• 20 Sep 2021
  • 05: 13 PM
Latest News arrow

ആരോപണങ്ങള്‍ മോഹന്‍ലാലിനെ വേദനിപ്പിച്ചു

മോഹന്‍ലാലിന്റെ മ്യൂസിക് ബാന്റായ ലാലിസത്തിന്റെ ലോഞ്ചിങിന് ഗവണ്‍മെന്റ് രണ്ട് കോടി രൂപ നല്‍കുന്നതിനെതിരെ ആക്ഷേപങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. 2015 ലെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലോഞ്ച് ചെയ്യുന്നതുകൊണ്ടാണ് ഇത്രയും തുക ആവശ്യപ്പെട്ടതെന്നായിരുന്നു വാര്‍ത്തകള്‍.  മോഹന്‍ലാലിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍ ഉല്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ കേരളത്തില്‍ വച്ചു നടന്ന 35ാം മത് ദേശീയ ഗെയിംസിന്റെ പരിപാടിയ്ക്ക് പ്രതിഫലം  വാങ്ങാതെയാണ് പങ്കെടുത്തത്. സ്വയം പ്രമോഷന് വേണ്ടിയാണ് ലാല്‍ ശ്രമിക്കുന്നതെന്നും ആരോപണം ഉണ്ടായിരുന്നു.

 ഇത്തരം ആരോപണങ്ങള്‍ കേട്ട് മോഹന്‍ലാലും തങ്ങളും ഒരുപാട് വേദനിച്ചു എന്ന്  സംഗീത സംവിധായകന്‍ രതീഷ് വേഗ പറഞ്ഞു. വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ സംഗീത പരിപാടി നടത്താന്‍   മോഹന്‍ലാല്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും രതീഷ് വേഗ പറഞ്ഞു.

  ഒരു കാരണവുമില്ലാതെ തങ്ങള്‍ക്ക് രണ്ട് കോടി നല്‍കാന്‍ നാഷണല്‍ ഗെയിം പാനല്‍ വിഡ്ഢികളല്ല. കാര്‍ത്തിക്, ഉദ്ദിത് നാരായണന്‍, അളക യാക്‌നിക്ക്, ഹരിഹരന്‍, സുജാത, എംജി ശ്രീകുമാര്‍ തുടങ്ങിയ സംഗീതജ്ഞരോടൊപ്പമാണ് ഈ പരിപാടി നടത്തുന്നത്. സംഗീത ഉപകരണങ്ങളും ആവശ്യമാണ് .ഇതൊന്നും ആരും  സൗജന്യമായി ചെയ്ത് തരില്ല . 

പണം വേണം, വേണ്ട എന്നൊക്കെ പറയുന്നത് മോഹന്‍ലാല്‍ എന്ന ഒറ്റ വ്യക്തിയല്ലെന്നും സച്ചിന്‍ എന്ന വ്യക്തി കേരളത്തില്‍ വന്നതിനെയും ഒരു മ്യൂസിക് പരിപാടി നടത്തുന്നതിനെയും ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും രതീഷ് വേഗ പറയുന്നു. ഒരു മ്യൂസിക് പരിപാടിയ്ക്ക് പരിശീലന ചെലവ്, യാത്രാ ചെലവ്, ട്രാന്‍സ്‌പോര്‍ട് ചെലവ് അങ്ങിനെ നിരവധി ചിലവുകളുണ്ട്.  മോഹന്‍ലാലിനെ പോലെ   ഒരാള്‍ക്ക് തന്റെ മ്യൂസിക് ബാന്റ് നടത്താനോ പ്രചരിപ്പിക്കാനോ ഗവണ്‍മെന്റിന്റെ രണ്ട് കോടി രൂപ ആവശ്യമില്ല. മോഹന്‍ലാലിനെ ആരാധിക്കുന്നവര്‍ പരിപാടിയില്‍ പങ്കെടുക്കും. മാരത്തോണിന്റെ ഭാഗമായി മോഹന്‍ലാല്‍ പ്രവൃത്തിച്ചതത്രെയും പ്രതിഫലം വാങ്ങിക്കാതെയാണ്.