കായംകുളം കൊച്ചുണ്ണി ഒരു കാഴ്ചയാണ്

വാമൊഴിക്കഥകളിലൂടെയും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല പോലുള്ള രചനകളിലൂടെയും ഓരോ മലയാളിയ്ക്കും പരിചിതനായ വീരനാണ് കായംകുളം കൊച്ചുണ്ണി. പുതുതലമുറയാകട്ടെ ചിത്രകഥകളിലൂടെയും ടിവി സീരിയലുകളിലൂടെയും സിനിമയിലൂടെയുമെല്ലാം പാവപ്പെട്ടവരുടെ പ്രിയങ്കരനായ കള്ളനെ കാണുകയും കേള്‍ക്കുകയും ചെയ്തു. അതുകൊണ്ട് എല്ലാവര്ക്കും അറിയാവുന്ന ഒരു കഥ സിനിമയാക്കുക എന്നത് വെല്ലുവിളി തന്നെയാണ്. പക്ഷേ കായംകുളം കൊച്ചുണ്ണിയുടെ കഥ അതേപടി സിനിമയാക്കുകയല്ല ഇവിടെ ചെയ്തിരിക്കുന്നത്. ഒരു സിനിമയ്ക്കായി കായംകുളം കൊച്ചുണ്ണിയുടെ കഥയെ അവലംബിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍. കേട്ടു പറഞ്ഞ കഥയില്‍ നിന്നും ചില കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊണ്ട് വലിയൊരു മാസ് മസാല പടത്തിന് വേണ്ട മൂലകങ്ങള്‍ ചേര്‍ത്തൊരുക്കിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. അതായത് കേട്ട് പഴകിയ കായം കുളം കൊച്ചുണ്ണിയെ അല്ല സിനിമയില്‍ കാണാന്‍ സാധിക്കുക.
ചിത്രം തുടങ്ങുമ്പോള്‍ തന്നെ ഏറെ ആകര്‍ഷിക്കപ്പെടുന്നത് ഓരോ ഫ്രെയിമിന്റെയും മനോഹാരിതയിലേക്കാണ്. ഹിന്ദിയില്‍ ദേവദാസ്, രങ്ദേ ബസന്തി, മുന്നാ ഭായ്, തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം ഛായാഗ്രഹണം നിര്‍വ്വഹിച്ച ബിനോദ് പ്രഥാനും തമിഴിലും ഹിന്ദിയിലും ഹിറ്റ് സിനിമകളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച നീരവ് ഷായും ചേര്‍ന്നാണ് കായംകുളം കൊച്ചുണ്ണിയെ ക്യാമറയില്‍ പകര്‍ത്തിയത്. ആ മികവ് ഓരോ ഫ്രെയിമിലും പതിഞ്ഞിട്ടുണ്ടെന്നത് എടുത്തുപറയുന്നു. 1800കളുടെ പശ്ചാത്തലം സൃഷ്ടിച്ചെടുക്കുന്നതില്‍ കലാസംവിധായകന്‍ വന്‍വിജയമായിരുന്നു. അക്കാലത്തെ വീടുകള്‍, അങ്ങാടികള്‍, ആഘോഷങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം അതേപടി പകര്‍ത്തിവെച്ചതുപോലെ ഗംഭീരമായിരുന്നു. ഉഡുപ്പി, മംഗലാപുരം, മഞ്ചേശ്വരം എന്നിവടങ്ങളിലാണ് സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ആ സെറ്റ് തന്നെയാണ് സിനിമയുടെ മൂഡ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കളര്‍ ഗ്രേഡിങും മാറ്റ് കൂട്ടി. വസ്ത്രാലങ്കാരവും എടുത്തുപറയേണ്ടതാണ്. ഓരോ കഥാപാത്രത്തിനും വേണ്ട വസ്ത്രങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ കാണിച്ച സൂക്ഷ്മതയ്ക്ക് കയ്യടിക്കണം.
വലിയ കഥപറച്ചിലനപ്പുറം ഒരുപാട് കാഴ്ചകള്‍ നിറഞ്ഞതാണ് കായംകുളം കൊച്ചുണ്ണി. പ്രേക്ഷകനെ ത്രില്ലടിപ്പിക്കാന്‍ പറ്റിയ വീരസാഹസികതകള്ക്കാണ് സിനിമ പ്രാധാന്യം നല്‍കിയിരിക്കുന്നത്. കള്ളന്റെ മകനായി ജനിച്ച് ചെറിയ മോഷണങ്ങള്‍ നടത്തി അവസാനം വലിയ കള്ളനായി മാറിയ ആളല്ല കൊച്ചുണ്ണിയെന്നും പകരം ജാതിവ്യവസ്ഥയും ബ്രിട്ടീഷ് ഭരണവും അവനെ കള്ളനാക്കിയതാണെന്നും സിനിമ സമര്‍ത്ഥിക്കുകയാണ്.
കൊച്ചുണ്ണിയുടെ ബാല്യകാലം കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. കൊച്ചുണ്ണിയുടെ അച്ഛന് ബാപ്പൂട്ടി കള്ളനാണെങ്കിലും അയാള്‍ മോഷ്ടിക്കുന്നത് മൂന്ന് പേരടങ്ങുന്ന കുടുംബത്തിന്റെ വിശപ്പ് മാറ്റാനാണ്. അച്ഛനെ ഉടുമുണ്ടുരിഞ്ഞ് മരത്തില്‍ കെട്ടിയിട്ട് തല്ലുന്നത് കണ്ട് താന്‍ ഒരിക്കലും മോഷ്ടിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്നുണ്ട് കൊച്ചുണ്ണി. കള്ളന് ബാപ്പൂട്ടിയുടെ മകനായി അറിയപ്പെടരുതെന്ന് ആഗ്രഹിച്ച അമ്മയുടെ നിര്‍ദേശപ്രകാരം കൊച്ചുണ്ണി നാടുവിടുകയും ചെയ്യുന്നു. ഈ കൊച്ചുകുളങ്ങരക്കാരന് കൊച്ചുണ്ണി പിന്നെങ്ങിനെ മലയാള രാജ്യം കണ്ട ഏറ്റവും വലിയ കള്ളനായി, കായംകുളം കൊച്ചുണ്ണിയായി മാറിയതെന്നാണ് സിനിമ പറയുന്നത്.
വളരെ കുറച്ച് കാര്യങ്ങളേ ബാല്യകാലത്തില്‍ അവതരിപ്പിച്ചിട്ടുള്ളൂ. എന്നാല്‍ അവതരിപ്പിച്ചതത്രെയും മനോഹരമായിരുന്നു. പ്രത്യേകിച്ച് ബാപ്പൂട്ടിയെ ഓടിച്ചിട്ട് പിടിച്ച് തല്ലുന്ന രംഗങ്ങള്‍ ഒട്ടും സിനിമാറ്റിക് ആകാതെ വളരെ തന്മയത്വത്തോടെയാണ് ചിത്രീകരിച്ചത്.
യൗവ്വനത്തിലെ കൊച്ചുണ്ണിയും പിന്നീട് കേരളക്കര പാടിനടന്ന കൊച്ചുണ്ണിയും തമ്മില്‍ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലുമെല്ലാം ഏറെ വ്യത്യാസമുള്ളതായി സിനിമ പറഞ്ഞുവെയ്ക്കുന്നു. ഏതൊരു യുവാവിനെയും പോലെ ആവേശവും ധൈര്യവും അഭ്യാസവും ഒപ്പം വീമ്പ് പറച്ചിലും പ്രണയവുമൊക്കെയുള്ള ഒരാളാണ് കൊച്ചുണ്ണി. ജാതിവ്യവസ്ഥയോടും ബ്രീട്ടീഷ് ഭരണത്തോടും കൊച്ചുണ്ണിയ്ക്ക് എതിര്‍പ്പുണ്ടെങ്കിലും അതിനെതിരെ ശബ്ദമുയര്‍ത്താനോ പ്രതികരിക്കാനോ യുവാവായ കൊച്ചുണ്ണി മടിയ്ക്കുന്നു. എന്നാല്‍ അതേസമയം തന്നെ പുലയപ്പെണ്ണിനെ അപമാനിക്കാനൊരുങ്ങുന്ന സായിപ്പിനെതിരെ കയ്യുയര്‍ത്തുന്നതും കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ച് പെരുമ്പാമ്പിനെ കീഴ്പ്പെടുത്തുന്നതും അഞ്ച് വര്‍ഷം കൊണ്ട് പഠിക്കേണ്ട അഭ്യാസമുറകള്‍ 40 ദിവസം കൊണ്ട് പഠിച്ചെടുത്തതുമൊക്കെ കാണിച്ച് കായംകുളം കൊച്ചുണ്ണിയിലേക്കുള്ള പരിണാമത്തിന് ആവശ്യമായ ചേരുവകള്‍ കൊച്ചുണ്ണിയിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്നുമുണ്ട് സിനിമ.
ആദ്യഭാഗത്തിന്റെ അവസാനവും രണ്ടാം ഭാഗത്തിന്റെ ആദ്യവും സ്ക്രീനില്‍ നിറഞ്ഞു നിന്ന ഇത്തിക്കര പക്കിയ്ക്കാണ് കായംകുളം കൊച്ചുണ്ണിയേക്കാളും കയ്യടി മുഴുവന്‍ കിട്ടിയത്. സിനിമയിലെ പ്രധാന കഥാപാത്രം ഒരു ദേശം മുഴുവന്‍ വാഴ്ത്തുന്ന കായംകുളം കൊച്ചുണ്ണിയാണ്. എന്നാല്‍ ആ കായംകുളം കൊച്ചുണ്ണിയ്ക്ക് വാഴ്ത്ത് പാടാന്‍ സിനിമ കണ്ടിറങ്ങുന്ന ഒരാള്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം, പ്രേക്ഷക മനസ്സില്‍ ഒരു ആവേശം ഉണര്‍ത്തുന്ന നായകനാകാന്‍ നിവിന്‍ പോളി അവതരിപ്പിച്ച കൊച്ചുണ്ണിയ്ക്ക് കഴിയുന്നില്ല. ചിത്രീകരണത്തിന്റെ മികവും പശ്ചാത്തല സംഗീതവും അടക്കമുള്ള ചില ഘടകങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കൊച്ചുണ്ണിയുടെ വീര്യം സ്വാംശീകരിക്കാന്‍ പ്രേക്ഷകന് സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണ്. എന്നാല്‍ കുറച്ച് സമയത്തേയ്ക്കാണെങ്കിലും സിനിമയില്‍ വന്ന് പോയ ഇത്തിക്കര പക്കിയാകട്ടെ ആവേശം പകരുന്ന നായകനായി മനസ്സില്‍ പതിഞ്ഞുകിടക്കുകയും ചെയ്യുന്നു.
രണ്ടാം പകുതിയിലാണ് കായംകുളം കൊച്ചുണ്ണിയുടെ വീരസാഹസികതകള്‍ പ്രകടമാകുന്നത്. കുതിരപ്പുറത്തിരുന്നുള്ള ആക്രമണവും കൊള്ളയുമെല്ലാം അതി ഗംഭീരം. കേശവക്കുറുപ്പുമായി നടത്തുന്ന കളരിപ്പയറ്റ് സീനുകളെല്ലാം കിടിലോല്‍കിടിലം. കായംകുളം കൊച്ചുണ്ണിയെ പിടിയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളും അതിനെതിരെ കൊച്ചുണ്ണി പ്രയോഗിക്കുന്ന തന്ത്രങ്ങളുമെല്ലാം കൊണ്ട് ആവേശഭരിതമാണ് രണ്ടാം പകുതി. കൊച്ചുണ്ണിയെ പിടികൂടാനായി ഗ്രാമങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ടവരുടെ അന്നം മുട്ടിക്കുമ്പോള്‍ അവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ കൊച്ചുണ്ണി പ്രയോഗിക്കുന്ന തന്ത്രമെല്ലാം ശരിക്കും ആവേശം കൊള്ളിച്ചു.
ഒരു സീന്‍ പോലും ചിത്രത്തില്‍ അനാവശ്യമായിരുന്നില്ല. പാളിച്ചകളില്ലാതെ തിരക്കഥയൊരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ടിനെ അഭിനന്ദിക്കാം. ചരിത്രം പറയുന്നതിനേക്കാള്‍ ഉപരി, ഒരു മാസ് എന്റര്ടെയിനറൊരുക്കാനാണ് തിരക്കഥാകൃത്തുക്കളും സംവിധായകന് റോഷന് ആന്‍ഡ്രൂസും ശ്രമിച്ചിരിക്കുന്നത്. ഇതിനായി കായംകുളം കൊച്ചുണ്ണിയുടെ ചരിത്രം പോലും തിരുത്തിയെഴുതിയിട്ടുണ്ട്. ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ചരിത്രവുമായി വലിയ ബന്ധമില്ലാത്തതാണ്. ചരിത്രത്തില്‍ നിന്നും ചില ആശയങ്ങള്‍ മാത്രമേ ഉള്‍ക്കൊണ്ടിട്ടുള്ളൂ. കായംകുളം കൊച്ചുണ്ണിയുടെ പേരും തിരക്കഥാകൃത്തുക്കളുടെ ഭാവനയും ക്രിയാത്മകതയും ചേര്‍ന്നപ്പോള്‍ കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് കഥയായി. അത്രമാത്രം.
ക്ലൈമാസാണ് സിനിമയുടെ ഹൈലൈറ്റ്. അതുവരെ മെല്ലെ മെല്ലെ ത്രില്ലടിപ്പിച്ച് അവസാനം അതിന്റെ ഉച്ചിയിലെത്തിയ അനുഭവമായിരുന്നു. കൂടുതലൊന്നും പറയുന്നില്ല, തിയേറ്ററില്‍ പോയി തന്നെ കാണുക.
പ്രിയ ആനന്ദാണ് കൊച്ചുണ്ണിയുടെ കാമുകി ജാനകിയായെത്തുന്നത്. കുറച്ചധികം വീറും വാശിയുമുള്ള പെണ്ണ് തന്നെയാണ് ജാനകി. കൊച്ചുണ്ണിയെ ഒരുപോലെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്ന ജാനകി ഒരു നിര്‍ണായക കഥാപാത്രമാണ്. ജാനകിയെ തെറ്റില്ലാതെ തന്നെ പ്രിയ അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചുണ്ണി കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന കഥാപാത്രങ്ങളാണ് ബാബു ആന്റണിയുടെ തങ്ങളും സണ്ണി വെയ്ന്റെ കേശവക്കുറുപ്പും. ക്ലൈമാക്സ് രംഗങ്ങളില്‍ തങ്ങള്‍ കൊച്ചുണ്ണിയോളം വലുതായി. നെഗറ്റീവ് റോളില്‍ സണ്ണിവെയ്നും സുധീര്‍ കരമനയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഷൈന്‍ ടോം ചാക്കോ, മണികണ്ഠന് ആചാരി എന്നിവരും തങ്ങളുടെ റോള്‍ മനോഹരമാക്കി.
ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ക്ലൈമാക്സിലെ ഗാനവും നിരാശപ്പെടുത്തിയില്ല. കളരിയടവും എന്ന് തുടങ്ങുന്ന ഗാനത്തിന് ഒരു പ്രത്യേക ഫീല്‍ തന്നെ നല്കാന് കഴിഞ്ഞു. ഷോബിന്‍ കണ്ണങ്ങാട്ടും റഫീഖ് അഹമ്മദും രചിച്ച വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.
മുമ്പിറങ്ങിയ പല ചരിത്ര സിനിമകളുടെയും പാറ്റേണ്‍ തന്നെയാണ് കായംകുളം കൊച്ചുണ്ണിയും പിന്തുടര്ന്നിരിക്കുന്നത്. എങ്കിലും ആകെ മൊത്തം നോക്കിയാല്‍ ഒരു കാഴ്ച തന്നെയാണ് കായംകുളം കൊച്ചുണ്ണി.
- ലോകകപ്പ് കൗണ്ട്ഡൌൺ തുടങ്ങി; ജൂൺ 16 ന് ഇന്ത്യ-പാക് പോര്; മത്സരക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് ഐസിസി
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....