• 02 Jul 2020
  • 10: 38 AM
Latest News arrow

എടക്കാട് ബറ്റാലിയന്‍ 06; ''എന്തൊരു പ്രഹസനമാണ് സജീ...''

ആദ്യ പകുതി വരെ സിനിമയായും രണ്ടാം പകുതി കഴിയുമ്പോഴേയ്ക്കും ഒരു ന്യൂസ് സ്റ്റോറിയുടെ രീതിയിലേക്ക് മാറുകയും ചെയ്യുന്ന സിനിമയാണ് എടക്കാട് ബറ്റാലിയന്‍ 06. ഒരു പട്ടാളക്കാരന്റെ കഥ എന്ന സംഗതിയിലാണ് സിനിമ ഫോക്കസ് ചെയ്തത്. അതുകൊണ്ട് തന്നെ അയാള്‍ ഇടപെടുന്ന സംഭവങ്ങള്‍ക്ക് ചിത്രം പ്രാധാന്യം നല്‍കിയില്ല. മറിച്ച് ആ പട്ടാളക്കാരന്റെ പിന്നാലെ സിനിമ പോയി. എന്നാല്‍ പ്രേക്ഷകര്‍ക്ക് രസിച്ചത് അയാളുടെ ജീവിതത്തെക്കാളും അയാള്‍ ഇടപെട്ട സംഭവങ്ങളായിരുന്നു. അതിലൊരു നീക്ക് പോക്കുണ്ടായെങ്കിലെന്ന് സിനിമ കണ്ടവരെല്ലാം ആഗ്രഹിച്ചുപോകും.

പട്ടാളക്കാരെയും അവരുടെ സേവനത്തെയും മഹത്വപ്പെടുത്തിക്കൊണ്ടുള്ള ഒരുപാട് സിനിമകള്‍ നാം കണ്ടിട്ടുണ്ട്. അത്തരം സിനിമകള്‍ നമ്മളെ ആവേശം കൊള്ളിച്ചിട്ടുമുണ്ട്. എന്നാല്‍ എടക്കാട് ബറ്റാലിയന്‍ 06 ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. പട്ടാളക്കാരുടെ ത്യാഗത്തെയും രാജ്യത്തോടുള്ള കൂറിനെയും കുറിച്ച് പറയുന്നതെല്ലാം സ്ഥിരം കേട്ട് തഴമ്പിച്ച ഡയലോഗുകള്‍ മാത്രമായിരുന്നു. സിനിമയുടെ അവസാനമാകട്ടെ,  ന്യൂസ് ചാനലുകളിലൂടെ കണ്ട് പരിചയിച്ചതുമായിരുന്നു. 

പട്ടാളക്കാരന്‍ ഷെഫീഖ് അമ്പലത്തിന്റെ ഉത്സവത്തോട് അനുബന്ധിച്ച് നാട്ടിലെത്തുന്നു. പട്ടാളക്കാരന്റെ വില അയാള്‍ക്ക് നാട്ടിലുണ്ട്. നാട്ടിലെ ഒരു പറ്റം ചെറുപ്പക്കാര്‍ കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങള്‍ക്ക് അടിമയാണ്. ഇവരെ പേടിപ്പിക്കുക, ഇവര്‍ക്ക് സ്റ്റഫ് കൊടുക്കുന്നയാളുകളെ തല്ലി പൊലീസില്‍ ഏല്‍പ്പിക്കുക, കൂട്ടുകാരന്റെ പെങ്ങള്‍ മയക്കുമരുന്നിന് അടിമയാണെന്ന് കണ്ടെത്തുക.... ഇതൊക്കെയാണ് ഷെഫീഖ് നാട്ടില്‍ ചെയ്യുന്നത്. പിന്നെ അവധി കഴിഞ്ഞ് പോകുന്നതിന് മുമ്പ് കല്യാണവും ഉറപ്പിച്ച് നിശ്ചയവും നടത്തി. പിന്നീട് ഷഫീഖിന് ചെറുപ്പക്കാര്‍ പണികൊടുക്കുന്നതും മറ്റുമായി സിനിമ നീങ്ങുകയാണ്. 

രണ്ടാം പകുതിയുടെ പകുതി വരെയും മയക്കുമരുന്നും അതിന് പെണ്‍കുട്ടികളും ആണ്‍കുട്ടികളും എങ്ങിനെ അടിമപ്പെടുന്നു എന്നതും മയക്ക് മരുന്ന് റാക്കറ്റിനെയും ഒക്കെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു കഥയായിരുന്നു. ഇത് കാണുമ്പോള്‍ ഒരു ക്രൈംത്രില്ലറിന്റെ മണമടിക്കും. അപ്പോള്‍ പ്രേക്ഷകരും അതിന്റെ പിന്നാലെ കുറച്ചങ്ങ് ചിന്തിച്ചുപോയി ത്രില്ലടിക്കാന്‍ തുടങ്ങും. എന്നാല്‍ രണ്ടാം പകുതി വല്ലാത്ത അടിയായിപ്പോയി.

ഒരു ന്യൂസ് സ്റ്റോറിയില്‍ കാണുന്നതിനേക്കാള്‍ എന്ത് പ്രത്യേകതയാണ് സിനിമയുടെ ക്ലൈമാക്‌സില്‍ ചേര്‍ത്തിരിക്കുന്ന ഭാഗങ്ങള്‍ക്കുള്ളതെന്ന് മനസ്സിലാകുന്നില്ല. കൊല്ലാന്‍ വരുന്നവന്‍ കണ്ണീരൊഴുക്കി തിരിച്ചുപോകുന്നതും മനസ്തപിക്കുന്നതുമെല്ലാം കണ്ടപ്പോള്‍.. ഇതെന്തൊരു പ്രഹസനമാണ് സജീ... എന്ന് പറയാനാണ് തോന്നിയത്. 

പട്ടാളക്കാരന്‍ ഷഫീഖിന്റെ കൂട്ടുകാരന്റെ പെങ്ങള്‍ മയക്കുമരുന്നിന് അടിമപ്പെടുന്നതും അവള്‍ക്കൊരു കൗണ്‍സില്‍ വേണമെന്ന് ഡോക്ടര്‍ പറയുന്നതുമൊക്കെ കാണിക്കുന്നുണ്ട്. പിന്നീട് വിവാഹാഘോഷത്തിനിടയില്‍ പോലും അവള്‍ 'മരുന്ന്' വാങ്ങാന്‍ പോകുന്നതും തുടങ്ങി, അവളെ കഥയുടെ കേന്ദ്രസ്ഥാനത്തേയ്ക്ക് കൊണ്ടുവന്ന് പ്രേക്ഷകരെ അവളുടെ പിന്നാലെ കൊണ്ടുപോയിട്ട്, അവസാനം അവളെ ആ കുരുക്കില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമം പോലും നടത്താതെ പാതി വഴിയില്‍ ഉപേക്ഷിച്ച്, സിനിമ മറ്റൊരു വഴിയ്ക്ക് പോയി. അപ്പോള്‍ അന്തം വിട്ട് നില്‍ക്കുന്ന പ്രേക്ഷകരെ പിടിച്ച് വലിച്ച് വേറെ റൂട്ടിലേക്ക് മാറ്റി, അവസാനം, പട്ടാളക്കാരന് സ്തുതിയും പാടി സിനിമ അവസാനിപ്പിച്ചു. ഇവിടെ സംവിധായകന്റെയാണോ തിരക്കഥാകൃത്തിന്റെയാണോ, ആരുടെയോ കിളി പോയിട്ടുണ്ട്. 

തിരക്കഥയുടെ പോരായ്മയാണ് മുഴച്ചുനില്‍ക്കുന്നത്. സിനിമയുടെ പകുതി വരെ കഥ വലിയ കേടുപാടുകളൊന്നുമില്ലാതെ പോയതാണ്. അതിന് ശേഷം നല്ലൊരു ത്രില്ലറിലേക്ക് മാറേണ്ടിയിരുന്ന സിനിമയെ ഒരു ന്യൂസ് സ്‌റ്റോറിയാക്കിയത് എന്തിനാണെന്ന് ദയവായി തിരക്കഥാകൃത്ത് പി ബാലചന്ദ്രന്‍ പറഞ്ഞ് തരണം. 

സ്‌കൂള്‍ ബസ് ആക്‌സിഡന്റാകുന്ന രംഗം കിടിലമായിരുന്നു. അതില്‍ നിന്ന് ആളുകളെ രക്ഷിക്കുന്ന രംഗമൊക്കെ കണ്ടപ്പോള്‍ സീറ്റില്‍ നിന്ന് അറിയാതെ എഴുന്നേറ്റ് പോയി. പക്ഷേ, അതുവരെ കൊണ്ടുപോയ മയക്കുമരുന്ന് കഥയുമായൊക്കെ ഈ സംഭവത്തിന് ബന്ധമുണ്ടൊയെന്ന് ചോദിച്ചാല്‍... കൈമലര്‍ത്തേണ്ടിവരും. പിന്നെ പട്ടാളക്കാരന്റെ കഥയായതുകൊണ്ട്, അയാളുടെ ഒരു മനക്കരുത്തും ധീരതയും സേവനമനോഭാവവും നാടിനോടുള്ള പ്രതിബദ്ധതയും ഒക്കെ കാണിക്കാനായിരുന്നു ഈ രംഗം. അവസാന ഭാഗത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ വളരെ കുറച്ച് നേരം കൊണ്ട് അവസാനിപ്പിച്ചതും കഷ്ടമായിപ്പോയെന്നേ പറയേണ്ടു. അത് കുറച്ചുകൂടിയൊക്കെ ഉള്‍പ്പെടുത്തുകയും ക്ലൈമാക്‌സിലെ ന്യൂസ് സ്‌റ്റോറി വെട്ടി വെട്ടി ചെറുതാക്കുകയും ചെയ്യണമായിരുന്നു. 

ഛായാഗ്രഹണത്തിലും മറ്റ് സാങ്കേതിക കാര്യങ്ങളിലുമൊക്കെ, പ്രത്യേകിച്ച് ആ ആക്‌സിഡന്റ് രംഗത്തിലുമെല്ലാം സിനിമ മികച്ചു നിന്നു. ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് പറയാവുന്നത് ആ ആക്‌സിഡന്റ് രംഗമാണ്. 

അഭിനയത്തിന്റെ കാര്യത്തില്‍ ആരെയും കുറ്റം പറയാനൊക്കില്ല. ഒരു പട്ടാളക്കാരന്റെ രൂപഭാവങ്ങളെല്ലാം ടൊവീനോയ്ക്ക് ഉണ്ടായിരുന്നു. സംയുക്തമേനോനും പ്രണയിനിയുടെ റോളില്‍ നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു. ഷെഫീഖിന്റെ അച്ഛന്റെ റോളില്‍ സിനിമയുടെ തിരക്കഥാകൃത്ത് പി ബാലചന്ദ്രനും തരക്കേടില്ലായിരുന്നു. ഷെഫീഖിന്റെ കൂട്ടുകാരനായി അഭിനയിച്ച നിര്‍മ്മല്‍ പാലാഴി അവസാന രംഗങ്ങളില്‍ നല്ല പ്രകടനമായിരുന്നു. 

തിരക്കഥയിലാണ് സിനിമ പാളിയതെന്ന കാര്യത്തില്‍ സംശയമില്ല. മയക്കുമരുന്ന് എന്ന സംഗതിയില്‍ പിടിച്ച് അതിന്റെ പിന്നാലെ പോയി, മയക്കുമരുന്ന് റാക്കറ്റിന്റെ ഉള്ളില്‍ കടന്ന്, അതിലെ രീതികളും കാര്യങ്ങളുമെല്ലാം കാണിച്ച് വളരെ റിയലിസ്റ്റിക്കായി കഥ പറഞ്ഞ് പോയിരുന്നെങ്കില്‍ പുതുമയുള്ള ഒരു സിനിമ മലയാളത്തിന് ലഭിച്ചേനെ.  ഇതിപ്പോള്‍ ആന കൊടുത്താലും ആശ കൊടുക്കരുതെന്ന് പറയുകയേ നിവര്‍ത്തിയുള്ളൂ.  

Editors Choice