• 21 Oct 2017
  • 03: 51 PM
Latest News arrow

അല്‍ഫോന്‍സ് കണ്ണന്താനം നാളെ കേരളത്തില്‍; മനസ്സില്ലാ മനസ്സോടെ ബിജെപി തങ്ങളുടെ മന്ത്രിയെ സ്വീകരിക്കും

തിരുവനന്തപുരം: മനസ്സിലാ മനസ്സോടെ ബിജെപിയുടെ കേരള ഘടകം നാളെ കേന്ദ്ര ടൂറിസം ഐടി സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് സ്വീകരണം നല്‍കും. വര്‍ഷങ്ങളായി ബിജെപിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരെ തഴഞ്ഞ് വേണ്ടത്ര സംഘടനാ പ്രവര്‍ത്തനമില്ലാത്ത പുതിയ ആളെ മന്ത്രിയാക്കിയതിലുള്ള പരിഭവം മാറ്റിവെച്ചാണ് നാളത്തെ സ്വീകരണം. 

നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്നു മൂവാറ്റുപുഴയിലും ജന്‍മനാടായ കാഞ്ഞിരപ്പള്ളിയിലും അല്‍ഫോന്‍സ് കണ്ണന്താനത്തിന് സ്വീകരണം നല്‍കുന്നുണ്ട്.  സ്വീകരണ സമ്മേളനങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. 

കുമ്മനത്തിന് പോലും ഒരു സൂചന നല്‍കാതെയായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രനേതൃത്വം മന്ത്രിപദത്തിലേക്ക് ഉയര്‍ത്തിയത്. മറ്റ് നേതാക്കള്‍ക്കും ഇതേ കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ചടങ്ങിലേക്ക് നേതാക്കളെ ക്ഷണിച്ചതുമില്ല. ഇത് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അപമാനമായാണ് തോന്നിയത്. 

എന്നാല്‍ കേരളത്തിലെ നേതാക്കളുടെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയും കോഴ ആരോപണവും കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അതാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനത്തിലൂടെ പുറത്തുവന്നത്.