• 30 Mar 2023
  • 07: 29 AM
Latest News arrow

'ഞാന്‍ എന്തിനാണ് ഈ പോസ്റ്റ് കാണുന്നത്'- പുതിയ ടൂള്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്കായി പുതിയ ടൂള്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്. 'ഞാന്‍ എന്തിനാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നത്' എന്ന ടൂളാണ് അവതരിപ്പിച്ചത്. ന്യൂസ് ഫീഡുകള്‍ക്കൊപ്പമാണ് ഇത് അവതരിപ്പിക്കുക.  പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ' ഞാന്‍ എന്തിനാണ് ഈ പരസ്യം കാണുന്നത്' എന്ന ടൂളിന് സമാനമാണ് പുതിയ സംവിധാനം. 2014-ലാണ് ഫേസ്ബുക്ക് ഈ ഓപ്ഷന്‍ നല്‍കാന്‍ തുടങ്ങിയത്.

ന്യൂസിലാന്റില്‍ പള്ളിയില്‍ നടന്ന കൂട്ടക്കുരുതിയുടെ ദൃശ്യങ്ങള്‍ ലൈവായി ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നത് വിവാദമായിരുന്നു. ഇതിനെതിരെ അമേരിക്കയിലെ ഭവന നിര്‍മ്മാണ, നഗര വികസന വകുപ്പ് ഫേസ്ബുക്കിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ മറികടക്കാനാണ് ഈ ഓപ്ഷന്‍.

പേജുകളുടെയും ഗ്രൂപ്പുകളുടെയും ന്യൂസ് ഫീഡ് പോസ്റ്റുകളുടെ വലതു കോര്‍ണറില്‍ കാണുന്ന ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് ഈ ടൂള്‍ ലഭ്യമാകും. എങ്ങനെയാണ് ഒരു പോസ്റ്റിന് മറ്റു പോസ്റ്റുകളില്‍ നിന്ന് മുന്‍ തൂക്കം ലഭിക്കുന്നതെന്നും പോസ്റ്റുകളുടെ റാങ്കിംഗ് എങ്ങനെയാണ് തീരുമാനിക്കുന്നതെന്നും, ഫേസ്ബുക്ക് ഉപഭോക്താവിനോട് വെളിപ്പെടുത്തും. ഇതേ മെനുവില്‍ പേഴ്‌സണലൈസേഷന്‍ ഓപ്ഷനുകളും ഉണ്ടാകും. 'സീ ഫസ്റ്റ്, അണ്‍ഫോളോ, പ്രൈവസി ഒപ്ഷനുകള്‍' എന്നിവ ഇവയില്‍ അടങ്ങിയിരിക്കും.