• 28 Sep 2023
  • 02: 38 PM
Latest News arrow

റിയോയില്‍ ഒളിംപിക്‌ ദീപശിഖയ്‌ക്കെതിരെ വന്‍ പ്രതിഷേധം; പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടി; നഗരപ്രദക്ഷിണം ഉപേക്ഷിച്ചു

മുഖംമൂടിധാരികളെ പിരിച്ചുവിടാന്‍ കുരുമുളക് സ്‌പ്രേയും ടിയര്‍ഗ്യാസും

റിയോ ഡി ജനീറോ : കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ദൂരത്തില്‍ , കൂടുതല്‍ വേഗത്തില്‍....ലോകമെങ്ങുമുള്ള കായികപ്രേമികള്‍ കണ്ണും കാതും റിയോ ഡി ജനീറോയ്ക്കായി മാറ്റി വെക്കവേ അവിടെ നിന്നും വരുന്നത് ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകള്‍ .   മൂന്ന് മാസം കൊണ്ട് ബ്രസീലിലെ വിവിധ നഗരങ്ങളില്‍ പര്യടനം നടത്തി റിയോ ഡി ജനീറോയിലെത്തിയ ഒളിംപിക്‌ ദീപശിഖയെ വരവേറ്റത് ആഘോഷങ്ങളല്ല, വന്‍ പ്രതിഷേധമാണ് എന്ന വാര്‍ത്തയാണ് കായികപ്രേമികളെ നിരാശപ്പെടുത്തുന്നത് . സാമ്പത്തിക മാന്ദ്യവും ആഭ്യന്തരപ്രശ്‌നങ്ങളും സുരക്ഷാഭീഷണിയും കാര്‍മേഘങ്ങളായി പെയ്ത്  ഒളിംപിക്‌സിന്റെ നിറം കെടുത്തുമോ എന്ന ആശങ്കയ്ക്കിടയിലാണ് ദീപശിഖാപ്രയാണത്തിനിടെയുള്ള പ്രതിഷേധവും ലാത്തിചാര്‍ജ്ജും .  ഒളിംപിക്‌സ് നടത്താന്‍ വന്‍തോതില്‍ പണം ദുര്‍വ്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പ്രകടനക്കാര്‍ തെരുവില്‍ ഇറങ്ങിയതെന്നതും പ്രശ്‌നത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. പ്ലക്കാര്‍ഡും കൊടികളുമേന്തി പ്രതിഷേധിച്ചെത്തിയ മുഖംമൂടിധാരികളെ പിരിച്ചുവിടാന്‍ പോലീസിന് കുരുമുളക് സ്‌പ്രേയും ടിയര്‍ ഗ്യാസും  വരെ  പ്രയോഗിക്കേണ്ടിവന്നു.

ബ്രസീലിയന്‍ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ലാര്‍ഡ് ഗ്രേയ്ല്‍ ബോട്ടില്‍ ദീപശിഖ കൊണ്ടുവരുന്നത് കാണാന്‍ തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം സംഘര്‍ഷം ഉടലെടുത്തതോടെ നാലുപാടും ചിതറിയോടി. സംഘര്‍ഷം രൂക്ഷമായതോടെ  ദീപശിഖാ പ്രയാണത്തിന്റെ നഗരപ്രദക്ഷിണം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇത്തവണത്തെ  ഒളിംപിക്‌ ദീപശിഖാ പ്രയാണത്തിനിടെ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് ഇതാദ്യമായാണ്.

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നതിനിടെ കോടികള്‍ ചിലവഴിച്ച്  ഒളിംപിക്‌സ്  മാമാങ്കം നടത്തുന്നതാണ് പ്രതിഷേധക്കാരെ തെരുവിലിറക്കിയത് . ഒളിംപിക്‌ മത്സരങ്ങളുടെ ടിക്കറ്റുകള്‍ പകുതിയും വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇത്  ജനങ്ങളുടെ താത്പര്യക്കുറവിന്റെ ലക്ഷണമാണെന്ന്  പ്രതിഷേധക്കാര്‍ വാദിക്കുന്നു. .