• 28 Sep 2023
  • 02: 19 PM
Latest News arrow

ചുടലക്കാട്ടില്‍ നിന്നും വായനാലോകത്തേക്ക്

ആലപ്പുഴ പ്രൈവറ്റ് ബസ്റ്റാന്റില്‍ നിന്ന് മണ്ണഞ്ചേരി ബസ്സ് കയറി ഇന്ദിര ജങ്ഷനില്‍ ഇറങ്ങി അല്‍പ്പം മുന്നോട്ട് നടന്നാല്‍ ചാത്തനാട് ചുടുകാടാണ്. അവിടെ വൈദ്യുത ദഹനപ്പുരയില്‍ ഒരു മൃതദേഹം എരിഞ്ഞു തീര്‍ന്നുകൊണ്ടിരിക്കുന്നു. ശ്മശാനത്തിന്റെ തൊട്ടുമുമ്പില്‍ പടര്‍ന്ന് പന്തലിച്ച ഒരു മരം. അന്തരീക്ഷം വെളുത്ത പുകയാല്‍ നിറഞ്ഞിരിക്കുന്നു. 

ഒരു നിമിഷം. പുകച്ചുരുളുകള്‍ക്കുള്ളില്‍ നിന്നും ഒരു രൂപം അടുത്തേക്ക് വരുന്നുണ്ടോ... ഹേയ് സംശയമാകും. അല്ല വരുന്നുണ്ട്. വെള്ള വസ്ത്രം ധരിച്ച് തലയും താടിയും വെള്ളത്തുണി കൊണ്ട് ചേര്‍ത്തുകെട്ടിയ ഒരു പരേതാത്മാവ്. കൈയ്യില്‍ അനാവരണം ചെയ്യേണ്ട ഒരു പുസ്തകം. 

ഇത് ഒരു പ്രേതക്കഥയുടെ ശകലമല്ല. മറിച്ച് ഒരു പുസ്തക പ്രകാശന ചടങ്ങാണ്. അഖില്‍ പി ധര്‍മ്മജന്‍ എന്ന ഫേസ്ബുക്ക് കഥയെഴുത്തുകാരന്റെ ഓജോബോര്‍ഡ് എന്ന ആദ്യ നോവലിന്റെ പ്രകാശന ചടങ്ങ്. പുസ്തകം പ്രകാശനം ചെയ്തതും ആദ്യ കോപ്പി ഏറ്റുവാങ്ങിയതും പ്രകാശനച്ചടങ്ങിനെത്തിയ ആരാധകരില്‍ നിന്ന് നറുക്കിട്ട് തെരഞ്ഞെടുത്ത രണ്ട് പേര്‍. 

ആലപ്പുഴയിലെ ഒരു സ്വകാര്യ കോളേജില്‍ ബിഎ സാഹിത്യത്തിന് പഠിക്കുന്ന അഖില്‍ കഥയെഴുത്തിനായി തുടങ്ങിയ പേജാണ് കഥ. ഇവിടെ ആര്‍ക്ക് വേണമെങ്കിലും കഥയെഴുതാന്‍ കഴിയും. എന്നാല്‍ അഖില്‍ എഴുതിയ ഓജോബോര്‍ഡ് എന്ന നോവലാണ് വായനക്കാരെ ആകര്‍ഷിച്ചത്. കഥ പേജിന് 17,000ത്തിലധികം വായനക്കാരായതോടെ അഖിലും ഓജോബോര്‍ഡും വാര്‍ത്തകളില്‍ ഇടംപിടിച്ചു. 

സ്വന്തം പേജില്‍ എഴുതിയപ്പോള്‍ വായനക്കാര്‍ പ്രതികരിച്ചില്ല. എന്നാല്‍ കഥ എന്ന പേജില്‍ എഴുതിത്തുടങ്ങിയപ്പോള്‍ വായനക്കാര്‍ ആവേശത്തോടെ വായിക്കാന്‍ തുടങ്ങി. 

37 അധ്യായങ്ങളായി എഴുതിയ നോവല്‍ പുസ്തകരൂപത്തിലാക്കാന്‍ പ്രസാധകര്‍ ആരും തയ്യാറായിരുന്നില്ല. അതോടെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ പിരിവിട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 

ഫേസ്ബുക്കില്‍ സ്വീകരിച്ചതുപോലെ പുസ്തകരൂപത്തിലും ഓജോബോര്‍ഡിനെ സ്വീകരിക്കുമെന്നാണ് അഖിലിന്റെ പ്രതീക്ഷ. 200ലധികം ഓര്‍ഡര്‍ പുറത്തിറങ്ങുന്നതിന് മുമ്പേ വന്നുകഴിഞ്ഞു. 

ഓജോബോര്‍ഡിന് ശേഷം മെര്‍ക്കുറി ഐലന്‍ഡ് എന്ന ത്രില്ലര്‍ ഫേസ്ബുക്കില്‍ എഴുതിക്കൊണ്ടിരിക്കുകയാണ് അഖില്‍.