സൗദി രാജാവ് അബ്ദുള്ള അന്തരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് അടിത്തറയിട്ട രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. 90 വയസ്സായിരുന്നു. പ്രദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അന്ത്യം. രാജ്യത്തെ ഔദ്യോഗിക ടെലിവിഷനാണ് മരണവാര്‍ത്ത പുറത്തു വിട്ടത്. കിരീടവകാശി സല്മാന് ബിന്‍ അബ്ദുല്‍ അസീസാ(79)ണ് സൗദിയുടെ പുതിയ ഭരണാധികാരി.
അബ്ദുള്ള രാജാവിന്റെ മരണത്തോടെ സല്മാന് രാജാവ് രാജ കുടുംബത്തിന്റെ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തു. തന്റെ അനന്തരാവകാശിയും കിരീടാവകാശിയുമായ മുഖ്റിന്‍ രാജകുമാരനോടുള്ള കൂറ് പ്രഖ്യാപിക്കാനായാണിത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡിസംബര്‍ 31 മുതല്‍ റിയാദിലെ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നമസ്ക്കാരശേഷം റിയാദിലെ ഇമാം തുര്‍ക്കി പള്ളിയില്‍ കബറക്കം നടക്കും.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ രാജ്യത്തെ പൊതുപരിപാടികളില്‍ നിന്നും രാജാവ് നേരത്തേ തന്നെ വിട്ട് നിന്നിരുന്നു. സല്മാന് ബിന്‍ അബ്ദുള്‍ അസീസായിരുന്നു അദ്ദേഹത്തിന് പകരം പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നത്.
ഫഹദ് ബിന്‍ അബ്ദുള്‍ അസീസിന്റെ നിര്യാണത്തെ തുടര്‍ന്ന് 2005 ആഗസ്റ്റ് 1 നാണ് അബ്ദുള്ള രാജാവ് സ്ഥാനമേറ്റത്. ഫഹദ് രാജാവിന് പക്ഷാഘാതം വന്നതിനാല്‍ അതിനുമുന്‍പുതന്നെ അദ്ദേഹം അനൗപചാരികമായി ഭരണമേറ്റിരുന്നു.
സൗദി രാജ പദവിയിലെ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയായിരുന്നു അബ്ദുല്ല രാജാവ്. സൗദിക്ക് വികസനത്തിന്റെയും പരിഷ്കരണത്തിന്റെയും സുവര്‍ണകാലമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടെയിലും വികസനവുമായി സൗദിക്കു മുന്നോട്ടു പോകാനായതും അദ്ദേഹത്തിന്റെ ഭരണമികവായിരുന്നു. അറബ് വസന്തം സമീപ രാജ്യങ്ങളെ വരെ ആടിയുലച്ചപ്പോള്‍ അത് സൗദിയെ ബാധിക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ നടപടികള്‍ക്ക് കഴിഞ്ഞു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലും ജീവിത, ക്ഷേമ സൗകര്യങ്ങളും നല്‍കിയായിരുന്നു ഇത്. 2010, 2011 ലെ ജിസിസി ഉച്ചകോടിയില്‍ ജനക്ഷേമ താല്‍പ്പര്യം മുന്‍ നിര്‍ത്തി ഭരിക്കാനായിരുന്നു അദ്ദേഹം മറ്റു രാജാക്കാന്മാരോട് ആഹ്വാനം ചെയ്തത്.
സൗദിയുടെ സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളില്‍ അദ്ദേഹത്തിന്റെ പരിഷ്കാരങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സ്ത്രീകള്‍ക്ക് ശൂറാ കൗണ്‍സിലില്‍ പ്രവേശനം നല്‍കിയത് ഇത്തരമൊരു പരിഷ്കാരമായിരുന്നു. വിവിധ മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിനായി സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ 2008 ജൂലൈയില്‍ അദ്ദേഹം വിളിച്ചുചേര്‍ത്ത ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സവിശേഷ ശ്രദ്ധനേടിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടി ലോകത്തോട് ആവശ്യപ്പെട്ട അബ്ദുള്ള രാജാവ് ഭീകരതക്കെതിരെ എന്നും മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു. അല്‍ ഖായ്ദ, ഹൗതി തീവ്രാവാദികള്‍ രാജ്യത്ത് നുഴഞ്ഞുകയറാതിരിക്കാന്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് ശക്തമായ നടപടികളുണ്ടായി.
അറബ് രാഷ്ട്ര നേതാക്കളില്‍ സൗഹൃദത്തിനും സഹവര്‍ത്തിത്വത്തിനും ഏറ്റവും പ്രധാന്യം നല്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നല്ല സുഹൃത്തായിരുന്നു. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുമായി മികച്ച ബന്ധം ഉണ്ടായിരുന്നു അദ്ദേഹത്തിന്.
2012 ജൂണില്‍ നായിഫ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്റെ മരണത്തെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രിയായിരുന്ന സല്‍മാനെ അടുത്ത കീരിടാവകാശിയായി പ്രഖ്യാപിച്ചത്. 50 വര്‍ഷത്തോളം റിയാദ് പ്രവിശ്യയുടെ ഗവര്‍ണറുമായിരുന്നു. 2014 മാര്‍ച്ചില്‍ മുഖ്റിനെയും കിരീടാവകാശിയായി പ്രഖ്യാപിച്ചു.
മസ്ജിദുല്‍ ഹറം, മസ്ജിദുല്‍ നബി എന്നീ വിശുദ്ധ പള്ളികളുടെ പരിപാലകന് എന്ന നിലക്ക് തിരുഗേഹങ്ങളുടെ സേവകന് എന്ന വിശേഷണവും സൗദി രാജാവിനുണ്ട്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ