• 25 Apr 2018
  • 03: 38 PM
Latest News arrow

റോള്‍ മോഡല്‍സ്: കോമഡി ഷോ @ വെള്ളിത്തിര

പെരുന്നാളൊക്കെയല്ലേ...ചിരിക്കാണ്ട് മസിലും വീര്‍പ്പിച്ച് നടന്നാല്‍ എങ്ങിനെ പെരുന്നാള്‍ ആഘോഷമാകും. അപ്പോ നിറയെ മതിമറന്ന് ചിരിക്കാനുള്ള എല്ലാ വിഭവങ്ങളും ഒരുക്കി വെച്ചാണ് റോള്‍ മോഡല്‍സ് വിളിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിച്ച് മറിയാം. ഷറഫുദ്ദീനും വിനായകനും വിനയ് ഫോര്‍ട്ടും പിന്നെ ഫഹദ് ഫാസിലുമാണ് ചിരിയുടെ വിളമ്പുകാര്‍. ഇവര്‍ മടുക്കുന്ന സമയത്ത് സ്രിന്ദ അഷാബും സംവിധായകന്‍ റാഫി തന്നെയും വിളമ്പ് പാത്രം പിടിച്ച് വാങ്ങുന്നുണ്ട്. അങ്ങിനെ, ചിരിയുടെ പൂരമൊന്നുമല്ലെങ്കിലും രണ്ട് മണിക്കൂറിലേറെ സമയം തുടരെ തുടരെ ചിരിപ്പടക്കങ്ങള്‍ ഇട്ട് പൊട്ടിക്കുന്നുണ്ട് റോള്‍ മോഡല്‍സ്. അതുകൊണ്ട് ഇതൊരു തമാശപ്പടമാണെന്ന് രണ്ട് വാക്കില്‍ വിശേഷിപ്പിക്കാം.

വിനായകനും ഷറഫുദ്ദീനും തീര്‍ക്കുന്ന കോമഡിയിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഈ ഒരൊറ്റ സീന്‍ മതി, സിനിമയുടെ മൊത്തം ട്രാക്ക് ഏതെന്ന് പിടികിട്ടാന്‍. എഞ്ചിനിയറിങ്ങിന് പഠിച്ചുകൊണ്ടിരുന്ന ഇരുവരും പ്രത്യേക സാഹചര്യത്തില്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് സ്വന്തമായി ഓരോരോ സംരഭങ്ങളില്‍ ഏര്‍പ്പെട്ടു കഴിയുകയാണ്. ഈ സമയത്താണ് പഴയ പ്രൊഫസര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്വന്തം മകന്റെ ഉറ്റ സുഹൃത്തുക്കളും സര്‍വ്വോപരി താന്‍ കോളേജില്‍ നിന്ന് പടിയിറക്കി പിണ്ഠം വെച്ചവരുമായ റെക്‌സിയെയും (ഷറഫുദ്ദീന്‍) ജ്യോതിഷിനെയും (വിനായകന്‍) സുബഹാനെയും (വിനയ് ഫോര്‍ട്ട്) തേടിയിറങ്ങുന്നത്. ഉദ്ദേശ്യം, സ്വന്തം മകനെ (ഗൗതം) അല്‍പ്പം വഷളാക്കിയെടുക്കാന്‍! സംഭവം മാതാപിതാക്കള്‍ മകനെ നന്നാക്കാന്‍ നോക്കിയതാണ്. അധികമായാല്‍ അമൃതും വിഷമെന്നാണല്ലോ... ഇപ്പോള്‍ മകന്‍ അന്യനാണോ, മായാവിയാണോ അതോ ചൂടുവെള്ളം തലയില്‍ വീണ കോഴിയാണോ അതുമല്ലെങ്കില്‍ 'ഗേ'യാണോ എന്നൊന്നും മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് പറ്റുന്നില്ല. യന്ത്രം കണക്കിന് ജീവിക്കുന്ന മകനെ ഒന്നു വഷളാക്കിയെടുക്കാനുള്ള, പ്രൊഫസറുടെ അഭ്യര്‍ത്ഥന മാനിച്ച് ആ ദൗത്യം ഏറ്റെടുക്കുകയാണ് കൂട്ടുകാര്‍. ഇവരുടെ ദൗത്യനിര്‍വ്വഹണങ്ങളാണ് സിനിമയില്‍ ചിരിമാല തീര്‍ക്കുന്നത്. 

വളിപ്പന്‍ കോമഡികളോ ദ്വായര്‍ത്ഥ പ്രയോഗങ്ങളോ ഒന്നും തന്നെ തീര്‍ത്ത് പ്രേക്ഷകരെ മനം മടുപ്പിക്കാതെ കയ്യും കാലുമെടുത്ത് വായുടെ വ്യാപ്തം കൂട്ടി വെളുക്കനെ പൊട്ടിച്ചിരിക്കാന്‍ പോന്ന കൗണ്ടര്‍ കോമഡികളും സിറ്റുവേഷന്‍ കോമഡികളുമാണ് ചിത്രത്തില്‍ മുഴുനീളം ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ അതിനിടയില്‍ മറ്റു പല സിനിമകളും വളരെ ഗൗരവത്തോടെ പറഞ്ഞ, അവയുടെ കാതലും സത്തുമായ വിഷയങ്ങളെ കോമഡിയുടെ ട്രാക്കില്‍ പറയുകയും എന്നാല്‍ അതിന്റെ ഗൗരവം അല്‍പ്പം പോലും ചോര്‍ന്നു പോകാതെ സൂക്ഷിക്കുകയും ചെയ്തുവെന്നതാണ് റോള്‍ മോഡല്‍സിന് മാര്‍ക്ക് നേടിക്കൊടുക്കുന്നത്. മാതാപിതാക്കള്‍ മക്കളുടെ നന്‍മയെക്കരുതി ചെയ്യുന്ന പല കാര്യങ്ങളും അവരുടെ ജീവിതത്തില്‍ എത്രമാത്രം ഗുരുതരമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഈ സിനിമ പറയാതെ പറയുന്നുണ്ട്. തന്റെ മകന്‍ വഴി തെറ്റുന്നതല്ല, കൂട്ടുകാരാണ് അവരെ വഴി തെറ്റിക്കുന്നതെന്ന സ്ഥിരം പല്ലവി പറയാത്തവര്‍ മാതാപിതാക്കളല്ല എന്നതാണ് നാട്ടുനടപ്പ്. ഏതെങ്കിലും പ്രശ്‌നങ്ങള്‍ക്കെതിരെ മക്കള്‍ ശബ്ദമുയര്‍ത്തിയാല്‍ അവര്‍ തോന്ന്യാസികളായി. ഒന്നും കണ്ടില്ല, കേട്ടില്ല എന്ന് നടിച്ച് നടന്നാല്‍ അവര്‍ ഉത്തമസന്താനങ്ങള്‍. ഇത്തരത്തില്‍ മക്കളെ കഷ്ടപ്പെട്ട് നന്നാക്കാന്‍ നോക്കുന്ന മാതാപിതാക്കളെ ട്രോളിക്കൊല്ലുകയാണ് റോള്‍ മോഡല്‍സ്. എന്നാല്‍ അനൂപ് മേനോന്‍ ടൈപ്പ് ഉപദേശിയാകാനൊന്നും സിനിമ ശ്രമിക്കുന്നില്ല. പകരം നമ്മളെ ചിരിപ്പിച്ച് ചിരിപ്പിച്ച് എല്ലാം മനസ്സിലാക്കിത്തരും. 

എന്നാല്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത ചില കാര്യങ്ങളുമുണ്ട്. മാതാപിതാക്കളുടെ നന്നാക്കല്‍ പ്രക്രിയയില്‍ മനം മടുത്താണ് ഗൗതം (ഫഹദ് ഫാസില്‍) വിചിത്രമായ മാനസികാവസ്ഥയിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. ഇനിയാരും എന്നോട് പഠിക്കാതിരിക്കാന്‍ പറയരുത് എന്ന ഡയലോഗ് പറഞ്ഞിട്ടായിരുന്നു 'ചൂടുവെള്ളം തലയില്‍ വീണ കോഴി' യുടെ അവസ്ഥയിലേക്കുള്ള ഗൗതമിന്റെ എന്‍ട്രി. അതായത് പുള്ളിക്കാരന്‍ സ്വയം സൃഷ്ടിച്ചെടുത്ത ചട്ടക്കൂടാണ് അതെന്ന് അര്‍ത്ഥം. കുറേക്കാലം കഴിഞ്ഞപ്പോള്‍ സംഗതി കൈവിട്ടുപോയെന്ന് മനസ്സിലാക്കുന്ന മാതാപിതാക്കള്‍ ഗൗതമിനെ മാനസിക രോഗ വിദഗ്ധനെ കാണിക്കുന്നതിലും തെറ്റു പറയാന്‍ പറ്റില്ല. പക്ഷേ ഗൗതം തന്നെ തന്റെ 'രോഗം' മാറാന്‍ ഈ ഡോക്ടറുടെ പിന്നാലെ പോകുന്നതിന്റെ അര്‍ത്ഥം പിടികിട്ടിയില്ല. സിനിമയുടെ അവസാന ഭാഗത്ത് ഗൗതമിന്റെ കാമുകി ശ്രേയ (നമിത പ്രമോദ്) ഈ വിചിത്രമായ അവസ്ഥയില്‍ നിന്നും പുറത്തുവരണമെന്ന് ഗൗതമിനോട് പറയുകയും ഗൗതം സമ്മതിക്കുകയും ചെയ്യുന്നുണ്ട്. അതായത് പുള്ളിക്കാരന് ശരിക്കും വട്ടാണോ അല്ലെങ്കില്‍ വട്ടായിട്ട് അഭിനയിക്കുകയാണോ എന്ന കാര്യത്തില്‍ അല്‍പ്പം ആശയക്കുഴപ്പമുണ്ട്. രാത്രിയിലെ അന്യനായുള്ള ഭാവമാറ്റവും ഇതില്‍ ഏത് ഗണത്തിലാണ് പെടുന്നതെന്നും പറയുക വയ്യ. അല്ല, ഓന്‍ എല്ലാം അറിഞ്ഞോണ്ടാണ് ചെയ്യണതെങ്കില്‍ പിന്നെ ഈ ഡോക്ടറെ ഒരു അനിവാര്യ ഘടകമായി കാണുന്നതെന്തിന്? 

ഇങ്ങിനെയൊരു കണ്‍ഫ്യൂഷനിലാണ് ആദ്യ പകുതി അവസാനിക്കുന്നത്. രണ്ടാം പകുതിയില്‍ എന്തോ വലിയ രഹസ്യം ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകുമെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍. പക്ഷേ രഹസ്യമൊന്നും ഉണ്ടായിരുന്നില്ല, ഇത്തിരി ഫ്‌ളാഷ് ബാക്ക് വെളിപ്പെട്ടുകിട്ടിയെന്ന് മാത്രം. എന്തായാലും ഫ്‌ളാഷ് ബാക്കുകളെ വര്‍ത്തമാന കാലവുമായി കൂട്ടിയിണക്കിയതില്‍ എഡിറ്ററുടെ കഴിവ് പ്രകടമായിരുന്നു. 

അതിനിടയില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ അഭിനയമല്ല, പകരം അദ്ദേഹത്തിന് നല്‍കിയ റോളിന്റെ പ്രാധാന്യമാണ് നിരാശജനകം. യാഥാര്‍ത്ഥത്തില്‍ അങ്ങിനെയൊരു റോളിന്റെ ആവശ്യം തന്നെയുണ്ടായിരുന്നില്ല. കോമഡിയ്ക്ക് വേണ്ടിയായിരുന്നു ഈ കഥാപാത്ര സൃഷ്ടിയെങ്കില്‍ തുറന്നുപറയാം, അദ്ദേഹത്തിന്റെ ഒരു ഡയലോഗും ചിരിയുണര്‍ത്തിയില്ല. വെറുതെ ഒരു അധികപറ്റാക്കേണ്ടിയിരുന്നില്ല മലയാള സിനിമയിലെ കഴിവുള്ള ഈ നടനെ. എന്നാല്‍ ചെറുതെങ്കിലും സ്രിന്ദ അഷാബിന്റെ വേഷം നന്നായിരുന്നു. സ്രിദ്ധയുടെ ക്രിസ്റ്റി എന്ന കഥാപാത്രവും കുറേ ചിരിപ്പടക്കങ്ങള്‍ പൊട്ടിച്ചു. ഗൗതമിന്റെ മാതാപിതാക്കളായെത്തിയ രഞ്ജി പണിക്കരും സീതയും തങ്ങളുടെ വേഷം മികച്ചതാക്കി. 

കാമുകിയുടെ തേപ്പാണ് ഗൗതമിന്റെ അവസ്ഥയ്ക്ക് കാരണമെന്ന് കരുതിയിട്ടാണോ എന്തോ ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാനുള്ള ദൗത്യമായിരുന്നു മൂന്ന് കൂട്ടുകാര്‍ക്കും. എന്നാല്‍ നേരത്തെ പറഞ്ഞ നന്നാക്കല്‍ പ്രക്രിയയില്‍ ഇരയായ കാമുകി ഒരുതരത്തിലും അടുക്കാതെ വന്നതോടെ സംഗതി പാളി. പിന്നെയെല്ലാം വിധിയായിരുന്നു. ആ വിധിയാണ് സിനിമയുടെ ക്ലൈമാക്‌സ്. കോമഡിയും ആക്ഷനും ട്രാജഡിയും വീണ്ടും കോമഡിയും സാരോപദേശവും പ്രണയവും എല്ലം കൂടി ഒരു മലവെള്ളപ്പാച്ചില്‍പ്പോലെ കുതിച്ചെത്തുകയായിരുന്നു ക്ലൈമാക്‌സില്‍. 

അടുത്തതെന്തെന്ന് ഊഹിക്കാന്‍ ആര്‍ക്കും കഴിയാത്ത രീതിയിലാണ് സിനിമയുടെ പോക്ക്. ഏറ്റക്കുറച്ചിലുകളൊന്നുമില്ലാത്ത ഒരു കഥ. കഥയെന്ന് പറയാന്‍ പറ്റില്ല. തമാശയ്ക്കായി ഒരുക്കിയ ഒരു പശ്ചാത്തലം എന്ന് മാത്രം വിശേഷിപ്പിക്കാം. ക്ലൈമാക്‌സില്‍ കാത്തുവെച്ചിരുന്ന മലയാള സിനിമയുടെ ഒരു എവര്‍ഗ്രീന്‍ കഥാപാത്രത്തിന്റെ എന്‍ട്രി പക്ഷേ അതിഗംഭീരമായിരുന്നു. എന്നാല്‍ അതുവരെ സാരോപദേശങ്ങളൊന്നും നല്‍കാന്‍ ശ്രമിക്കാതിരുന്ന സിനിമ ആ കഥാപാത്രത്തെ ഉപദേശിയാക്കിയത് വേണമെങ്കില്‍ ക്ഷമിച്ചുകൊടുക്കാം. എന്തായാലും മൊത്തത്തില്‍ റോള്‍മോഡല്‍സ് എന്ന സിനിമ, ടിവിയിലെ കോമഡി ഷോകളുടെ വെള്ളിത്തിര വേര്‍ഷനായിട്ടുണ്ട്.