• 20 Sep 2021
  • 04: 08 PM
Latest News arrow

'കോസ്മിക് സെക്‌സ്' ഓണ്‍ലൈനില്‍ റിലീസായി

ലൈംഗികതയുടെ തുറന്നുകാട്ടല്‍ കൊണ്ട് വിവാദമായ ബംഗാളിചിതം 'കോസ്മിക് സെക്‌സ്' സെന്‍സര്‍ബോര്‍ഡുമായുള്ള തര്‍ക്കത്തിനൊടുവില്‍ ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്തു. ദേശീയപുരസ്‌കാര ജേതാവായ അമിതാഭ് ചക്രബര്‍ത്തി സംവിധാനം ചെയ്ത സിനിമ ഇന്റര്‍നെറ്റ്‌വഴി ഡൗണ്‍ലോഡ് ചെയ്ത്കാണാന്‍ അവസരമൊരുങ്ങി. ലൈംഗികതയും ഇന്ത്യന്‍ ആത്മീയതയും  തമ്മിലുള്ള ബന്ധം അന്വേഷിക്കുന്ന സിനിമയുടെ പ്രമേയം തന്നെ ബംഗാളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബംഗാളി നടി റീ സെന്‍ പൂര്‍ണ നഗ്നയായി അഭിനയിച്ചതും വിവാദത്തിന് തിരികൊളുത്തി. ഓസിയാന്‍ ചലച്ചിത്രമേളയില്‍ ഇവര്‍ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു.
ലൈംഗികതയിലൂടെയും ദൈവപദപ്രാപ്തിയിലേക്ക് വഴിയുണ്ടെന്ന സിനിമയുടെ വിവാദപ്രമേയം ഇന്ത്യന്‍ ആത്മീയതയിലേക്കുള്ള ബദല്‍പാതയിലേക്ക് വിരല്‍ചൂണ്ടുകയാണ്. രതിയും മോക്ഷപ്രാപ്തിയിലേക്കുള്ള പാതയായി കോസ്മിക് സെക്‌സ് വിവരിക്കുന്നു. രതിക്ക് വേണ്ടി അലയുന്ന കൃപ എന്ന യുവാവും കൊല്‍ക്കൊത്തയില്‍ അയാള്‍ കണ്ടുമുട്ടുന്ന യുവതിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ പ്രമേയം. അവന് അഭയം കൊടുക്കുന്ന സ്ത്രി ലൈംഗികത വെറും കാമപൂരണം മാത്രമല്ല ആത്മീയയാത്രകൂടിയാണെന്ന് അവനെ ബോധ്യപ്പെടുത്തുന്നു. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.

ലൈംഗികതയെ കുറിച്ച് പ്രകോപനമരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ലാര്‍സ് വോന്‍ ട്രെയറുടെ നിംഫോമാനിയാക്, കിം കി ഡുക്കിന്റെ മോബിയസ് തുടങ്ങിയ സിനിമകള്‍ക്കുള്ള ഇന്ത്യന്‍ മറുപടിയെന്ന മട്ടില്‍ നിരൂപകര്‍ കോസ്മിക് സെക്‌സിനെ വിലയിരുത്തിയിട്ടുണ്ട്. 2012 ല്‍ പൂര്‍ത്തിയായ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ ഇതിലെ ലൈംഗിക ദൃശ്യങ്ങള്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ബോര്‍ഡ് ആവശപ്പെട്ടിരുന്നു. അതിനു വഴങ്ങാത്ത സംവിധായകന്‍ ലോകചലച്ചിത്രമേളകളില്‍ സിനിമ എത്തിച്ച ശേഷം ഓണ്‍ലൈനായി റിലീസ് ചെയ്യുകയായിരുന്നു.