• 25 Jan 2021
  • 10: 41 PM
Latest News arrow

ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സുവർണ്ണജൂബിലി എഡിഷന് ബുധനാഴ്ച ഗോവയിൽ തുടക്കം; 'ഡെസ്പയ്റ്റ് ദ ഫോഗ്' ഉദ്‌ഘാടനചിത്രം

'മാർഗെ ആൻഡ് ഹെർ മദർ' സമാപനച്ചിത്രം

പനാജി (ഗോവ): ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിലെ പഞ്ചിമിൽ ബുധനാഴ്ച തുടക്കം. 28 വരെ നീണ്ടു നിൽക്കും. ചലച്ചിത്രമേളയുടെ സുവർണ്ണജൂബിലി എഡിഷനാണ് ഈ വർഷത്തെ ചലച്ചിത്രോത്സവം.

പഞ്ചിം ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അൻപതാം എഡിഷന്റെ വർണ്ണാഭമായ ഉദ്‌ഘാടനം അമിതാഭ് ബച്ചന്‍ നിർവ്വഹിക്കും. ചടങ്ങിൽ നടന്‍ രജനീകാന്തിന് 'ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി' പുരസ്‌കാരം നല്‍കും. ഫ്രഞ്ച് നടി ഇസബെല്ല ഹുപെര്‍ട്ടിനെ സമഗ്രസംഭാവനകള്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ സന്നിഹിതരാവും.

ഗൊരാൻ പാസ്‌കലേവിക് സംവിധാനം ചെയ്ത ഇറ്റാലിയൻ ചലച്ചിത്രം 'ഡെസ്പയ്റ്റ് ദ ഫോഗ്' (Despite the Fog) ആണ്  ഉദ്‌ഘാടനചിത്രം. റോമിലെ ഒരു ചെറുനഗരത്തിലെ റെസ്റ്റോറന്റ് മാനേജരായ പാവ്‌ലോ ജോലി കഴിഞ്ഞു മടങ്ങും വഴി എട്ടുവയസ്സുള്ള ഒരു ബാലൻ ബസ്‌സ്റ്റോപ്പിൽ തണുത്ത് വിറച്ചിരിക്കുന്നത് കാണുന്നു. കാര്യങ്ങൾ തിരക്കിയപ്പോൾ മുഹമ്മദ് എന്നാണ് പേരെന്നും ഇറ്റലിയിലേക്ക് ബോട്ടിൽ അനധികൃതകുടിയേറ്റം നടത്തുന്നതിനിടെ മാതാപിതാക്കളെ നഷ്ടമായെന്നും അഭയാർത്ഥിയാണെന്നും കുട്ടി പറയുന്നു. അലിവ് തോന്നിയ പാവ്‌ലോ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പാവ്‌ലോയുടെ ഭാര്യ വലേറിയ തുടക്കത്തിൽ ബഹളമുണ്ടാക്കുന്നുവെങ്കിലും ഒരു രാത്രി വീട്ടിൽ കഴിഞ്ഞുകൊള്ളാൻ അനുമതി നൽകുന്നു. എന്നാൽ പിന്നീട് മനസ്സുമാറി മുഹമ്മദിനെ വീട്ടിൽത്തന്നെ വളർത്താൻ തീരുമാനിക്കുന്നതും സമൂഹം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതുമാണ് 91 മിനിട്ടുള്ള ഈ ചലച്ചിത്രത്തിന്റെ കഥാതന്തു.

ഇറാനിയൻ മാസ്റ്റർ ഡയറക്‌ടർ മൊഹ്‌സിൻ മക്മൽബഫ് ആദ്യമായി ഇറ്റാലിയൻ ഭാഷയിൽ സംവിധാനം ചെയ്ത 'മാർഗെ ആൻഡ് ഹെർ മദർ' (Marghe and her mother) ആണ് മേളയുടെ സമാപനച്ചിത്രം. വാടക കൊടുക്കാൻ കഴിയാതെ വീട്ടിൽനിന്നും കുടിയിറക്കപ്പെടുന്ന ക്ലോഡിയ ആറു വയസ്സുള്ള മകൾ മാർഗെയെ തൊട്ടയൽപക്കത്തുള്ള വൃദ്ധയായ കത്തോലിക്കാസ്ത്രീയെ ഏൽപ്പിച്ച് ജോലിയന്വേഷിച്ച് പോകുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഈ ചിത്രത്തിന്റെ നിർമ്മാണവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്  മൊഹ്‌സിൻ മക്മൽബഫിന്റെ മകനായ മേസം മക്മൽബഫ് ആണ്. പുതിയ തലമുറയിലെ ഇറാനിയൻ  സംവിധായികകളായ ഹനാ മക്മൽബഫിന്റെയും സമീറാ മക്മൽബഫിന്റെയും സഹോദരനാണ് മേസം മക്മൽബഫ്.

176 രാജ്യങ്ങളില്‍നിന്നുള്ള ഇരുനൂറോളം  സിനിമകളാണ് മേളയിൽ പ്രദര്‍ശിപ്പിക്കുക. കലാ അക്കാദമി, ഐനോക്സ്, മക്വിനാസ് പാലസ് എന്നിവിടങ്ങളിലാണ് ചലച്ചിത്രപ്രദർശനങ്ങൾ നടക്കുക.

International Competition (മത്സര വിഭാഗം), Debut Competition ( മത്സര വിഭാഗം), ICFT UNESCO Gandhi Medal (മത്സര വിഭാഗം), Festival Kaleidoscope, Master Frames, Retrospective: Ken Loach, Oscar Retrospective, Golden Peacock Retrospective, Soul of Asia, Restored Indian Classics, Country Focus-Russia , Silent Films with Live Music, Homage, Filmmaker in Focus-Takshi miik , World Panorama, Indian Retrospective, Indian Panorama എന്നിങ്ങനെ 17 വിഭാഗങ്ങളിലായാണ് ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.ഇതുകൂടാതെ മാസ്റ്റർ ക്ലാസ്, വർക്ക്ഷോപ്പ്, ഇൻ കോൺവെർസേഷൻ സെഷൻ എന്നിവയും ഉണ്ടാകും.

റഷ്യയാണ് ഇത്തവണത്തെ Country Focus. റഷ്യൻ ഭാഷയിലുള്ള 8 ചലച്ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. വിഖ്യാത ചലച്ചിത്രസംവിധായകൻ ആന്ദ്രേ തർക്കോവ്സ്കിയെക്കുറിച്ച് അദ്ദേഹത്തിന്റെ മകൻ  ആന്ദ്രേ തർക്കോവ്സ്കി ജൂനിയർ സംവിധാനം ചെയ്ത 'Andrey Tarkovsky- A Cinema Prayer' എന്ന ഡോക്യുമെന്ററി ഇതിൽ ശ്രദ്ധേയമാണ്.

ജാപ്പനീസ് ഫിലിം മേക്കർ ആയ തകാഷി മിക്ക് ആണ് Filmmaker in Focus. ഇദ്ദേഹത്തിന്റെ 5 ചലച്ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് സംവിധായകൻ കെൻ ലോചിന്റെ റെട്രോസ്പെക്ടീവ് വിഭാഗത്തിൽ 6 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ . ഫ്രഞ്ച് നടി ഇസബെല്ല ഹുപെര്‍ട്ട് നായികയായ പോൾ വെർഹോവെൻ സംവിധാനം ചെയ്ത 'എല്ലേ' ആദരസൂചകമായി പ്രദർശിപ്പിക്കും. ഓസ്കർ റെട്രോസ്പെക്ടീവിൽ  1952-ലെ 'ബെൻഹർ', 1965-ലെ 'സൗണ്ട് ഓഫ് മ്യൂസിക്' എന്നിവയടക്കം 10 ക്‌ളാസ്സിക് ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ചലച്ചിത്രോത്സവത്തിൽ  ഈ വര്‍ഷം 7 കൊങ്കിണി സിനിമകളുടെ പാക്കേജ് ഉൾപ്പെടുത്തിയിട്ടുണ്ട്. അധികമായി നാലു സ്‌ക്രീനുകളും  ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിലീസ് ചെയ്ത് 50 വര്‍ഷം പിന്നിടുന്ന 11 സിനിമകളും 50 വനിതാ സംവിധായകരുടെ 50 സിനിമകളും പ്രദര്‍ശിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ഇഫിക്കുണ്ട്.

26 ഫീച്ചർ സിനിമകളും 15 നോൺ-ഫീച്ചർ സിനിമകളും ഇന്ത്യൻ പനോരമ സെക്ഷനിൽ പ്രദർശിപ്പിക്കുന്നുണ്ട്. ടി.കെ. രാജീവ് കുമാറിന്റെ 'കോളാമ്പി', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്', മനു അശോകന്റെ 'ഉയരെ' എന്നിവയാണ്  പനോരമയിൽ പ്രദർശിപ്പിക്കുന്ന മലയാളഭാഷാ ചലച്ചിത്രങ്ങൾ. ഇതിൽ 'ജല്ലിക്കെട്ട്' മേളയിലെ   മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള സുവർണ്ണമയൂരത്തിനായും 'ഉയരെ' എന്ന ചിത്രം മികച്ച കന്നി സംവിധായകനുള്ള സെന്റിനറി അവാർഡിനുള്ള മത്സരവിഭാഗത്തിലും കൂടി പ്രദർശിപ്പിക്കുന്നുണ്ട്. (കഴിഞ്ഞ വർഷത്തെ ചലച്ചിത്രമേളയിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ' മികച്ച സംവിധായകനും മികച്ച നടനുമുള്ള പുരസ്‌കാരങ്ങൾ നേടിയിരുന്നു.)

ഇത് കൂടാതെ, മലയാളികൾ സംവിധാനം ചെയ്ത ഗോത്രഭാഷയിലുള്ള രണ്ടു സിനിമകൾ പനോരമയിലെത്തിയത് ശ്രദ്ധേയമായി.  മലയാളികളായ മനോജ് കാന പണിയ ഭാഷയിൽ സംവിധാനം ചെയ്ത 'കെഞ്ചിറ' യും വിജീഷ് മണി   ഇരുള ഭാഷയിൽ സംവിധാനം ചെയ്ത 'നേതാജി'യുമാണ് പനോരമ സെലക്ഷൻ നേടിയത്. സംവിധായകൻ പ്രിയദർശൻ അദ്ധ്യക്ഷനായ ജൂറിയാണ് പനോരമചിത്രങ്ങൾ തിരഞ്ഞെടുത്തത്.

അഭിഷേക് ഷാ സംവിധാനം ചെയ്ത് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ഗുജറാത്തി ചിത്രം 'ഹെല്ലാരോ' ആണ് പനോരമയുടെ ഉദ്ഘാടന ചിത്രം. ഫീച്ചർ വിഭാഗത്തിൽ മറാത്തിയിൽ നിന്ന് 5 സിനിമകളും ബംഗാളിയിൽ നിന്ന് 3  സിനിമകളും തമിഴിൽ നിന്ന് 2  സിനിമകളും ഹിന്ദിയിൽ നിന്ന് 2 സിനിമകളും കന്നഡ, തിബത്തൻ ഗോത്രഭാഷയായ പാങ്ങ്ചെൻപ, ആസാമീസ് ഗോത്രഭാഷയായ ഖാസി ഖാരോ എന്നിവയിൽ നിന്നുള്ള ഓരോ സിനിമകളും ഉൾപ്പെടുന്നു. കൂടാതെ പനോരമയിലെ മുഖ്യധാരാ വിഭാഗത്തിൽ ഹിന്ദിഭാഷയിൽ നിന്നുള്ള 4  സിനിമകളും ഒരു തെലുങ്ക് ഭാഷാ സിനിമയും പ്രദർശിപ്പിക്കും.

നോൺ-ഫീച്ചർ വിഭാഗത്തിൽ ആശിഷ് പാണ്ഡെ സംവിധാനം ചെയ്ത കശ്മീരി ഭാഷയിലുള്ള 'നൂറ' ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഈ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് ജയരാജ് സംവിധാനം ചെയ്ത 'ശബ്‌ദിക്കുന്ന കലപ്പ'യും  നൊവിൻ വാസുദേവ് സംവിധാനം ചെയ്ത 'ഇരവിലും പകലിലും ഒടിയൻ' എന്നിവ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകൻ രാജേന്ദ്ര ജംഗ്‌ളെ അദ്ധ്യക്ഷനായ ജൂറിയാണ് നോൺ-ഫീച്ചർ ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

'ജല്ലിക്കെട്ടി'നെക്കൂടാതെ ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത  'മായി ഘട്ട്: ക്രൈം നമ്പർ.103/2005' എന്ന ചിത്രമാണ് ഇന്ത്യയുടെ എൻട്രിയായി മത്സരവിഭാഗത്തിലുള്ളത്. ചൈനയിൽ നിന്നുള്ള 'ബലൂൺ' (പേമ സെദെൻ), തുർക്കിയിൽ നിന്നുള്ള 'ക്രോണോളജി ( അലി അയ്ഡിൻ), ഓസ്ട്രിയയിൽ നിന്നുള്ള 'ലില്ലിയൻ' (ആൻഡ്രീസ് ഹോർവത്ത്), ബ്രസീലിൽ നിന്നുള്ള 'മരിഖെല്ല' (വാഗ്‌നർ മോറ), നോർവേ-സ്വീഡൻ-ഡെൻമാർക്ക്‌ കോ-പ്രൊഡക്ഷനായ 'ഔട്ട് സ്റ്റീലിങ് ഹോഴ്സസ്' ( ഹാൻസ് പെറ്റർ മോളണ്ട്), ഫ്രാൻസ്-സ്വിറ്റ്‌സർലൻഡ് കോ-പ്രൊഡക്ഷൻ ആയ 'പാർട്ടിക്കിൾസ്' (ബ്ലെയ്‌സ് ഹാരിസൺ), സ്ലോവേനിയയിൽ നിന്നുള്ള 'സ്റ്റോറീസ് ഫ്രം ദ ചെസ്റ്റ്നട്ട് വുഡ്‌സ്' (ഗ്രിഗർ ബോസിക്), ഇന്തോനേഷ്യ-മലേഷ്യ-ഫ്രാൻസ് കോ-പ്രൊഡക്ഷനായ 'ദ സയൻസ് ഓഫ് ഫിക്ഷൻസ്' (യോസേപ്പ് ആംഗി നോൺ), മംഗോളിയയിൽ നിന്നുള്ള 'സ്റ്റീഡ്' (എർഡൻഎബിലെഗ് ഗാൻബോൾഡ്), ഹംഗറിയിൽ നിന്നുള്ള 'കേപ്റ്റീവ്സ്' (ക്രിസ്റ്റോഫ് ഡീക്), ഫിലിപ്പൈൻസിൽ നിന്നുള്ള 'വാച്ച് ലിസ്റ്റ്' ( ബെൻ രേഖി), കാനഡയിൽ നിന്നുള്ള 'ആന്റിഗണി' (സോഫി ഡെറാസ്പെ), ഇറാൻ-ചെക്ക് റിപ്പബ്ലിക്ക് കോ-പ്രൊഡക്ഷനായ 'സൺ-മദർ' ( മഹ്‌നാസ് മൊഹമ്മദി) എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റു ചിത്രങ്ങൾ.

ജോൺ ബെയ്‌ലി, അദ്ധ്യക്ഷനായ ഇന്റർനാഷണൽ ജൂറിയിൽ റോബിൻ കാംപിലോ, ഴാങ് യാങ്, ലിൻ റാംസെ, രമേഷ് സിപ്പി എന്നിവർ അംഗങ്ങളാണ്.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് ആണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്ക്ക് ചുക്കാൻ പിടിക്കുന്നത്. 1952-ൽ ഫിലിംസ്  ഡിവിഷന് കീഴിലാണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്നത്. പിന്നീട് '61, '65, '69, '74 എന്നീ വർഷങ്ങളിൽ മേള നടന്നു. തുടർന്ന് '75 മുതൽ തുടർച്ചയായി അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തപ്പെടുന്നു. ന്യൂദൽഹിയിലും ഒന്നിടവിട്ട വർഷങ്ങളിൽ കൊൽക്കൊത്ത, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ, തിരുവനന്തപുരം എന്നീ നഗരങ്ങളിലുമായിരുന്നു മേള നടത്തിയിരുന്നത്. 2004-ൽ 35-ആം എഡിഷൻ മുതലാണ് ഗോവ സ്ഥിരം വേദിയാക്കി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്നത്.