• 20 Jun 2018
  • 08: 18 PM
Latest News arrow

മന്‍സിയ വീണ്ടും പര്‍ദ്ദ ധരിക്കുമ്പോള്‍...

കലയുടെ പേരില്‍ ജീവിതത്തില്‍ മത യാഥാസ്ഥിതികരുടെ വിലക്കുകള്‍ നേരിട്ട  മന്‍സിയ വീണ്ടും പര്‍ദ്ദ ധരിക്കുന്നു. റഫീക്ക് മംഗല്ലശ്ശേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ''എന്ന് മമ്മാലി എന്ന ഇന്ത്യക്കാരന്‍'' എന്ന പുതിയ ചിത്രത്തിലൂടെയാണ് മുസ്ലീം മത വിശ്വാസിയായി  മന്‍സിയ എത്തുന്നത്. നടനവേദിയില്‍ നിന്ന് അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്ന മന്‍സിയ മുമ്പൊരിക്കല്‍ അഴിച്ചു വെച്ച പര്‍ദ്ദ കഥാപാത്രത്തിനായ് വീണ്ടും അണിയുമ്പോള്‍ വലിയ പ്രതീക്ഷയിലാണ്.

സിനിമയെ കുറിച്ച് മന്‍സിയയുടെ ഫേസ്ബുക്ക് പോസ്റ്റ്...

'ആദ്യമായി സിനിമയില്‍ ഒരു കൈ നോക്കുകയാണ്. റഫീഖ് മംഗലശ്ശേരിയുടെ സ്‌ക്‌റിപ്റ്റില്‍ അരുണ്‍. എന്‍.ശിവന്‍ സംവിധാനം ചെയ്യുന്ന ' മമ്മാലി എന്ന ഇന്ത്യക്കാരന്‍' എന്ന സിനിമയിലൂടെ...
'റാബിയ ' എന്ന നാടകത്തിലൂടെ ഞങ്ങളുടെ ജീവിത കഥ അവതരിപ്പിച്ച് പി.ജെ ആന്റണി സ്മാരക അവാര്‍ഡ് നേടിയ അനുഗ്രഹീത എഴുത്തുകാരനാണ് റഫീഖ് മംഗലശേരി.''

    

മതത്തേക്കാള്‍ ഉപരി നൃത്തത്തെ നെഞ്ചോട് ചേര്‍ത്തതിനാലായിരുന്നു മന്‍സിയയെ ഒരു കാലത്ത് മലപ്പുറത്തെ വെള്ളുവമ്പുറം മഹല്ലില്‍ നിന്ന് പുറത്താക്കിയത്. മതത്തെക്കാള്‍ വലുത് കലയാണെന്നുള്ള തിരിച്ചറിവിലൂടെയാണ് താന്‍ വളര്‍ന്നതെന്നും മന്‍സിയ പറയുന്നു. ക്ഷേത്ര കലകള്‍ അഭ്യസിച്ച് വേദിയിലവതരിപ്പിച്ചതിനാല്‍ തന്റെ ഉമ്മയുടെ ഖബറടക്കം പോലും നടത്താന്‍ മതനേതാക്കള്‍ സമ്മതിച്ചിരുന്നില്ല. തന്നെയും കുടുംബത്തെയും യാഥാസ്ഥിതിക സമൂഹം അവഗണിച്ചപ്പോഴുണ്ടായ ശക്തിയാണ് ഇന്ന് മന്‍സിയയുടെ ജീവിതത്തിന്റെ കരുത്ത്. ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിജയിച്ച് കയറിയപ്പോഴുണ്ടായ സന്തോഷം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും മന്‍സിയ പറയുന്നു. ഈ വര്‍ഷം നിരവധി സ്‌കൂള്‍ കലോത്സവങ്ങളിലും നൃത്ത ഇനങ്ങളില്‍ വിധി കര്‍ത്താവായിരുന്നു മന്‍സിയ.

ഷരീഫ എന്ന മുസ്ലീം വിശ്വാസിയായി മന്‍സിയ സ്‌ക്രീനിലെത്തുമ്പോള്‍ മതവേലിക്കെട്ടുക്കള്‍ തകര്‍ത്ത വിശ്വസികള്‍ക്ക് ഇത് മറ്റൊരു ചരിത്ര ജീവിതമായി തീരുകയാണ്. സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ എസ്. ശിവനാണ്. മലപ്പുറത്തിന്റെ സാമൂഹിക പശ്ചാത്തലത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. 

മന്‍സിയയുടെ ജീവിതത്തെ ആസ്പദമാക്കി റഫീക്ക് മംഗല്ലശ്ശേരി 2007ല്‍ രചിച്ച റാബിയ എന്ന നാടകം രചിച്ചിരുന്നു. അന്ന് ഈ നാടകം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് അരങ്ങില്‍ എത്തിയത്. മുസ്ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനീതികള്‍ക്കും തൂലിക ചലിപ്പിച്ചതിന് നിരവധി നാടകങ്ങള്‍ക്ക് ഭീഷണി നേരിട്ട റഫീഖ് മംഗലശ്ശേരിയുടെ സിനിമയില്‍ തന്നെ ഒരു കാലത്ത് ഇത്‌പോലെ വിലക്ക് നേരിട്ട മന്‍സിയ എത്തുന്നു എന്നത് യാദൃശ്ചികതയാകാം. അന്ന് സമൂഹം വിലക്കിയിരുന്ന മന്‍സിയയുടെ ജീവിതം പറഞ്ഞ റാബിയ എന്ന നാടകം തിരശ്ശീലയ്ക്കകത്ത് മാത്രം ഒതുക്കി വെക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് റഫീക്ക് പറയുന്നു. ഷരീഫ എന്ന കഥാപാത്രമായി മാറാന്‍ മന്‍സിയക്ക് മാത്രമേ കഴിയൂ എന്നതിനാലാണ് മന്‍സിയയെ ''എന്ന് മമ്മാലി എന്ന ഇന്ത്യക്കാരന്‍'' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി  തെരഞ്ഞെടുത്തതെന്നും റഫീക്ക് പറയുന്നു. വീണ്ടും കഥാപാത്രത്തിന് വേണ്ടി പര്‍ദ്ദ ധരിച്ചെത്തുമ്പോള്‍ മതത്തിനോടുള്ള ആദരവും സ്‌നേഹവും എന്നും കാത്തുസൂക്ഷിക്കുന്നുണ്ടെന്നു പറയുന്ന മന്‍സിയ മനുഷ്യ മനസ്സിനെ ഉയര്‍ത്തുന്ന കലാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാകില്ലെന്ന് കൂടെ വിളിച്ചു പറയുകയാണ്.