• 22 Apr 2019
  • 12: 18 AM
Latest News arrow

'ലൂസിഫർ': വലിയ തിന്മയും ചെറിയ തിന്മയും തമ്മിലുള്ള ഏറ്റുമുട്ടൽ

സാങ്കേതികതയെ ഒപ്പം നിർത്തി ആളും ആരവവുമായി മലയാളത്തിൽ ചലച്ചിത്രങ്ങൾ ആവിഷ്കരിച്ച ഐ.വി.ശശി, ജോഷി, ഷാജി കൈലാസ് എന്നിവർക്കൊരു പിൻഗാമിയുണ്ടായിരിക്കുകയാണ്. ആ പിൻഗാമിയുടെ പേരാണ് 'ലൂസിഫർ' സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരൻ. ഹിന്ദിയിലാണെങ്കിൽ അദ്ദേഹത്തെ ഉപമിക്കാവുന്നത് പൊളിറ്റിക്കൽ-ക്രൈം ത്രില്ലറുകളായ 'സർക്കാർ' സീരീസ് പോലെ ചിത്രങ്ങളൊരുക്കിയ രാംഗോപാൽ വർമ്മയോടോ അല്ലെങ്കിൽ രാഷ്ട്രീയ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന പ്രമുഖ സംവിധായകനായ, 'രാജനീതി', 'സത്യഗ്രഹ' പോലെ ചിത്രങ്ങളൊരുക്കിയ പ്രകാശ് ഝായോടോ ആവാം. പൃഥ്വിരാജ് 'ആദ്യമായി' സംവിധാനം ചെയ്ത 'ലൂസിഫർ' എന്ന ചലച്ചിത്രം കാണുമ്പോൾ ക്വന്റിൻ ടറന്റിനോയെപ്പോലുള്ള സംവിധായകരുടെ ചില ഹോളിവുഡ് ത്രില്ലറുകളുടെ ഫ്രെയിമുകളും നിരന്തരം ബഹുഭാഷാചലച്ചിത്രങ്ങൾ കാണുന്നവർക്ക് ഓർമ്മ വന്നേക്കാം. എന്തായാലും നന്നായി ഹോംവർക്ക് ചെയ്ത് തന്നെയാണ് പൃഥ്വിരാജ് ഈ പ്രവൃത്തിക്ക് ഇറങ്ങിത്തിരിച്ചത് എന്ന് 'ടെയ്‌ലർ മെയ്ഡ്' ഫ്രെയിമുകൾ കണ്ടാൽ മനസ്സിലാവും. ഒപ്പം ഡയലോഗുകളുടെ അതിപ്രസരമില്ലാതെ നടീനടന്മാരുടെ ശരീരഭാഷയെയും ദൃശ്യങ്ങളെയും ഉപയോഗിച്ച് കഥപറയുന്ന സമർത്ഥമായ രീതിയും അദ്ദേഹം പരീക്ഷിച്ചിരിക്കുന്നു.

പൊളിറ്റിക്കൽ ത്രില്ലർ മാത്രമല്ല 'ലൂസിഫർ', ഒരു ക്രൈം ത്രില്ലർ കൂടിയാണ്. അക്കഥ ശരിക്കും മനസ്സിലാകണമെങ്കിൽ ചിത്രത്തിന്റെ  തുടക്കവും ടെയ്ൽ എൻഡും ടൈറ്റിൽ കാർഡിനൊപ്പമുള്ള ക്ലിപ്പിംഗുകളും കാണണം. അപ്പോൾ ആദിമധ്യാന്തമുള്ള ഒരു ചലച്ചിത്രം തന്നെയാണ് 'ലൂസിഫർ' എന്ന് പ്രേക്ഷകന് മനസ്സിലാകും.  

തുടക്കം ഫ്രാൻസിലെ ഇന്റർപോൾ ഓഫീസിൽ നിന്നാണ്. ഇന്റർപോൾ തേടുന്ന ഖുറേഷി അബ്രാം എന്ന  അധോലോകനായകനെക്കുറിച്ചുള്ള പരാമർശത്തോടെ. പിന്നീട് കഥ കേരളത്തിലേക്ക്. ഗോവർദ്ധൻ (ഇന്ദ്രജിത്ത്) എന്ന സത്യാന്വേഷിയിലൂടെ പ്രധാന കഥാപാത്രങ്ങൾ ഓരോരുത്തരായി വരവായി. ഐ.യു.എഫ് എന്ന പാർട്ടിയുടെ നേതാവും ജനപ്രിയ മുഖ്യമന്ത്രിയുമായിരുന്ന  പി.കെ രാംദാസ് ( സച്ചിൻ കെദേക്കർ) അന്തരിച്ചു. പകരം ആര്? അദ്ദേഹത്തിന്റെ മകൾ പ്രിയദർശിനി രാംദാസ് ( മഞ്ജു വാര്യർ), പ്രിയദർശിനിയുടെ രണ്ടാം ഭർത്താവ് ബിസിനസ്സുകാരനായ ബോബി  എന്ന ബിമൽ നായർ, പ്രിയദർശിനിയുടെ അനുജൻ ജതിൻ രാംദാസ് (ടൊവീനോ തോമസ് ), പാർട്ടിയിൽ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന മഹേഷ് വർമ്മ (സായി കുമാർ ), നെടുമ്പള്ളി മണ്ഡലത്തിലെ പാർട്ടിയുടെ ശക്തിയും രാംദാസ് എടുത്തുവളർത്തിയവനുമായ സ്റ്റീഫൻ നെടുമ്പള്ളി ( മോഹൻലാൽ ) എന്നിവരേയാണ് ഗോവർദ്ധൻ പ്രേക്ഷകന് മുൻപിൽ അവതരിപ്പിക്കുന്നത്. എന്നാൽ ആശ്രമത്തിലെ അനാഥരായ കുട്ടികളുമൊക്കെയായി കഴിയുന്ന സ്റ്റീഫനെ 'ചില കാരണങ്ങളാൽ' ആ വീട്ടിൽ രാംദാസിന് മാത്രമേ താല്പര്യമുണ്ടായിരുന്നുള്ളൂ. അധോലോകവുമായി ബന്ധമുള്ള ബോബിക്കാവട്ടെ തന്റെ മയക്കുമരുന്ന് ബിസിനസ്സും മറ്റും കേരളത്തിൽ വ്യാപിപ്പിക്കുന്നതിനും പാർട്ടിക്ക് ഫണ്ട് സംഘടിപ്പിക്കുന്നതിനും തന്റെ ആജ്ഞാനുവർത്തിയായ ഒരു മുഖ്യമന്ത്രിയെയാണ് ആവശ്യം. അങ്ങനെ വിദേശത്തുള്ള  ജതിനെ നാട്ടിലെത്തിക്കുന്നു. പിന്നീട് നടക്കുന്ന വിവിധ സംഭവങ്ങളിലൂടെ കഥ പുരോഗമിക്കുകയാണ്. 

ഗോവർദ്ധന്റെ കണ്ടെത്തലുകൾ, സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനുള്ള പാർട്ടി ചാനലിന്റെ ശ്രമങ്ങൾ, ബോബിയും മുംബൈ അധോലോകവും നടത്തുന്ന ഇടപെടലുകൾ, ഡ്രഗ് മാഫിയ, ഫണ്ടിംഗ് , നേതാക്കൾ തമ്മിലുള്ള കാലുവാരലുകളും ബ്ളാക്ക് മെയ്‌ലിങ്ങും ഭീഷണികളും, അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വിക്രിയകൾ, ഇതിനിടയിൽ രാംദാസിന്റെ കുടുംബത്തെ സംരക്ഷിക്കാനിറങ്ങുന്ന സ്റ്റീഫൻ നെടുമ്പള്ളിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ... പിന്നെ തോക്കുകൾ കഥപറയാൻ തുടങ്ങും. ഒപ്പം സായെദ് മസൂദ് ( പൃഥ്വിരാജ്) എന്ന സ്നൈപ്പറിന്റെ രംഗപ്രവേശവും മോർട്ടാർ ആക്രമണങ്ങളും സ്ഫോടനങ്ങളും....ഐറ്റം ഡാൻസ്,  വെടി, പുക, .....

ടെയ്ൽ എൻഡിൽ കഥ വീണ്ടും കേരളത്തിൽ നിന്നും  മഞ്ഞുപൊഴിയുന്ന റഷ്യയിലെത്തും. ക്ലൈമാക്സിനു ശേഷം  ടൈറ്റിൽ കാർഡിൽ കാണിക്കുന്ന ക്ലിപ്പിംഗുകൾ കൂടി കണ്ടാലേ രണ്ടു മണിക്കൂർ അമ്പത്തിമൂന്ന് മിനിറ്റ് നീളുന്ന 'ലൂസിഫർ' എന്ന ചലച്ചിത്രം 'ശരിക്കും'  മനസ്സിലാക്കാൻ കഴിയൂ. 

ചെറുതും വലുതുമായ 36-ഓളം കഥാപാത്രങ്ങൾ ലൂസിഫറിലുണ്ട്. അതിൽ പ്രധാനപ്പെട്ട 27 കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ തന്നെ അതിപ്രധാനപ്പെട്ട പത്തോളം കഥാപാത്രങ്ങളാണ് ഉള്ളത്. ഇതിൽ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയാണ് ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം എന്ന് പറയേണ്ട കാര്യമില്ലല്ലോ. എന്നാൽ ചെറുതായാലും വലുതായാലും  എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തിത്വം നൽകാൻ സംവിധായകൻ ശ്രമിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം. കൂടാതെ ദീർഘഭാഷണങ്ങൾക്ക് പ്രാധാന്യം നൽകാതെ കഥാപാത്രങ്ങളുടെ ശരീരഭാഷയിലൂടെയും പഞ്ച് ഡയലോഗുകളിലൂടെയും ചലച്ചിത്രത്തിന്റെ ടെംപോ നിലനിർത്താനും സംവിധായകന് കഴിഞ്ഞു. കഥാപാത്രത്തിന് അനുയോജ്യമായ വിധത്തിൽ മോഹൻലാലിൻറെ ശരീരഭാഷ മാറ്റിയെടുത്തത് സംവിധായകന്റെ വിജയം തന്നെയാണ്.

മുരളി ഗോപിയുടെ തിരക്കഥയുടേയും സുജിത് വാസുദേവിന്റെ ക്യാമറയുടേയും ദീപക് ദേവിന്റെ സംഗീതത്തിന്റെയും സംജിത് മൊഹമ്മദിന്റെ എഡിറ്റിംഗിന്റെയും പിൻബലവും പൃഥ്വിരാജിന് ഈ ഒരു 'മാസ്സ്' ചിത്രമൊരുക്കാൻ തുണയായി.

 "Its better to rule in Hell, than serve in Heaven" എന്ന് പറഞ്ഞ നരകത്തിലേക്ക് വീണ ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖ മാത്രമല്ല 'ലൂസിഫർ' എന്ന് ഈ വാക്കിനർത്ഥം തിരഞ്ഞുപോയാൽ കാണാം. വെളിച്ചം വിതറുന്ന ശുക്രനക്ഷത്രം എന്നൊരർത്ഥവും 'ലൂസിഫർ' എന്ന വാക്കിനുണ്ട്. 'ലൂസിഫറി'ന്റെ അപ്രത്യക്ഷമാകലും പ്രത്യക്ഷപ്പെടലുമൊക്കെയും പുരാണങ്ങൾ തിരഞ്ഞു പോയാൽ കാണാം. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം പറയുന്നത് പോലെ "ഇത് നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലല്ല; തിന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലാണ്. വലിയ തിന്മയും ചെറിയ തിന്മയും തമ്മിലുള്ള ഏറ്റുമുട്ടൽ". ഇത് തന്നെയാണ് 'ലൂസിഫർ എന്ന  ചലച്ചിത്രത്തിന്റെ കഥാസാരവും.

ചലച്ചിത്രങ്ങളെ വിനോദോപാധി (Entertainer) എന്ന നിലയിലാണ് ഭൂരിപക്ഷം പ്രേക്ഷകരും കാണുന്നത്. ജനപ്രിയ ചലച്ചിത്രമെന്ന ഗണത്തിൽപ്പെടുത്തി അത്തരം പ്രേക്ഷകർക്ക് ആഹ്ലാദിക്കാനുള്ള ചേരുവയെല്ലാം പൃഥ്വിരാജ് 'ലൂസിഫറി'ൽ ചേർത്തിട്ടുണ്ട്. അവരുടെ മുന്നിലാണ് പൃഥ്വിരാജ് 'ലൂസിഫർ' അവതരിപ്പിക്കുന്നതും അവരെ കാണാൻ ക്ഷണിക്കുന്നതും. ഈയൊരു യാഥാർത്ഥ്യം ഉൾക്കൊണ്ട് ടിക്കറ്റെടുക്കുന്ന പ്രേക്ഷകനെ  ഒരിക്കലും നിരാശപ്പെടുത്തില്ല 'ലൂസിഫർ'.