• 25 Apr 2018
  • 03: 39 PM
Latest News arrow

ഇന്നസെന്റ് എന്ന വാക്കിന്റെ അര്‍ത്ഥം ഇന്നസെന്റ് മറന്നു പോകരുത്

ഇന്നസെന്റ് എന്ന വാക്കിന് നിഷ്‌ക്കളങ്കന്‍, ശുദ്ധന്‍, നിര്‍ദ്ദോഷി, കളങ്കരഹിതന്‍ എന്നൊക്കെയാണ് അര്‍ത്ഥം. പക്ഷെ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് ഈ വിശേഷണങ്ങള്‍ വല്ലതും ചേരുമോ എന്ന് പത്രസമ്മേളനത്തില്‍ നടികളെപ്പറ്റിയുള്ള അഭിപ്രായം കേട്ടാല്‍ ആരും ശങ്കിച്ചു പോകും.  

  മലയാളത്തില്‍ പ്രശസ്ഥയായ ഒരു യുവതിയെ പീഢിപ്പിച്ചത് സംബന്ധിച്ച്് അമ്മയുടെ ജനറല്‍ ബോഡിയോഗത്തില്‍ രണ്ട് പ്രമുഖ നടന്മാര്‍ നടത്തിയ വികാര പ്രകടനവും ചോദ്യം ഉന്നയിച്ച പത്രപ്രവര്‍ത്തകരെ കൂവിയതിലും വിശദീകരണം നല്‍കവേയാണ് നടികള്‍ക്ക് മാത്രമല്ല സ്ത്രീത്വത്തെ മൊത്തത്തില്‍ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുമാറുള്ള വാക്കുകള്‍ ഇന്നസെന്റില്‍ നിന്നുണ്ടായത്.

  ''വനിതകളോട് ആരും കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്ന അവസ്ഥ ഇന്ന് സിനിമാ രംഗത്തില്ല. അങ്ങിനെ വല്ല അനുഭവവുമുണ്ടായാല്‍ ഒരു താരവും പ്രതികരിക്കാതിരിക്കില്ല. ഇനി അഥവാ വല്ലവരും പങ്കിടുന്നുണ്ടെങ്കില്‍ അവര്‍ മോശക്കാരിയായത് കൊണ്ടാവും.

  അക്രമത്തിന് ഇരയായ നടിയെ സംരക്ഷിക്കാനോ സഹായം നല്‍കാനോ അമ്മയ്ക്ക് സാധിച്ചുവോ എന്ന ചോദ്യത്തിന്   ഇന്നസെന്റിന്റെ മറുപടി:

  '  നടിക്ക് ഇങ്ങിനെ ഒരനുഭവമുണ്ടാവുമെന്ന് മുന്‍കൂട്ടി അറിയാനാവുമോ?  ഓരോ ദിവസവും രാവിലെ വനിതാതാരങ്ങളെ വിളിച്ച് വല്ല കുഴപ്പവുമുണ്ടായോ എന്ന് ചോദിക്കാന്‍ സാധിക്കില്ല. നടിയോടൊപ്പം യാത്ര  ചെയ്ത് സംരക്ഷണം നല്‍കാനും സാധിക്കില്ല.'

 രണ്ടും ശരിയാണ്. പക്ഷെ മാഷേ സംഭവത്തിന് ശേഷം ഈ നടിക്ക് സാന്ത്വനം നല്‍കുന്നതിന്  മനസമാധാനം ഉണ്ടാക്കുന്നതിന്,കുറ്റവാളികളെ കണ്ടെത്തുന്നതിന് അമ്മയുടെ ഭാഗത്ത് നിന്നും ആത്മാര്‍ത്ഥമായ, ജനത്തിന് വിശ്വാസത്തിലെടുക്കാവുന്ന എന്ത് നടപടി ഉണ്ടായി?  മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചു പറഞ്ഞത് കൊണ്ടായോ, അവരെ മറ്റുപലരും വിവരം താമസം വിനാ അറിയിച്ചിട്ടുണ്ട്. അങ്ങിനെ ഒരറിയിപ്പില്‍ മാത്രം ആശ്വാസം കൊള്ളാവുന്നതാണോ നടിയുടെ വേദന.

 പോരേ..... എത്ര നിഷ്‌ക്കളങ്കമായ നിര്‍ദ്ദോഷമായ പ്രതികരണം. ഒന്നു ചോദിക്കട്ടെ, ഇങ്ങിനെ ഇത്രയും ലാഘവ ബുദ്ധിയോടെയാണോ ഈ പ്രശ്‌നം കാണേണ്ടത്. ഇന്നസെന്റ് അമ്മയുടെ അച്ഛനായിട്ട് മാതമല്ല ജനം കാണുന്നത് അദ്ദേഹം ജനപ്രതിനിധിയാണ് . കേരളീയരുടെ എം.പിയാണ്. ചാലക്കുടിയില്‍ അദ്ദേഹത്തെ ജയിപ്പിച്ചു വിട്ട വോട്ടര്‍മാര്‍ക്ക് ഈ മറുപടി രൂചിക്കുമോ?   എന്തിന് വീട്ടില്‍ ഭാര്യ ആലിസിനോടും കുടുബത്തിലെ മറ്റു സ്ത്രീകളോടും ചോദിച്ചു നോക്കട്ടെ , താന്‍ പറഞ്ഞത് ശരിയായോ എന്ന്. അവര്‍ക്ക് പോലും രുചിക്കില്ല ഈ നിലപാട്.

 സംഭവത്തില്‍ അമ്മയിലെ പുരുഷ താരങ്ങളുടെ നിലപാട് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. പക്ഷെ വനിതകളോ, അവരിലാരെങ്കിലും ചെറുവിരലനക്കിയതായി സൂചനയില്ല. മാത്രമല്ല അമ്മയുടെ എക്‌സിക്യുട്ടീവ് അംഗമായ ഒരു വനിതാതാരം പത്രസമ്മേളനം നടക്കുമ്പോള്‍ സ്‌റ്റേജില്‍ നിറഞ്ഞുനടന്ന്് പുരുഷ കേസരികളുടെ ചെവിയില്‍ കുശു കുശുക്കുന്നതും പത്രക്കാരെ കൂവുന്നതും ചാനലില്‍ കണ്ടിരുന്നു. തനിക്ക് ഇങ്ങിനെ ഒരനുഭവമുണ്ടായാല്‍ എന്താവുമെന്ന് അവര്‍ ഓര്‍ത്തില്ലെന്നു വേണം കരുതാന്‍.

 അമ്മയുടെ യോഗത്തില്‍ ഞാന്‍ എം.പി അല്ല എന്ന  ഇന്നസെന്റിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ശരിയാണ് താങ്കള്‍ ആ പദവിക്കേ യോഗ്യനല്ല എന്നാണ് പലര്‍ക്കും തോന്നുക. മലയാളത്തില്‍ കഴിവുറ്റ, ജനപ്രിയനായ ഒരു നടനാണ് ഇ്ന്നസെന്റ്. സംസാരത്തിലും എഴുത്തിലുമൊക്കെ അദ്ദേഹം പ്രകടിപ്പിക്കാറുള്ള കാര്യവും കളിയും ജനത്തിന് ഇഷ്ടമാണ്. പക്ഷെ ഇന്നച്ചാാ... വനിതാ താരങ്ങളെ സംബന്ധിച്ചും  അക്രമണത്തിന് ഇരായായ  നടിയുടെ കാര്യത്തിലും താങ്കളുടെ വാക്കും പ്രവര്‍ത്തിയും സിനിമാ പ്രേമികള്‍ക്ക് രസിക്കുന്നതല്ല, രുചിക്കുന്നതല്ല. താങ്കളുടെ പേരിന്റെ മഹിമ മറന്നു പോകരുത് സഖാവേ.... യശശ്ശരീരനായ ഡോ. സുകുമാര്‍ അഴീക്കോട് എതാനും വര്‍ഷം മുമ്പ് പൊതു  ചടങ്ങില്‍ താങ്കള്‍ക്ക് എതിരെ  നടത്തിയ വിമര്‍ശനം മലയാളികളെ ഇടക്കിടെ ഓര്‍മ്മിപ്പിക്കാന്‍ അവസരംമുണ്ടാക്കരുത്.