയെ ലോകം ഏറ്റവും കൂടുതല്‍ ഓര്‍ക്കുക സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ ഭരണ പരിഷ്‌കാരങ്ങളുടെ പേരിലായിരിക്കും. ഇതില്‍ ഏറ്റവും വിപ്ലവകരമായ തീരുമാനങ്ങളായിരുന്നു ശൂറാ കൗണ്‍സിലിലെ വനിതാ നിയമനവും വോട്ടവകാശവും.

    ഒരു മതബന്ധിതമായ ആന്തരിക ഘടനയുള്ള സൗദിയില്‍ മാറ്റങ്ങള്‍ വളരെ പതുക്കെയായിരുന്നു. വിവിധ പ്രവിശ്യകളിലെ വിത്യസ്ത അറബ് വംശങ്ങള്‍, ദേശാന്തരഗമനം ചെയ്യുന്ന ജീവിത ശൈലികള്‍, മതയാഥാസ്ഥിക നിലപാടുകള്‍, ആഴത്തില്‍ വേരൂന്നിയ ഇസ്ലാമിക് ശരീഅ നിയമങ്ങള്‍, പ്രവിശ്യകളുടെ താല്‍പ്പര്യങ്ങള്‍ തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ കെട്ടുപിണഞ്ഞതായിരുന്നു സൗദിയുടെ ആന്തരിക ഘടന. അതുകൊണ്ടുതന്നെ മാറ്റങ്ങള്‍ക്കു വേഗം കുറഞ്ഞു. സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി. സ്ത്രീകള്‍ വാഹനമോടിക്കാനോ, പിതാവിന്റെയോ ഭര്‍ത്താവിന്റെയോ അനുമതിയില്ലാതെ പുറത്തുപോകാനോ പാടില്ലെന്ന അലിഖിത നിയമമുള്ള സമൂഹത്തിലാണ് സ്ത്രീകളുടെ ഉന്നമനത്തിനായി ഒട്ടേറെ വിപ്ലവകരമായ നയങ്ങള്‍ അബ്ദുള്ള രാജാവ് കൊണ്ടുവന്നതെന്നത് ശ്രദ്ധേയമാണ്.
2013 ജനുവരി 11 നാണ് സൗദിയുടെ ചരിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവായി ശൂറാ കൗണ്‍സിലിലേക്ക് വനിതകളെ നിയമിച്ചത്. ഉന്നത വിദ്യാസമ്പന്നര്‍, ആരോഗ്യ വിദഗ്ധര്‍, തുടങ്ങിയ വിവിധ മേഖലകളില്‍നിന്നുള്ള 30 വനിതകളെയാണ് 150 അംഗ ശൂറാ കൗണ്‍സിലിലേക്ക്  അബ്ദുള്ള രാജാവ് നാമ നിര്‍ദേശം ചെയ്തത്.
2005 ല്‍ രാജ്യത്ത് ആദ്യമായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടത്തിയ അബ്ദുള്ള രാജാവ് 2011 ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതിയും നല്‍കി. 2015 ലെ മുനിസിപ്പില്‍ തെരഞ്ഞെടുപ്പ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അബ്ദുള്ള രാജാവിന്റെ ഭരണം സുവര്‍ണ കാലമാണെന്ന് സൗദി ഗസറ്റ് പത്രത്തിന്റെ മുന്‍ ജിദ്ദ ബ്യൂറോ ചീഫും പ്രമുഖ കോളമിസ്റ്റുമായ സബ്‌റിയ ജൗഹര്‍ പറഞ്ഞു. 2005 ല്‍ ഭരണമേറ്റെടുത്തപ്പോള്‍ തന്നെ സൗദി വനിതകളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്നത് തന്റെ പ്രഥമ പരിഗണനയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനുമായി നിരവധി പദ്ധതികളാണ് അദ്ദേഹം നടപ്പാക്കിയത്. സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി നോറ അല്‍ ഫൈസ് എന്ന വനിതയെ ഡെപ്യൂട്ടി മന്ത്രി പദവിയില്‍ അവരോധിച്ച അദ്ദേഹം സ്ത്രീകളുടെ വിദ്യഭ്യാസ വകുപ്പിന്റെ ചുമതല അവര്‍ക്ക് നല്‍കി. 12.5 ബില്ല്യണ്‍ റിയാല്‍ ചെലവിട്ട് നിര്‍മ്മിച്ച കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം ലാക്കാക്കി ആരംഭിച്ചതാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചിരുന്ന് പഠനം നടത്താന്‍ കഴിയുന്ന സൗദിയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണിത്.
സ്ത്രീകളെ തൊഴില്‍ മേഖലയിലേക്ക് കൊണ്ടുവരുന്നതിനും അദ്ദേഹം വിവിധ പദ്ധതികള്‍ നടപ്പാക്കി. നിതാഖാത്ത് വഴി ആദ്യ ഘട്ടത്തില്‍ തന്നെ 71,000 വനിതകള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കാനായതായി അദ്ദേഹം 2012 ജൂണ്‍ മൂന്നിന് ക്യാബിനറ്റ് യോഗത്തില്‍ വെളിപ്പെടുത്തി. സ്ത്രീകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന വ്യവസ്ഥയും നടപ്പാക്കി. ഈ വര്‍ഷം ഫെബ്രുവരി 20 ന് ഇതു പ്രാബല്യത്തില്‍ വരും.
2005 ല്‍ അദ്ദേഹം തുടക്കമിട്ട സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം വഴി ആവര്‍ഷം മാത്രം 75,000 സൗദി യുവതീയുവാക്കള്‍ക്ക് അമേരിക്ക, ബ്രിട്ടന്‍ അടക്കമുള്ള 24 വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസം നേടാനായി. ബജറ്റില്‍ 25 ശതമാനം അദ്ദേഹം വിദ്യാഭ്യാസത്തിനാണ് നീക്കി വെച്ചത്. വിദ്യഭ്യാസത്തിലൂടെ ഭാവിയിലെ സമ്പത്ത് കണ്ടെത്താമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

   ഭീകരതക്കും തീവ്രവാദത്തിനുമെതിരെ എന്നും സന്ധിയില്ലാത്ത നിലപാടായിരുന്നു അബ്ദുള്ള രാജാവിന്. അല്‍ഖ്വായ്ദ ഉയര്‍ത്തിയ ഭീകരവാദ ഭീഷണി നേരിടാന്‍ ഇരു തല മൂര്‍ച്ചയുള്ള പദ്ധതിയായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചത്. ഭീകരതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കള്‍ വഴുതിപ്പോകാതിരിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. യുവാക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കിയും നിയമ സംവിധാനം പരിഷ്‌കരിച്ചും അതോടൊപ്പം യാഥാസ്ഥിതികമായ മത ചട്ടക്കൂടിനുള്ളിലെ പിന്തിരിപ്പന്‍ ഘടകങ്ങളെ ക്ഷയിപ്പിക്കുന്നതുമായിരുന്നു ഈ പദ്ധതി. ഇതില്‍ രാജ്യത്തിന് വന്‍ വിജയം നേടാനുമായി. ഇതോടൊപ്പം സാമ്പത്തിക വെല്ലുവിളികളും അബ്ദുള്ള രാജാവ് അഭിസംബോധന ചെയ്തു.
ഭീകര വിരുദ്ധ പോരാട്ട ത്തില്‍ ആഗോള സമൂഹം ഉത്തരവാദിത്വം നിര്‍വഹിക്കാത്ത പക്ഷം ഭീകരര്‍ ലോക സമാധാനത്തിന് കടുത്ത ഭീഷണിയാകുമെന്ന് അദ്ദേഹം 2006 ല്‍ ശൂറ കൗണ്‍സില്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാന്‍ ഭീകരരെ അനുവദിക്കരുതെന്നും ഭീകരത ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രഖ്യാപിത നിലപാടില്‍നിന്നും ഒരിക്കലും അദ്ദേഹം പിറകോട്ട് പോയില്ല. ഐസ് ഭീകരര്‍ക്കെതിരെ സൈനിക നടപടി ആദ്യം ആവശ്യപ്പെട്ടതും അബ്ദുള്ള രാജാവായിരുന്നു.

   വിവിധ മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിനായി സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ 2008 ജൂലായില്‍ അദ്ദേഹം വിളിച്ചുചേര്‍ത്ത ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സവിശേഷ ശ്രദ്ധനേടി. സുന്നി- ഷിയ ഭിന്നത പരിഹരിക്കാന്‍ ദേശീയ സംവാദത്തിന് അദ്ദേഹം തുടക്കമിട്ടു. ഏറെ വിമര്‍ശനം നേരിട്ട മത കാര്യ പൊലിസ് മേധാവികള്‍ ഫത്‌വ ഇറക്കുന്നത് നിയന്ത്രിച്ചു നിയമം കൊണ്ടുവന്നു. 2007 ല്‍ രാജ്യത്തെ ജുഡീഷ്യറിയെ അടിമുടി പുന:സംഘടിപ്പിച്ചു. 2012 ല്‍ മതകാര്യ പൊലീസ് തലവനെ നീക്കി. ഇസ്‌ലാമിലെ വിവിധ മത്അബുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ റിയാദില്‍ പ്രത്യേക കേന്ദ്രത്തിനും അദ്ദേഹം തുടക്കമിട്ടു.
 ഭാവിയില്‍ രാജാവിനെയും കിരീടവകാശിയെയും തെരഞ്ഞെടുക്കാനായി ഹയ്ത്ത് അല്‍ ബയ്ത്ത്(രാജാവിനോട് കൂറ് പ്രഖ്യാപിക്കുന്ന കൗണ്‍സില്‍) സ്ഥാപിച്ചത് അബ്ദുള്ള രാജാവാണ്. ആദ്യത്തെ രാജാവിന്റെ മക്കളും പേരമക്കളും അടങ്ങിയ ഈ കൗണ്‍സിലില്‍ രഹസ്യമായി ബാലറ്റ് സംവിധാനമുണ്ട്.
അറബ് വസന്തം സമീപ രാജ്യങ്ങളെ വരെ ആടിയുലച്ചപ്പോള്‍ അതു സൗദിയെ ബാധിക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ നടപടികള്‍ക്ക് കഴിഞ്ഞു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലും ജീവിത, ക്ഷേമ സൗകര്യങ്ങളും നല്‍കിയായിരുന്നു ഇത്. ജനക്ഷേമ താല്‍പ്പര്യം മുന്‍ നിര്‍ത്തി ഭരിക്കാനായിരുന്നു അദ്ദേഹം ജിസിസി ഭരണകര്‍ത്താക്കളോടും ആഹ്വാനം ചെയ്തത്. 2008ലെ ലോക സാമ്പത്തിക മാന്ദ്യം ബാധിക്കാതെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാനും അദ്ദേഹത്തിനായി. തൊഴില്‍ മേഖലയില്‍ സ്വദേശിവത്ക്കരണത്തിനായി നിതാഖാത്ത് പദ്ധതി നടപ്പാക്കിയപ്പോഴും അത് വിദേശ തൊഴിലാളികളെ ദ്രോഹിക്കുന്നതാകരുതെന്ന് അദ്ദേഹം ഉറപ്പുവരുത്തി. അറബ് പൊതു മാര്‍ക്കറ്റ്, ജിസിസി കസ്റ്റംസ് യൂണിയന്‍ തുടങ്ങിയ നിര്‍ദേശങ്ങളും അബ്ദുള്ള രാജാവ് മുന്നോട്ടുവെച്ചു.
അറബ് രാഷ്ട്ര നേതാക്കളില്‍ സൗഹൃദത്തിനും സഹവര്‍ത്തിത്വത്തിനും ഏറ്റവും പ്രധാന്യം നല്‍കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. 2001 ല്‍ ഇസ്രയേലിനു നല്‍കുന്ന അമേരിക്കയുടെ പിന്‍തുണയില്‍ പ്രതിഷേധിച്ച് അമേരിക്ക സന്ദര്‍ശിക്കാനുള്ള അന്നത്തെ പ്രസിഡന്റ് ബുഷിന്റെ ക്ഷണം അബ്ദുള്ള രാജാവ് നിരാകരിച്ചു. ജിസിസിസി രാജ്യങ്ങളുടെ ഐക്യത്തിനായി എന്നും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. യൂറോപ്യന്‍ യൂണിയന്‍ മാതൃകയില്‍ ഗള്‍ഫ് യൂണിയന്‍ എന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടു വെച്ചു. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുമായി മികച്ച ബന്ധം ഉണ്ടായിരുന്ന അബ്ദുള്ള രാജാവ് എന്നും ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു.