• 26 Feb 2020
  • 07: 15 PM
Latest News arrow

ചെന്നൈയിലേക്ക് ചൈനയെ ആകര്‍ഷിക്കുന്നത്... മോദിയെയും...

മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച ചെന്നൈയില്‍ നടക്കുന്നുവെന്ന വാര്‍ത്ത ഏറെ കൗതുകം ഉണര്‍ത്തുന്നതാണ്. വടക്കേ ഇന്ത്യയിലെ സുപ്രധാന നഗരങ്ങളില്‍, പ്രത്യേകിച്ച് തലസ്ഥാന നഗരയില്‍ മാത്രം നടക്കാറുള്ള അന്താരാഷ്ട്ര കൂടിക്കാഴ്ചകള്‍ക്ക് ഇന്ന് ഒരു മാറ്റം വന്നിരിക്കുകയാണ്. ലോക ശക്തിയായ ചൈനയുടെ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മില്‍ ചെന്നൈയില്‍ വെച്ച് പരസ്പരം സന്ധിക്കുന്നു. തെക്കേ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്ന ഈ അവസരം എന്തുകൊണ്ടെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുകയാണ്.

ചെന്നൈയിലെ മാമല്ലപുരം എന്നറിയപ്പെടുന്ന മഹാബലിപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്. ചരിത്രത്തോടുള്ള ഷി ജിന്‍പിങ്ങിന്റെ താല്‍പ്പര്യം കണക്കിലെടുത്താണ് ഉച്ചകോടിയുടെ വേദി നിശ്ചയിച്ചതെന്ന് വിദേശകാര്യ വൃത്തങ്ങള്‍ പറയുന്നു. തമിഴ്‌നാടിന്റെ മഹത്തായ ഭൂമികയിലായിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. പൗരാണിക നഗരമായ മാമല്ലപുരത്തിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തിയുള്ള ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്നും പ്രധാനമന്ത്രി പറയുന്നു. 

യുനൈസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ച മാമല്ലപുരത്തിന് 1300ഓളം വര്‍ഷത്തെ പഴക്കമുണ്ട്. പല്ലവരാജാക്കാന്‍മാരുടെ ഭരണകാലത്താണ് മാമല്ലപുരം ഏറ്റവും പ്രൗഢിയാര്‍ജിച്ചത്. ബംഗാള്‍ ഉള്‍ക്കടലിനോട് തൊട്ടുരുമിയിരിക്കുന്ന മാമല്ലപുരം തിരക്ക് പിടിച്ച തുറമുഖനഗരം കൂടിയായിരുന്നു. മാമല്ലപുരത്തിലൂടെ ഇന്ത്യന്‍ വാണിജ്യസംഘം ചൈനയിലുമെത്തി. 

പുരാതനകാലത്ത് ചൈനക്കാര്‍ വിദേശരാജ്യങ്ങളുമായി വാണിജ്യം നടത്തിയ വഴികളെ (സില്‍ക്ക് റൂട്ട്) പുനര്‍ജീവിപ്പിക്കാന്‍ ചൈന ബല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് ചെന്നൈയിലേക്കുള്ള ചൈനീസ് പ്രസിഡന്റിന്റെ വരവ്. പഴയ വഴികളിലൂടെ ഒരു തിരിച്ച് നടത്തം.

കച്ചവടബന്ധം മാത്രമല്ല ചൈനയെ ചെന്നൈയിലേക്ക് ആകര്‍ഷിക്കുന്നത്. ചൈനയില്‍ ബുദ്ധമതത്തിന്റെ വിത്ത് പാകിയ ബോധിധര്‍മ്മന്‍ തമിഴ്‌നാട്ടിലെ പല്ലവ രാജകുമാരനാണെന്നതും ഇന്ത്യയോടുള്ള ചൈനയുടെ ബന്ധത്തെ ഊഷ്മളമാക്കുന്നു. ബോധിധര്‍മ്മന്റെ യഥാര്‍ത്ഥ പേര്, ലഭ്യമായ ചരിത്രത്താളുകളില്‍ ഇല്ലെങ്കിലും അദ്ദേഹം പല്ലവവംശത്തിലെ ഒരു രാജാവിന്റെ മൂന്നാമത്തെ മകനായിരുന്നു എന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ചൈനയിലേക്ക് ചാന്‍ ബുദ്ധിസം പ്രചരിപ്പിച്ചത് ബോധിധര്‍മ്മനാണെന്നാണ് ചരിത്രം. സംസ്‌കൃതത്തിലെ ധ്യാന്‍ എന്ന പദമാണ് ചാന്‍ ആയി മാറിയത്. ഇത് പിന്നീട് സെന്‍ എന്ന് മൊഴിമാറുകയും ചെയ്തു. ചൈനക്കാര്‍ തങ്ങളുടെ കുലപതിയായി കണക്കാക്കുന്നതും ബോധിധര്‍മ്മനെയാണ്. തമിഴ്‌നാട്ടിലെ ആയുധരഹിത യുദ്ധമുറയില്‍ പ്രാവീണ്യം നേടിയിരുന്ന ബോധിധര്‍മ്മന്‍ അത് ചൈനയിലെ ഷാവോലിന്‍ ആശ്രമത്തിലുള്ളവരെ ആദ്യം പഠിപ്പിക്കുകയും പിന്നീടത് ഷാവോലിന്‍ കുംഫു എന്ന പേരിലറിയപ്പെടുകയും ചെയ്തു.

സാമ്പത്തികവും സാംസ്‌കാരികവുമായ ഇത്തരം ബന്ധങ്ങളാണ് ഉച്ചകോടിയ്ക്കായി ചെന്നൈ തെരഞ്ഞെടുക്കാന്‍ ചൈനയ്ക്ക് കാരണമായതെങ്കില്‍ രാഷ്ട്രീയമായ നേട്ടം ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി കാണാം. ജയലളിത തലൈവിയായി ഭരിച്ചിരുന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തില്‍, അവരുടെ വിയോഗം മൂലമുണ്ടായ വിടവിലൂടെ, സ്ഥാനമുറപ്പിക്കാന്‍ വിവിധ കക്ഷികള്‍ ശ്രമിക്കുന്നുണ്ട്. രജനീകാന്തും കമല്‍ഹാസനും ഒരു ഇട കിട്ടാന്‍ കാത്തിരിക്കുമ്പോള്‍, അതിനിടയില്‍ കൂടി തമിഴരുടെ പ്രാദേശിക വികാരത്തെ ഉണര്‍ത്തി കടന്നുകയറാന്‍, ബിജെപിയും ശ്രമിക്കുകയാണ്. പ്രാദേശിക പാര്‍ട്ടികള്‍ ഭരണം കയ്യാളുന്ന തെക്കേ ഇന്ത്യയില്‍, ഇരിക്കാന്‍ ഒരു സീറ്റ് പോലും ബിജെപിയ്ക്ക് ഇതുവരെയും കിട്ടിയിട്ടില്ല. 2021ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് ബിജെപി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ സംസ്‌കാരം, ചരിത്രം തുടങ്ങിയവ വെച്ചുനീട്ടി തമിഴരെ ആകര്‍ഷിക്കുവാന്‍ ഈ ഉച്ചകോടിയിലൂടെ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് വിലയിരുത്താം.