• 01 Oct 2023
  • 08: 11 AM
Latest News arrow

എസ്‌കെ പൊറ്റക്കാട് ഇന്നും നമുക്കൊപ്പം

മണ്‍മറഞ്ഞ് എത്ര കാലം പിന്നിട്ടാലും മനസ്സില്‍ നിന്നും മാഞ്ഞുപോകാത്ത ചില വിശിഷ്ഠ വ്യക്തിത്വങ്ങളുണ്ട് സമൂഹത്തില്‍. അവരില്‍ ഒരാളാണ് പ്രശസ്ത സാഹിത്യകാരനായ എസ് കെ പൊറ്റക്കാട്. ഓഗസ്റ്റ് ആറിന് ഈ കഥാകാരന്റെ 33-ാം ചരമവാര്‍ഷികമാവുമെങ്കിലും സാഹിത്യകുതുകികളുടെയും വിശിഷ്യാ കോഴിക്കോട്ടുകാരുകാരുടെയും ഹൃദയത്തില്‍ ഇന്നും ചന്ദ്രകാന്തമായി എസ്‌കെ തിളങ്ങിനില്‍ക്കുന്നു.

കഥകള്‍ പോലെ തന്നെ അതീവഹൃദ്യമാണ് എസ്‌കെയുടെ സഞ്ചാരസാഹിത്യവും. മലയാളത്തില്‍ ഒരുപക്ഷേ ഇത്രയേറെ ലോകം കണ്ട മറ്റൊരു എഴുത്തുകാരനുണ്ടാവില്ല. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ തുടങ്ങിയ വന്‍കരകളിലെ മിക്ക രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. വെറുതേ പോയി വരികയല്ല, അവിടങ്ങളിലെ ഭൂപ്രകൃതവുമായി, ജീവിതരീതികളുമായി, ജനപഥങ്ങളുമായി, സംസ്‌കാരവുമായി ഇടപഴകി എഴുതിയ യാത്രാവിവരണങ്ങള്‍ മലയാളത്തില്‍ സഞ്ചാരസാഹിത്യത്തില്‍ പുതിയ ഒരു പന്ഥാവ് തുറക്കുകയായിരുന്നു ഈ കോഴിക്കോട്ടുകാരന്‍. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, ഇന്നത്തെ പോലെ യാത്രാസൗകര്യങ്ങളോ വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഇല്ലാത്ത ഒരു കാലഘട്ടത്തില്‍ കപ്പല്‍ കയറി ആഫ്രിക്കന്‍ നാടുകളിലെ അപരിഷ്‌കൃത സമൂഹങ്ങളുടെ കഥ ചികയുകയെന്നത് അതിസാഹസികമായ ഒരു ദൗത്യമായിരുന്നു എസ്‌കെയുടെത്.

കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ സെന്റ് പാട്രിക് പള്ളിക്കുസമീപം പൊറ്റക്കാട്ട് വീട്ടില്‍ ശങ്കരന്‍കുട്ടി മലയാള സാഹിത്യത്തില്‍ എസ്‌കെ പൊറ്റക്കാടായി മാറിയ കഥ കൗതുകകരമാണ്. 1934ല്‍ തൊഴില്‍ തേടി മുംബൈയില്‍ ചെന്നുപെട്ട എസ്‌കെ ഏറെ വൈകാതെ കോഴിക്കോട്ട് തിരിച്ചെത്തി അധ്യാപകനായി ജോലി നോക്കി. ഇക്കാലത്താണ് അദ്ദേഹത്തിന്റെ കഥകള്‍ പലതും പുറത്തുവന്നത്. 1949ല്‍ കപ്പല്‍ വഴി ലോകസഞ്ചാരത്തിന് പുറപ്പെട്ടു.

നാടന്‍ പ്രേമമാണ് ആദ്യത്തെ നോവല്‍. ഇതിനകം എണ്ണമറ്റ എഡിഷനുകളില്‍ പുറത്തുവന്ന ഈ കൃതി ഇന്നും വായനക്കാര്‍ക്ക് ഹൃദ്യമാണ്. കോഴിക്കോട് നഗരത്തിന്റെ തുടിപ്പും കിതപ്പും പ്രതിഫലിക്കുന്ന 'തെരുവിന്റെ കഥ' എന്ന നോവലിന് സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡും 'ഒരു ദേശത്തിന്റെ കഥ'യ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. തന്റെ ജീവിതാനുഭവങ്ങളോട് സാമ്യം തോന്നിക്കുന്ന ദേശത്തിന്റെ കഥയെ ആധാരമാക്കി 1980ല്‍ ജ്ഞാനപീഠം പുരസ്‌കാരവും ലഭിച്ചു.

പുതിയറയില്‍ പഴയ വാട്ടര്‍ടാങ്കിന്റെ സമീപം അദ്ദേഹം പണിയിച്ച 'ചന്ദ്രകാന്തം' എന്ന വീട് ഒരു കാലത്ത് സാഹിത്യകാരന്മാരുടെ സങ്കേതമായിരുന്നു. ഇവിടെയാണ് കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ തലയോലപ്പറമ്പ് വിട്ട് കോഴിക്കോട്ട് വന്ന് താമസമാക്കിയതും 'എന്‍ുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന കഥ നാടകമാക്കിയതും. ബഷീര്‍ ഫാബി ബഷീറിനെ നിക്കാഹ് ചെയ്ത് കൂട്ടിക്കൊണ്ടുവന്നതും ഹണിമൂണ്‍ ആഘോഷിച്ചതും ചന്ദ്രകാന്തത്തിലാണ്.

കോഴിക്കോട്ടെ സൗഹൃദസദസ്സിന് ഒരലങ്കാരമായിരുന്നു എസ്‌കെയുടെ സാന്നിധ്യം. കാലത്ത് പുതിയറയില്‍ നിന്ന് ഇറങ്ങി നഗരപാതകളിലൂടെയുള്ള നടത്തവും ജയില്‍ റോഡിലെ എന്‍ബിഎസ് ബുക്ക്‌സ്റ്റാളിലും അളകാപുരിയിലും മാനാഞ്ചിറയ്ക്കു ചുറ്റും മിഠായി തെരുവിലുമുള്ള സൗഹൃദക്കൂട്ടായ്മയും ചിരിയും തമാശപറച്ചിലുമൊക്കെ നഗരത്തിലെ എസ്‌കെയുടെ ആരാധകര്‍ക്ക് മറക്കാനാവുന്നതല്ല.

കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപം ഇന്നത്തെ പബ്ലിക് ലൈബ്രറി നില്‍ക്കുന്ന സ്ഥലത്ത് ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ ലോക്കല്‍ ലൈബ്രറി പുതുക്കിപ്പണിയുന്നതിനും നല്ലൊരു ഗ്രന്ഥാലയം സ്ഥാപിക്കുന്നതിനും  അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്കിടയിലാണ് എനിക്ക് എസ്‌കെയുമായി അടുത്തു പെരുമാറാന്‍ അവസരം ലഭിച്ചത്. ചില ദിവസങ്ങളില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴാണ് ദേശത്തിന്റെ കഥയില്‍ പറയുന്ന 'അതിരാണിപ്പാടം' ഇന്നത്തെ റെയില്‍വേ സ്റ്റേഷന്റെ തെക്കുപടിഞ്ഞാറെ പ്രദേശമാണെന്നും നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ പലരും ഈ പ്രദേശത്ത് അദ്ദേഹത്തിന്റെ സുപരിചിതരാണെന്നും മനസ്സിലാക്കാന്‍ സാധിച്ചത്. അതിരാണിപ്പാടത്തിനും കല്ലായി പുഴയ്ക്കുമിടയില്‍ പടിഞ്ഞാറുഭാഗത്താണ് പ്രശസ്ത നോവലിസ്റ്റ് എന്‍ പി മുഹമ്മദ് തന്റെ 'എണ്ണപ്പാടം' എന്ന കൃതിയില്‍ വിവരിക്കുന്ന ജനവാസകേന്ദ്രം.

1982 ഓഗസ്റ്റ് ആറിന് കഥാവശേഷനായെങ്കിലും മനുഷ്യപ്പറ്റുള്ള കഥകളിലൂടെ സഞ്ചാരകൃതികളിലൂടെ അദ്ദേഹം ഇന്നും മലയാളികളോട് സംവദിക്കുന്നു. മലയാളമുള്ളടത്തോളം കാലം അത് തുടരുകയും ചെയ്യും.

എസ്‌കെയ്ക്ക് നഗരത്തില്‍ ഉചിതമായൊരു സ്മാരകം വേണമെന്ന കോഴിക്കോട്ടുകാരുടെ ആഗ്രഹം ഇതുവരെ സഫലമായിട്ടില്ല. മാനാഞ്ചിറയിലെ ഗ്രന്ഥാലയ സമുച്ഛയത്തിനോ ആനക്കുളത്ത് നഗരസഭ നിര്‍മ്മിച്ച സാംസ്‌കാരിക നിലയത്തിനോ എസ്‌കെയുടെ പേരിടണമെന്ന നിര്‍ദ്ദേശവും നടപ്പിലായിട്ടില്ല. പക്ഷേ, പുതിയറയില്‍ എസ്‌കെയുടെ വീടിനു സമീപം നഗരസഭയുടെ പഴയ വാട്ടര്‍ ടാങ്ക് സ്ഥിതി ചെയ്ത സ്ഥലത്തെ കെട്ടിടം പരേതനായ കോണ്‍ഗ്രസ് നേതാവ് എ സുജനപാലിന്റെ നേതൃത്വത്തില്‍ നവീകരിച്ച് ഈ സാഹിത്യപുംഗവന്റെ ഓര്‍മ്മയ്ക്ക് ഒരു സാംസ്‌കാരികനിലയമായി സംരക്ഷിച്ചുപോരുന്നുണ്ടെന്നുള്ളത് തീര്‍ച്ചയായും മലയാളികള്‍ക്ക് അഭിമാനം തന്നെ.