• 25 Apr 2018
  • 03: 38 PM
Latest News arrow

പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് വീണ്ടും; ചങ്ക് പറിച്ചെടുത്ത് തൊണ്ടിമുതലും ദൃക്സാക്ഷിയും

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളാണ് മലയാള സിനിമയ്ക്ക് മഹേഷിന്റെ പ്രതികാരം എന്ന സിനിമ നല്‍കിയത്. ജീവിതത്തെ അതേപടി സിനിമയില്‍ പകര്‍ത്തിയാല്‍ ബോറടിക്കുമെന്ന സ്ഥിരം പല്ലവിയെ ഉടച്ചുവാര്‍ത്ത് യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ജീവന്‍ സ്വീകരിച്ച് തുടിയ്ക്കുന്ന സിനിമയെന്തെന്ന് കാണിച്ചു തന്നത് മഹേഷിന്റെ പ്രതികാരമാണ്. കൃത്രിമ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാരിപ്പൊത്തി ഒരു വില്‍പ്പന വസ്തുവാക്കി ചന്തയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന സിനിമയെ തേച്ചുകുളിപ്പിച്ച് വൃത്തിയാക്കി നെഞ്ചോട് ചേര്‍ത്തുവെച്ചു ദിലീഷ് പോത്തന്‍ എന്ന സിനിമാ പ്രേമി. ദിലീഷ് പോത്തന്‍ കണ്ടത് സിനിമയുടെ സ്വാഭാവിക സൗന്ദര്യമാണ്. ആരാധിച്ചത് താരങ്ങളെയല്ല സിനിയുടെ വ്യക്തിത്വത്തെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകള്‍ താരാരാധനയ്ക്കും അതിശയോക്തികള്‍ക്കും ശവക്കുഴി തോണ്ടിയത്.  

മഹേഷിന്റെ പ്രതികാരത്തിന് ശേഷം വെള്ളിത്തിര കണ്ട ജീവിതം മണക്കുന്ന സിനിമയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. 24 മണിക്കൂര്‍ നീണ്ട ഒരു ദിവസത്തെ ജീവിതത്തില്‍ രണ്ടര മണിക്കൂര്‍ അടച്ചിട്ട ഇരുട്ടുമുറിയില്‍ കയറി വേറെ ഏതോ ലോകത്തേയ്ക്ക് പോയി ഭ്രമിച്ചിരുന്ന്, അതിന് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചിറങ്ങിപ്പോരുന്ന സിനിമാ അനുഭവമല്ല തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രേക്ഷകന് നല്‍കുന്നത്. ആലപ്പുഴയിലെ തവണക്കടവ് വരെ ഒന്നു പോയി പ്രസാദിനെയും ശ്രീജയെയും ഒക്കെ കണ്ട്, അവരോടൊപ്പം ജങ്കാറിലും ബസിലും അങ്ങാടിയിലും ഒക്കെ ചുറ്റിക്കറങ്ങി, ഇരുവരുടെയും വീട്ടിലൊക്കെപ്പോയി കുടുംബാംഗങ്ങളെയൊക്കെ പരിചയപ്പെട്ട്, അവരുടെ പ്രണയത്തിനും വിവാഹത്തിനും  ദൃക്സാക്ഷിയാകാം. അതിന് ശേഷം കാസര്‍ഗോട്ടേക്ക് പോകാം. വിവാഹത്തിന് ശേഷം നാട്ടില്‍ നില്‍ക്കാന്‍ സാധിക്കാതെ വരുന്ന പ്രസാദിനും ശ്രീജയ്ക്കുമൊപ്പം കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാം. യാത്രയ്ക്കിടയില്‍ തന്റെ മാല പൊട്ടിച്ചെന്ന് പറഞ്ഞ് ശ്രീജ ചൂണ്ടിക്കാണിക്കുന്നയാള്‍ക്കിട്ട് രണ്ട് പൂശുപൂശി അയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാം. പിന്നെ മാല തിരിച്ചെടുക്കാന്‍ ശ്രീജയോടും പ്രസാദിനോടുമൊപ്പം പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങാം. ഇടയ്ക്ക് പൊലീസുകാരൊടൊപ്പം 'മലംകോളില്‍' പങ്കാളിയാകാം, കള്ളന്റെ പിന്നാലെ പായാം. ഇങ്ങിനെ രണ്ടേകാല്‍ മണിക്കൂറിനുള്ളില്‍ പരിചയമില്ലാത്ത കുറേ ആളുകളോടൊപ്പം പല സ്ഥലങ്ങളില്‍ പോയി പല സാഹചര്യങ്ങളിലൂടെ കടന്നുപോകാം. ഇതൊന്നും പോരാത്തതിന് ഇതുവരെ പൊലീസ് സ്റ്റേഷന്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് 'മൂന്ന് ദിവസത്തോളം' പൊലീസുകാരോടൊപ്പം കഴിയുകയും ചെയ്യാം.

ഇങ്ങിനെയൊക്കെ സംഭവിക്കുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും ഒരു സിനിമാ അനുഭവത്തിന് അപ്പുറം ഒരു ജീവിതാനുഭവമായി മാറുന്നതുകൊണ്ടാണ്. പ്രേക്ഷകന്റെ കയ്യടി വാങ്ങിയാണ് സിനിമ തുടങ്ങിയത് തന്നെ. നാടകത്തിനാണോ അതോ സിനിമയ്ക്കാണോ കയറിയതെന്ന് ഒരുനിമിഷം അന്തിച്ചുപോകുന്ന ഗംഭീരതുടക്കം. നാടകത്തിന് കയറിയത് നമ്മളല്ല, കഥാപാത്രമാണെന്ന് മനസ്സിലായതോടെ കൂട്ടക്കയ്യടി. പിന്നെ നായകന്റെ എന്‍ട്രി. യഥാര്‍ത്ഥത്തില്‍ അതൊരു തിരയലാണ്. ഉത്സവപ്പറമ്പില്‍ നാടകം കണ്ടുകൊണ്ടിരിക്കുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ചെന്ന് അവരുടെ ഇടയില്‍ നിന്ന് നായകനെ (സുരാജ് വെഞ്ഞാറമ്മൂട്) കണ്ടെടുക്കുന്നു. ഇവിടെ തുടങ്ങി സിനിമ അവസാനിക്കുന്നതുവരെയുള്ള ഓരോ സീനിലും സ്വാഭാവികതയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും വിസ്‌ഫോടനമാണ് നടക്കുന്നത്. ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് സിനിമയിലേക്കുള്ള പകര്‍ത്തലാണ് അത്. 

രാത്രിയില്‍ മഞ്ഞും കൊണ്ടിരുന്നിട്ട് തുമ്മാന്‍ തുടങ്ങുന്നതോടെ നാടകംകാണല്‍ പകുതിയ്ക്ക് വെച്ച് മതിയാക്കി എഴുന്നേറ്റു പോകുന്ന നായകന്‍, പിന്നില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍, അതില്‍ ഒരു ഓട്ടോയുടെ പിന്നില്‍ മറഞ്ഞിരുന്ന് മദ്യപിക്കുന്ന നായകന്റെ സുഹൃത്തുക്കള്‍, അവരോടൊപ്പം കൂടി മദ്യപിക്കുന്ന നായകന്‍, തുടര്‍ന്ന് രാവിലെ അമ്മ തേയ്പ്പ് മേശയില്‍ ചുരുണ്ടുകൂടിക്കിടന്ന നായകനെ വിളിച്ചെഴുന്നേല്‍പ്പിക്കുന്നതും നായകന്‍ പോയിക്കഴിഞ്ഞ് ഷീറ്റ് മടക്കി തേയ്ക്കാന്‍ തുടങ്ങുന്നതും....ഇങ്ങിനെ പറഞ്ഞു തുടങ്ങിയാല്‍ സിനിമയുടെ അവസാനം വരെ ഓരോ സീനും പറയേണ്ടി വരും. അതിനേക്കാളുപരി പറയാന്‍ കഴിയുമെന്നതാണ് സത്യം. ഇത്രമാത്രം മോഹിപ്പിച്ച്, കൊതിപ്പിക്കുന്ന സീനുകള്‍ ഇതിന് മുമ്പ് മഹേഷിന്റെ പ്രതികാരത്തിലാണ് കണ്ടത്. 

നായികയുടെ (നിമിഷ സജയന്‍) വരവും തകര്‍ത്തു. ഇതാ ഇപ്പോ വന്നു പോയില്ലേ...അതാട്ടോ നായിക, എന്ന് പറഞ്ഞുകൊടുക്കേണ്ടി വരുന്ന തരത്തിലുള്ള എന്‍ട്രിയായിരുന്നു നായികയുടേത്. പിന്നീടുള്ള പ്രസാദിന്റെയും ശ്രീജയുടെയും പ്രണയം, പ്രണയം ശ്രീജയുടെ അമ്മ അറിയുന്ന രീതി, അമ്മയുടെ തല്ല് സഹിക്കാതെ ബാത്ത്‌റൂമില്‍ കയറിയിരിക്കുന്ന ശ്രീജ, ചേച്ചിയുടെ പ്രതികരണം, അച്ഛന്റെ വരവ്....തുടങ്ങി എല്ലാം നമ്മുടെ അടുത്ത ഒരു കൂട്ടുകാരി സ്വന്തം അനുഭവം വിവരിയ്ക്കുന്നതു പോലെയായിരുന്നു. ഇവിടെയാണ് ദിലീഷ് പോത്തന്‍ സിനിമയോട് വീണ്ടും ഇഷ്ടം കൂടുന്നത്. സജീവ് പാഴൂര്‍, തന്റെ മുമ്പില്‍ കണ്ട ആളുകളെയും കേട്ടും കണ്ടും അറിഞ്ഞ സംഭവങ്ങളെയും കൂട്ടിയിണക്കി മെനഞ്ഞെടുത്ത കഥ, ദിലീഷ് പോത്തന്‍ യഥാര്‍ത്ഥ സംഭവമെന്ന തരത്തില്‍ മുമ്പില്‍ കൊണ്ടുവെച്ചു, അത്രമാത്രം.

സിനിമയുടെ ആദ്യപകുതിയുടെ പകുതി മാത്രമേ ഇതുവരെ പറഞ്ഞിട്ടുള്ളൂ. അവ തന്നെയും ഇത്ര ഹൃദയസ്പര്‍ശിയെങ്കില്‍ ബാക്കിയുള്ളവ എങ്ങിനെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഫഹദ് ഫാസിലിന്റെ നടനവൈഭവം ചങ്കത്തുകൊണ്ടത് ഈ സിനിമ കണ്ടപ്പോഴാണ്. കണ്ണുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. തുടര്‍ന്നുള്ള ഓരോ രംഗങ്ങളിലും ഫഹദ് അഭിനയിച്ചതും കണ്ണുകൡലൂടെയായിരുന്നു. കള്ളത്തരം കയ്യോടെ പിടിയ്ക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് തെളിയുന്ന കള്ളലക്ഷണവും ആ നോട്ടവും ഒരു കാലത്തും മനസ്സില്‍ നിന്ന് മായില്ല. ശ്രീജയുടെ മാലയും പ്രസാദിന്റെ പേരും കട്ടെടുത്ത കള്ളന്‍ പ്രസാദിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്യുന്ന സമയത്ത് നടത്തുന്ന സംഭാഷണമുണ്ട്. അലന്‍സിയറുടെ പൊലീസ് കഥാപാത്രം ചോദ്യങ്ങള്‍ ചോദിക്കുകയും കള്ളന്‍ പ്രസാദ് അതിന് മറുപടി പറയുകയും ചുറ്റുകൂടി നില്‍ക്കുന്ന പൊലീസുകാരുടെ പ്രതികരണങ്ങളുമെല്ലാം കൂടിയുള്ള ഒരു രംഗം. ഫഹദ് എന്ന നടനോട് ആരാധന തോന്നുന്നത് ഈ ഒരു രംഗത്തിലാണ്. എന്തിനാണ് നീ നാടു വിട്ട് പോയത് എന്ന ചോദ്യത്തിന് ഒരു രസത്തിന് എന്നുള്ള കള്ളന്‍ പ്രസാദിന്റെ (ഫഹദ്) മറുപടി...ഹോ അപാരം.

കാസര്‍ഗോട്ടെ ഷേണിയില്‍ നടക്കുന്ന ഒരു മോഷണവും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും ചുറ്റുപാടും അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ കാതല്‍. എന്നാല്‍ ഈ കഥ പറച്ചിലില്‍ പറയാതെ പറയുന്ന രാഷ്ട്രീയവും സാമൂഹിക പ്രശ്‌നങ്ങളുമുണ്ട്. കുറ്റം ആരോപിക്കപ്പെടുന്ന ഒരാളെ അയാളുടെ കുറ്റം തെളിയിക്കപ്പെടുന്നതിന് മുമ്പ് കുറ്റവാളിയായി ചിത്രീകരിച്ച് കൈ വെയ്ക്കുന്നത', കൈ വെയ്ക്കുന്നവരില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന വ്യക്തികളുടെ സ്ഥാനമാനം, പൊലീസ് സ്റ്റേഷനിലെ കരുതല്‍ തടവുകാരന്‍ (ഇയാളുടെ എന്‍ട്രി കാണിക്കുന്ന ദൈര്‍ഘ്യമേറിയ ഒറ്റ ഷോട്ട്...!!! ലിജോ ജോസ് പെല്ലിശ്ശേരി സൂക്ഷിച്ചോ), മൊബൈല്‍ ടവറിന്റെ പേരിലുള്ള തര്‍ക്കം, മിശ്രവിവാഹം, നിരപരാധിത്വം ആവര്‍ത്തിക്കുന്ന കള്ളനെക്കൊണ്ട് സത്യം പറയിപ്പിക്കാന്‍ നടത്തുന്ന മര്‍ദ്ദനവും തുടര്‍ന്ന് മര്‍ദ്ദിക്കുന്ന പൊലീസുകാരുടെ നിസ്സഹായവസ്ഥയും ആശങ്കയും, പരാതിക്കാരനെക്കൊണ്ട് പൊലീസ് സ്റ്റേഷനിലേക്കുള്ള സാധനങ്ങള്‍ അടുത്തുള്ള സ്റ്റേഷനറി കടയില്‍ നിന്നും വാങ്ങിക്കുന്നത്, പരാതിക്കാരില്‍ നിന്നും പരാതി എഴുതി വാങ്ങിക്കുന്ന 'രണ്ട്' രീതികള്‍, കള്ളന്റെ പിന്നാലെ പായുന്ന പൊലീസുകാരും പരാതിക്കാരനും നാട്ടുകാരും, പ്രതി കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയാല്‍ പിന്നെ പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങള്‍, അത് പൊലീസുകാരെയും അവരുടെ ജീവിതത്തെയും എങ്ങിനെ ബാധിക്കുമെന്നത്, മൂന്നാം മുറ, സിഐയുടെ വരവ്, പൊലീസ് സേനയിലെ അധികാരശ്രേണിയുടെ പച്ചയായ ആവിഷ്‌കാരം, മേല്‍വിലാസമോ ഐഡിന്റിറ്റി കാര്‍ഡോ ഇല്ലാത്ത കള്ളനും തൊഴിലില്ലായ്മയും നാടുവിടലും, സിനിമയെങ്ങിനെ ഒരു റിയലിസ്റ്റിക് ത്രില്ലറായി മാറുന്നു, നിസ്സഹായരായ മനുഷ്യര്‍ എങ്ങിനെ അടുത്ത നിമിഷത്തില്‍ ഹിംസാത്മക ഭാവം കൈക്കൊള്ളുന്നു, 'ഈ പ്രായത്തില്‍ നല്ല വിശപ്പാണ്' എന്ന ഒറ്റ ഡയലോഗിലൂടെ കള്ളന്‍ പ്രസാദിന്റെ ജീവിതം വരച്ചുകാട്ടുന്നത്, അതിജീവനത്തിനായി മനുഷ്യര്‍ എന്തെല്ലാം ചെയ്തുകൂട്ടുന്നു...പട്ടിക നീളുകയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയവും വ്യക്തിപരവും സാമൂഹികവുമായി വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് പറയാനുള്ള ശ്രമമാണ് നടത്തിയത്. പക്ഷേ അത് പറയാന്‍ കഴിയുന്ന ഒന്നല്ല, സിനിമ കണ്ട് ഉള്‍ക്കൊള്ളുകയും ചിന്തിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന സീനുകള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ല, മറിച്ച് കയ്യും കാലുമെടുത്ത് പൊട്ടിച്ചിരിക്കുകയാവും ചെയ്യുക. 

ഈ സിനിമയില്‍ കോമഡിയ്ക്കായി ഒന്നും ചേര്‍ത്തിട്ടില്ല, ജീവിതത്തിന്റെ നേര്‍ക്കാഴ്ച അതേപടി ആവിഷ്‌കരിക്കുകയാണ് ചെയ്തത്. പക്ഷേ സിനിമ കഴിയുന്നതുവരെ നിങ്ങള്‍ പൊട്ടിച്ചിരിക്കും. സിനിമ കഴിഞ്ഞാല്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കും. സിനിമാക്കഥ മറ്റുള്ളവരോട് പറയുമ്പോള്‍ അവരെയും ചിരിപ്പിക്കും. 

ഏത് കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് നേരത്തെ തന്നെ തെളിയിച്ച അഭിനയപ്രതിഭയാണ് സുരാജ് വെഞ്ഞാറമ്മൂട്. കഴിഞ്ഞയാഴ്ച ഇറങ്ങിയ റോള്‍ മോഡല്‍സില്‍ അദ്ദേഹത്തെ 'തിരുകിക്കയറ്റി'യതിന്റെ ദേഷ്യം തീര്‍ന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടപ്പോഴാണ്. സുരാജ് വെഞ്ഞാറമ്മൂട് എന്ന നടനെയല്ല മറിച്ച് വൈക്കത്തുക്കാരന്‍ പ്രസാദിനെയാണ് സിനിമയില്‍ കണ്ടത്. പ്രസാദിന്റെ അബദ്ധങ്ങളും ആകുലതകളും നിസ്സഹായതയും അതിജീവനവുമെല്ലാം മറ്റൊരാളെ ആ കഥാപാത്രമായി സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം സുരജ് ഗംഭീരമാക്കി. പുതുമുഖം നിമിഷ സജയനും പതര്‍ച്ചകളില്ലാതെ തന്റെ കഥാപാത്രത്തെ ഗംഭീരമാക്കി. നടപ്പിലും സംസാര രീതിയിലും ചിരിയിലും ദേഷ്യവും ആകുലതയും സംഘര്‍ഷവും പ്രകടിപ്പിക്കുമ്പോഴുമെല്ലാം സ്വാഭാവികത അല്‍പ്പം പോലും കൈവിട്ടുപോകാത്ത അഭിനയമായിരന്നു നിമിഷയുടേത്. അലന്‍സിയറിന്റെ പൊലീസ് കഥാപാത്രവും ചിത്രത്തിന്റെ നെടുംതൂണാണ്. ഒരു മനുഷ്യന്‍ അനുഭവിക്കുന്ന സകല വികാരങ്ങളും അടുത്തടുത്ത നിമിഷങ്ങളില്‍ അലന്‍സിയറുടെ പൊലീസ് കഥാപാത്രത്തില്‍ മാറി മാറി വരുന്നുണ്ട്. പരാതിക്കാരുടെ മുമ്പില്‍ ഒരാള്‍, പ്രതിയുടെ മുമ്പില്‍ മറ്റൊരാള്‍, എസ്‌ഐയുടെയും സഹപ്രവര്‍ത്തകരുടെയും മുമ്പില്‍ വേറൊരാള്‍ ഇങ്ങിനെ വ്യത്യസ്ത ഭാവങ്ങളിലൂടെയുള്ള വേഷപ്പകര്‍ച്ചയാണ് അലന്‍സിയര്‍ കാഴ്ചവെയ്ക്കുന്നത്. ഇനിയുമുണ്ട് പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടു കൂട്ടിയ നിരവധി കഥാപാത്രങ്ങള്‍. എസ്‌ഐ ആയി അഭിനയിച്ച യഥാര്‍ത്ഥ സിഐ, ഇടയ്ക്ക് കയറിവരുന്ന സിഐ, യൂണിഫോമിടാത്ത വിവേകത്തോടെ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, കരുതല്‍ തടവുകാരന്‍ തുടങ്ങി ഓരോ രംഗങ്ങളിലും വന്നും പോയുമിരിക്കുന്ന നിരവധിയാളുകള്‍ പ്രേക്ഷന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. 

ദിലീഷ് പോത്തന്‍ തന്നെ പറഞ്ഞതു പോലെ സിനിമയ്ക്ക് മുകളില്‍ മുഴച്ചു നില്‍ക്കാത്ത ഛായാഗ്രഹണമാണ് രാജീവ് രവി നടത്തിയത്. ആലപ്പുഴയിലെയും കാസര്‍ഗോട്ടെയും അന്തരീക്ഷത്തെ തനിമ നഷ്ടപ്പെടാതെ കൃത്രിമത്വമില്ലാതെ അതേപടി ക്യാമറയില്‍ പകര്‍ത്തി. നാടും നാടിന്റെ സവിശേഷതകളും നാട്ടാരും അവരുടെ ജീവിതരീതിയുമെല്ലാം കഥാപാത്രങ്ങളെപ്പോലെയാണ് സ്‌ക്രീനില്‍ കണ്ടത്. ഓരോ പ്രദേശത്തെയും അവിടുത്തെ സവിശേഷതകള്‍ കൊണ്ട് സിനിമയില്‍ അടയാളപ്പെടുത്തി. ചന്തയും ആള്‍ക്കൂട്ടവും കടകളും ഉത്സവവും കോല്‍ക്കളിയും വരള്‍ച്ചയും വെയിലും നിഴലും ചേര്‍ന്ന അന്തരീക്ഷവുമെല്ലാം ചേര്‍ന്ന ചുറ്റുവട്ട യാഥാര്‍ത്ഥ്യങ്ങളെ രാജീവ് രവി ഒട്ടും അതിശയോക്തിയില്ലാതെ ഒപ്പിയെടുത്തു. ജ്യോതിഷ് ശങ്കറിന്റെ കലാ സംവിധാനവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സ്വാഭാവികതയ്ക്ക് മാറ്റുകൂട്ടി. 

റഫീഖ് അഹമ്മദ്-ബിജിബാല്‍ കൂട്ടുകെട്ടിന്റേതാണ് സംഗീതം. ആദ്യത്തെ പ്രണയ ഗാനത്തിന് ശേഷമുള്ള പാട്ടുകള്‍ കഥ പറച്ചിലിനോട് ചേര്‍ത്തുണ്ടാക്കിയതാണ്. പാട്ടെഴുതുമ്പോഴും ഈണമൊരുക്കുമ്പോഴും അതുവരെ ഷൂട്ട് ചെയ്ത വിഷ്വല്‍സ് കാണിച്ചുകൊടുത്തിരുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍ പറഞ്ഞിട്ടുണ്ട്. അത് ഫലിച്ചുവെന്ന് പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ വ്യക്തമാകും. ടീസറില്‍ കേട്ട ബിജിബാലിന്റെ പശ്ചാത്തല സംഗീതം സിനിമയില്‍ ഇടയ്ക്കിടയ്ക്ക് ചേര്‍ത്തിട്ടുണ്ട്. അത് നല്‍കുന്നത് വല്ലാത്തൊരു മൂഡാണ്. പല സന്ദര്‍ഭങ്ങള്‍ക്കും ഭാവവും അര്‍ത്ഥവും നല്‍കാന്‍ ബിജിബാലിന്റെ പശ്ചാത്തല സംഗീതം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 

പറഞ്ഞു പറഞ്ഞ് തീരാത്ത വിശേഷങ്ങളാണ് മഹേഷിന്റെ പ്രതികാരം മലയാള സിനിമാ ലോകത്തിന് സമ്മാനിച്ചതെന്ന് ഈ നിരൂപണത്തിന്റെ തുടക്കത്തില്‍ പറഞ്ഞു. തൊണ്ടിമുതലും ദൃക്സാക്ഷിയിലുമെത്തുമ്പോഴും ആ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ്. ദിലീഷ് പോത്തന്‍ അടുത്ത സിനിമ ചെയ്യുന്നതുവരെ ഈ സിനിമയെക്കുറിച്ചുള്ള വിലയിരുത്തലുകളും ചര്‍ച്ചകളും തുടരും. അഭിനന്ദന പ്രവാഹങ്ങള്‍ ഏറ്റുവാങ്ങാന്‍ തൊണ്ടിമുതല്‍ ടീം തയ്യാറായിക്കൊള്ളുക.