• 30 Jan 2023
  • 04: 02 AM
Latest News arrow

അഗ്നിസൂര്യന്റെ അന്ത്യനിമിഷങ്ങള്‍

ന്യൂഡല്‍ഹി: ശാസ്ത്രത്തിന് വേണ്ടിയും രാഷ്ട്രത്തിന് വേണ്ടിയും നിരന്തരം വാചാലനായ ഇന്ത്യയുടെ മിസൈല്‍ മാന്റെ അന്ത്യം രാജ്യത്തെ നടുക്കി. ഡോ. കലാമിന്റെ അവസാന മണിക്കൂറുകള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കലാമിന്റെ സഹചാരി ശ്രിജന്‍ പാല്‍ സിങ്ങിന്റെ ഓര്‍മ്മയില്‍ നിന്ന് ഡോ. കലാമിന്റെ അവസാന മണിക്കൂറുകള്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോ. കലാമിനെ അനുസ്മരിച്ച് ശ്രിജന്‍പാല്‍ സിംഗ് പോസ്റ്റിട്ടത്.
 'ജൂലൈ 27 ഉച്ചയ്ക്ക് 12 മണിയോടെയാണ് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന ദിവസം തുടങ്ങിയത്.  ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനായി വിമാനത്തില്‍ പുറപ്പെട്ടു. ഗുവാഹത്തിയിലേക്കുള്ള ഫ്‌ളൈറ്റില്‍ കലാം സാര്‍ 1 എയിലും ഞാന്‍ 1 സിയിലുമായിരുന്നു ഇരുന്നത്. ഇരുണ്ട നിറമുള്ള 'കലാം സ്യൂട്ടാണ്' അദ്ദേഹം ധരിച്ചിരുന്നത്. ഗുവഹാത്തിയിലിറങ്ങി തുടര്‍ന്ന് കാര്‍ മാര്‍ഗം യാത്ര തുടര്‍ന്നു.

ആകെ അഞ്ച് മണിക്കൂറോളം നീണ്ട യാത്രയ്ക്കിടെ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. പഞ്ചാബിലെ ഭീകരാക്രമണത്തെ കുറിച്ചാണ് അദ്ദേഹം ആദ്യം ആകുലത പ്രകടിപ്പിച്ചത്. ആക്രമണത്തില്‍ നിഷ്‌കളങ്കരായവര്‍ക്ക് പാര്‍പ്പിടം നഷ്ടമായതിനെക്കുറിച്ച് അദ്ദേഹം വാചാലനായി. ജീവിക്കാനുതകുന്ന ഗ്രഹമായി ഭൂമിയെ മറ്റുന്നതിനെക്കുറിച്ച് ഐഐഎമ്മില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രബന്ധത്തെ ഈ സംഭവവുമായി അദ്ദേഹം ബന്ധപ്പെടുത്തി. ഹിസംയും മലിനീകരണവും വീണ്ടുവിചാരമില്ലാത്ത മനഷ്യന്റെ പ്രവര്‍ത്തികളും ഇതേ തരത്തില്‍ തുടര്‍ന്നാല്‍ മുപ്പതു വര്‍ഷം കഴിയുമ്പോഴേക്കും ഭൂമി ജീവിക്കാന്‍ സാധിക്കാത്ത ഗ്രഹമായി മാറിയേക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

രണ്ടാമതായി പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനം തടസപ്പെടുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. രണ്ടു ദിവസമായി അദ്ദേഹം ഇക്കാര്യത്തില്‍ വളരെ ആശങ്കാകുലനായിരുന്നു. പാര്‍ലമെന്റ് സ്തംഭിക്കുന്നത് തുടര്‍ക്കഥയാകുകയാണെന്നും ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒഴിവാക്കാനും വികസന രാഷ്ട്രീയത്തിലൂന്നി പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നതിന് ഒരു മാര്‍ഗം കണ്ടെത്തിയേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ കൂടുതല്‍ ഫലപ്രദവും ഊര്‍ജസ്വലവുമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ മൂന്നു നൂതനമായ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ഐഐഎമ്മിലെ വിദ്യാര്‍ഥികളോട് നിര്‍ദേശിക്കുന്ന ഒരു ചോദ്യം തയാറാക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. പ്രബന്ധത്തിന്റെ ഒടുവില്‍ വിദ്യാര്‍ഥികളോട് ഇത് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിമിഷങ്ങള്‍ക്കകം അദ്ദേഹം പറഞ്ഞു, 'എനിക്ക് സ്വന്തമായി പരിഹാര മാര്‍ഗം നിര്‍ദേശിക്കാനില്ലാത്തപ്പോള്‍ അവരോട് ഞാന്‍ ഇത് എങ്ങനെ ആവശ്യപ്പെടും?' ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഏകദേശം ഒരു മണിക്കൂറോളം ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചയിലെ പ്രധാന ഭാഗങ്ങള്‍ 'അഡ്‌വാന്റേജ് ഇന്ത്യ' എന്ന അടുത്ത പുസ്തകത്തില്‍ ഉപയോഗിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിച്ചു.

താന്‍ കാരണം ഒരു സൈനികന്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടിനെക്കുറിച്ചാണ് അദ്ദേഹം മൂന്നാമതായി സംസാരിച്ചത്. ഗുവഹാത്തിയില്‍ നിന്ന് ഷില്ലോങ് ഐഐഎമ്മിലേക്ക് റോഡ് മാര്‍ഗമുള്ള യാത്രത്തില്‍ ഏഴോളം വാഹനങ്ങള്‍ ഞങ്ങളുടെ കാറിന് അകമ്പടിയായി ഒപ്പമുണ്ടായിരുന്നു. വാഹനവ്യൂഹത്തില്‍ രണ്ടാമത്തെ കാറിലാണ് ഞങ്ങള്‍ സഞ്ചരിച്ചത്. ഞങ്ങളുടെ വാഹനത്തിനു മുമ്പിലുണ്ടയിരുന്ന തുറന്ന ജിപ്‌സിയില്‍ മൂന്നു സൈനികരാണ് യാത്ര ചെയ്തിരുന്നത്. അവരില്‍ രണ്ടു പേര്‍ ഇരിക്കുകയായിരുന്നു. മൂന്നാമത്തെ സൈനികന്‍ തോക്കും ചൂണ്ടി എഴുന്നേറ്റു നില്‍കുകയായിരുന്നു. ദൈര്‍ഘ്യമേറിയ യാത്രയിലുടനീളം ആ സൈനികന്‍ നില്‍ക്കുന്നതു കണ്ട് അദ്ദേഹം ക്ഷീണിതനാവുമെന്നും ഇരിക്കാന്‍ നിര്‍ദേശം നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാകാരണങ്ങളാലാണ് അദ്ദേഹം നില്‍ക്കുന്നതെന്നു പറഞ്ഞിട്ടും അദ്ദേഹം പിന്തിരിഞ്ഞില്ല. ഇത് അദ്ദേഹത്തെ ശിക്ഷിക്കുന്നതിനു തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹത്തോട് ഇരിക്കാന്‍ നിര്‍ദേശിച്ച് വയര്‍ലെന്‍സ് സന്ദേശം നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. സന്ദേശം നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വീണ്ടും മൂന്നു തവണ ഇതേ ആവശ്യം അദ്ദേഹം ഉന്നയിച്ചു. ശ്രമം പരാജയപ്പെട്ടതു മനസിലാക്കിയ അദ്ദേഹം ആ സൈനികനെ തനിക്കു കാണണമെന്നും നന്ദി അറിയിക്കണമെന്നും പറഞ്ഞു. ഷില്ലോങ്ങിലെത്തിയ ഉടന്‍ സൈനികനെ നേരില്‍ കണ്ട് അദ്ദേഹം നന്ദി അറിയിക്കുകയും ഹസ്തദാനം നല്‍കുകയും ചെയ്തു. ക്ഷീണിതനാണോയെന്ന് ആരായുകയും ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

അതിനു ശേഷം ഉടന്‍ തന്നെ പ്രബന്ധം അവതരിപ്പിക്കാന്‍ അദ്ദേഹം പോയി. വൈകി ചെല്ലുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. വിദ്യാര്‍ഥികളെ ഒരിക്കലും കാത്തുനിര്‍ത്തരുതെന്നും അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഉടന്‍തന്നെ അദ്ദേഹത്തിന്റെ കോട്ടില്‍ ഞാന്‍ മൈക്ക് ഘടിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഫണ്ണി ഗയ്! ആര്‍ യു ഡൂയിങ് വെല്‍?' അദ്ദേഹം എന്നോട് അവസാനമായി സംസാരിച്ച വാക്കുകളാണിത്. ചിരിച്ചുകൊണ്ട് അതെ എന്നു ഞാന്‍ മറുപടി നല്‍കി.

ഹാളില്‍ എത്തി പ്രബന്ധം അവതരിപ്പിക്കാന്‍ ആരംഭിച്ച അദ്ദേഹം രണ്ടു മിനിറ്റ് സംസാരിച്ചു. ഓരോ വാചകങ്ങള്‍ക്കിടയിലും നീണ്ട ഇടവേളകളുണ്ടായിരുന്നു. ഇതിനിടെ പെട്ടെന്നു സംസാരം നിര്‍ത്തി. ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കി നില്‍ക്കെ ഏതാനും നിമിഷം മിണ്ടാതെ നിന്ന ശേഷം അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഡോക്ടര്‍ എത്തി. എന്റെ ഒരു കൈയിലായിരുന്നു അദ്ദേഹത്തിന്റെ ശിരസ്സ്. കൈകള്‍ ചുരുട്ടിപ്പിടിച്ചിരുന്ന അദ്ദേഹം എന്റെ വിരലില്‍ പിടിച്ചിരുന്നു. അദ്ദേഹം ഒരു വാക്കു പോലും പറഞ്ഞില്ല, വേദനയും പ്രകടിപ്പിച്ചില്ല. അഞ്ചു മിനിറ്റിനുള്ളില്‍ ഞങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. അല്‍പ്പ നിമിഷത്തിനുള്ളില്‍ തന്നെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞുവെന്ന്  മനസ്സിലായി. ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു വന്ദിച്ചു... അവസാനമായി. അദ്ദേഹം യാത്രയായി, എന്നാല്‍ ദൗത്യങ്ങള്‍ ഇനിയും ജീവിക്കും...''