ഇന്ത്യയിലെ ആദ്യ അണ്ടര്‍ വാട്ടര്‍ റസ്റ്റോറന്റിന് മൂന്നാം നാള്‍ പൂട്ടുവീണു

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ അണ്ടര്‍ വാട്ടര്‍ റസ്‌റ്റോറന്റിന് പൂട്ടുവീണു. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളുടെ അഭാവത്തിലാണ് റസ്റ്റോറന്റിനെതിരെയുള്ള നടപടി. ഇതോടെയാണ് തിങ്കളാഴ്ച ആരംഭിച്ച റസ്‌റ്റോറന്റ് നഗരസഭ പൂട്ടി സീലുവെച്ചത്. ആവശ്യമായ രേഖകളില്ലാതെയാണ് ഹോട്ടല്‍ ആരംഭിച്ചതെന്ന് വ്യക്തമാക്കിയ നഗരസഭ, രേഖകള്‍ ഹാജരാക്കിയാല്‍ റസ്‌റ്റോറന്റ് വീണ്ടും തുറന്നുപ്രവര്‍ത്തിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് റസ്‌റ്റോറന്റ് പൂട്ടുകയും പ്രശ്‌നം പരിഹരിച്ച് വീണ്ടും തുറന്നതിന് പിന്നാലെയാണ് നഗരസഭ ഇ
ടപെട്ട് റസ്റ്റോറന്റിന് പൂട്ടിട്ടത്.
റിയല്‍ പൊസേയ്‌സോണ്‍ എന്ന് പേരിട്ടിരിക്കുന്ന റസ്റ്റോറന്റ് സാധാരണ തറനിരപ്പില്‍ നിന്ന് 20 അടി താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ നിര്‍മ്മിച്ച 3000 ചതുരശ്ര മീറ്റര്‍ സ്വിമ്മിംഗ് പൂളിലാണ് റസ്റ്റോറന്റ് ഒരുക്കിയിട്ടുള്ളത്. ഗ്രീക്ക് ഇതിഹാസങ്ങളും ചരിത്രവും പ്രകാരം പൊസേയ്‌ഡോണ്‍ എന്നാല്‍ സമുദ്രദേവനാണ്.
ഹെയ്ഡ്‌സിന്റെയും സീയൂസിന്റേയും സഹോദരനായ പൊസേയ്‌ഡോണ്‍ എല്ലാ സമുദ്ര ജീവികളുടേയും സമുദ്രത്തിന്റെയും നാഥനായാണ് കണക്കാക്കപ്പെടുന്നത്. സമുദ്ര ദേവന്റെ പേരാണ് റസ്റ്റോറന്റിന് നല്‍കിയിട്ടുള്ളത്.
ഒരേ സമയത്ത് 32 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്നതാണ് റസ്റ്റോറന്റ്. 1,60,000 ലിറ്റര്‍ നിറഞ്ഞിരിക്കുന്ന അക്വേറിയത്തില്‍ 4000ത്തോളം വൈവിധ്യം നിറഞ്ഞ ജലജീവികളുണ്ട്.
അഹമ്മദാബാദിലെ പ്രമുഖ വ്യവസായി ഭരത് ഭട്ടിന്റെ ഉടമസ്ഥതയിലാണ് റസ്‌റ്‌റോറന്റ്. റസ്‌റ്റോറന്റിലേക്ക് കടക്കാനായി ടണലിലൂടെ ജലാശയ കാഴ്ചകള്‍ കണ്ട് താഴത്തേക്ക് ഇറങ്ങി വരണം. അണ്ടര്‍ വാട്ടര്‍ റസ്‌റ്റോറന്റ് സംബന്ധിച്ച ആശയങ്ങള്‍ മകന്റേതാണെന്നും ആദ്യ പ്രെപ്പോസലുകള്‍ തിരസ്‌കരിക്കപ്പെടുകയായിരുന്നുവെന്നും ഭരത് ഭട്ട് പറഞ്ഞു.
ദക്ഷിണ ഭോപ്പാലിലാണ് റിയല്‍ പൊസേയ്‌ഡോണ്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ നിരവധി പേരാണ് ഭക്ഷണം കഴിക്കാനും റസ്റ്റോറന്റിനുള്ളിലെ കാഴ്ചകള്‍ കാണാനുമായെത്തിയത്. ഒന്നര കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച റസ്റ്റോറന്റില്‍ തായ്, മെക്‌സിക്കന്‍, ഇന്ത്യന്‍ വിഭവങ്ങളും ഇടംപിടിച്ചിട്ടുണ്ട്.