• 07 Dec 2021
  • 03: 02 AM
Latest News arrow

മലയാളഭാഷയ്ക്കും സാഹിത്യത്തിനുമായി സമ്പൂർണ്ണ ചാനൽ

മലപ്പുറം: മലയാളഭാഷയ്ക്കും സാഹിത്യത്തിനുമായി സമ്പൂർണ്ണ ചാനൽ വരുന്നു. 'തിരൂർ മലയാളം' എന്ന പേരിലുള്ള ചാനൽ, ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണിൽനിന്നാണ‌് ആരംഭിക്കുന്നത‌്.

ആദ്യഘട്ടത്തിൽ  ഞായർ,  ബുധൻ ദിവസങ്ങളിലായി  ഓൺലൈൻ ചാനലായാണ‌് സംപ്രേഷണം തുടങ്ങിയിട്ടുള്ളത്. രാത്രി ഏഴുമുതൽ പത്തുവരെയാണ‌് സംപ്രേഷണ സമയം. നിലവിൽ മൊബൈൽ ആപ്പും 'തിരൂർ മലയാളം ബ്ലോഗ‌് സ‌്പോട്ട്. കോം' എന്ന ബ്ലോഗുമുണ്ട‌്. ബ്ലോഗിലും മൊബൈൽ ആപ്പിലുമുള്ള ലിങ്കിലൂടെയാണ‌് ചാനൽ ലഭ്യമാവുക. സമ്പൂർണ ചാനലിനുള്ള ലൈസൻസിനായി  വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന‌്  അപേക്ഷ നൽകിയതായി ചാനൽ ഡയറക്ടർ ഡോ. അശോക‌് ഡിക്രൂസ‌് അറിയിച്ചിട്ടുണ്ട് . സാഹിത്യവാർത്തകൾ, സംവാദങ്ങൾ, ഡോക്യുമെന്ററികൾ, പ്രശ‌്നോത്തരി, കവിതകളുടെ ദൃശ്യാവിഷ‌്കാരം എന്നിവ സംപ്രേഷണംചെയ്യും. 

മലയാളം അദ്ധ്യാപകരുൾപ്പെടുന്ന ഭാഷാസ‌്നേഹികളുടെ കൂട്ടായ‌്മയായ ‘തിരൂർ മലയാള’മാണ‌് ഈ ചാനലിന് പിന്നിൽ. 4635 അദ്ധ്യാപകർ അംഗങ്ങളായ ‘തിരൂർ മലയാള’ത്തിനൊപ്പം അക്കാദമിക‌് പിന്തുണയുമായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും ചാനലിനൊപ്പമുണ്ട്. ഇവിടുത്തെ വിദ്യാർഥികളാണ് അവതാരകർ.