കൈക്കൂലി ചോദിക്കുന്നവര്‍ക്ക് എന്ത് മറുപടി നല്‍കും?

കൈക്കൂലി ചോദിക്കുന്നവര്‍ക്ക് എന്ത് മറുപടി നല്‍കുമെന്ന ചോദ്യത്തിനുത്തരം തരാന്‍ ഒരു ഇന്ത്യക്കാരനുണ്ട്. തമിഴ്‌നാട്ടുകാരനായ വിജയ് ആനന്ദാണ് ഈ ചോദ്യത്തിന് രസകരമായ ഉത്തരം കണ്ടെത്തിയിട്ടുള്ളത്. ആനന്ദ് സ്വയം കണ്ടെത്തിയ സീറോ റുപ്പീ നോട്ട് എന്ന സംവിധാനം ഇതിനകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
രാജ്യത്തെ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ 2006ല്‍ സ്ഥാപിച്ച ഫിഫ്ത്ത് പില്ലര്‍ എന്ന എന്‍ജിഒ വഴിയാണ് ഇതിനായി സീറോ നോട്ട് എന്ന സംവിധാനത്തിന് രൂപം നല്‍കുന്നതും അഴിമതിക്കെതിരെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് അഴിമതി തുടച്ചുനീക്കി മികച്ച സമൂഹം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലുള്ളത്.
സര്‍ക്കാര്‍ ഓഫീസിലെ സേവനങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സീറോ നോട്ട് നല്‍കാനാണ് ആനന്ദ് നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം. 2007ല്‍ സ്വദേശമായ തമിഴ്‌നാട്ടിലേക്കുപോയ ആനന്ദ് അഴിമതിക്കെതിരെ പൊരുതാന്‍ മികച്ച ഒരു ആശയവുമായാണ് തിരിച്ചെത്തുന്നത്. ഇതായിരുന്നു സീറോ നോട്ടിന്റെ ഉറവിടവും.
അഴിമതിക്കാരായ ഉദ്യോഗസ്ഥരാല്‍ അടിച്ചമര്‍ത്തപ്പെട്ട സാധാരണക്കാരെ ശാക്തീകരിക്കുന്നതിന് വേണ്ടിയായിരുന്നു സീറോ നോട്ടുകള്‍ പ്രിന്റ് ചെയ്തിരുന്നത്. അഴിമതിക്ക് വഴങ്ങിക്കൊടുക്കരുതെന്ന് ജനങ്ങളോട് പറയുന്നതിന് വേണ്ടിയായിരുന്നു ഇത്തരമൊരാശയത്തിന് രൂപം നല്‍കിയത്. നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്ന് അവരെ ബോധിപ്പിച്ചതോടെ പോരാടാന്‍ താന്‍ ഒറ്റക്കല്ലെന്ന ബോധം തനിക്കുണ്ടായെന്ന് ആനന്ദ് പറയുന്നു.
പിന്നീട് വളന്റിയര്‍മാരുടെ സഹായത്തോടെയായിരുന്നു ഫിഫ്ത്ത് പില്ലര്‍ സീറോ റൂപ്പീ നോട്ടുകള്‍ പ്രാദേശിക മാര്‍ക്കറ്റുകളിലും ബസ് ഡിപ്പോകളിലും റെയില്‍ വേ സ്റ്റേഷനുകളിലും ഉള്‍പ്പെടെ ബോധവല്‍ക്കരണത്തിനായി വിതരണം ചെയ്തത്. തങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണെന്ന് സാധാരണക്കാരെ ഓര്‍മ്മിപ്പിക്കുകയായിരുന്നു ഫിഫ്ത്ത് പില്ലര്‍. ഇതിന് പുറമേ നോട്ടുകള്‍ക്കൊപ്പം പാംഫ്‌ലെറ്റുകള്‍ വിതരണം ചെയ്യുന്നതിനായി പലയിടങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്‌കുകളും ഫിഫ്ത്ത് പില്ലര്‍ ആരംഭിച്ചു.
ഇതാണ് അഴിമതിക്കെതിരെയുള്ള അക്രമരഹിതവും നിസ്സഹകരണാത്മകവുമായ മാര്‍ഗ്ഗമെന്ന് ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞ വിജയ് ആനന്ദ് രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട എല്ലാവരിലേക്കും സീറോ റുപ്പീ കറന്‍സി എത്തിക്കാനുള്ള ദൗത്യവും ഏറ്റെടുത്തുകഴിഞ്ഞു.
യുവജനങ്ങളിലേക്ക് ഈ വിവരം എത്തിക്കുന്നതിനായി 1200ഓളം സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മുമ്പിലും പൊതു ഇടങ്ങളിലും സീറോ റുപ്പീ നോട്ടിന്റെ വലിയ ബാനറുകളും സ്ഥാപിച്ചു. അടുത്ത അഞ്ച് വര്‍ഷം രാജ്യത്തെ അഴിമതിക്കെതിരെയുള്ള പോരാട്ടമെന്നോണം ഇത്തരം സീറോ റുപ്പീ നോട്ടുകളില്‍ അഞ്ച് ലക്ഷത്തോളം ആളുകളെക്കൊണ്ട് ഒപ്പ് ഇടുവിക്കുന്നതിനുള്ള ശ്രമങ്ങളും, ജനങ്ങളെക്കൊണ്ട് അഴിമതി വിരുദ്ധ പ്രതിജ്ഞയെടുപ്പിക്കലും ഫിഫ്ത്ത് പില്ലര്‍ നടത്തി. ഈ പ്രതിജ്ഞ നോട്ടിന് മുകളിലും പ്രിന്റ് ചെയ്തിട്ടുണ്ട്.