• 21 Oct 2017
  • 03: 52 PM
Latest News arrow

കോടതിയ്‌ക്കെന്ത് ദിലീപ്!

ദിലീപിന് മാത്രം എന്തുകൊണ്ട് ജാമ്യം നിഷേധിക്കപ്പെടുന്നു? ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ എപ്പോഴേ ജാമ്യം കിട്ടിയേനെ തുടങ്ങി സമൂഹത്തില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സഹതാപ വാക്കുകളെ കുരുക്കിട്ട് പിടിച്ചുകെട്ടിയിരിക്കുകയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിന് 60 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. 90 ദിവസം വരെ ദിലീപിന് ജാമ്യം അനുവദിക്കാതെ അന്വേഷണ സംഘത്തിന് സാവകാശം നല്‍കാന്‍ കോടതി തീരുമാനിച്ചു. ഇത്തരത്തില്‍ അന്വേഷണ സംഘത്തിന് സാവകാശം നല്‍കാന്‍ തക്കതായ കുറ്റം തന്നെയാണ് ദിലീപിനെതിരെയുള്ളതെന്ന്‌ കോടതി അടിവരയിട്ട് ഉറപ്പിക്കുകയാണ്. നാലാം തവണയും ജാമ്യാപേക്ഷ തള്ളിയ സ്ഥിതിയ്ക്ക് ഇനിയെങ്കിലും ദിലീപിന് നീതി നിഷേധിക്കപ്പെടുകയാണെന്ന വാദം അവസാനിപ്പിക്കാന്‍ ദിലീപ് അനുകൂലികള്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

രണ്ട് തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ കീഴ്‌ക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കില്ലെന്ന് നല്ല ഉറപ്പുള്ള കാര്യമാണ്. എന്നിട്ടും വീണ്ടും വീണ്ടും ജാമ്യാപേക്ഷ കൊടുക്കുകയും അത് തള്ളപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നതിലൂടെ നീതി നിഷേധിക്കപ്പെടുകയാണെന്ന വികാരം ഉണര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

അന്വേഷണ സംഘത്തിന്റെ പക്കല്‍ മതിയായ തെളിവില്ലെന്ന വാദവും ഇവിടെ പൊളിയുകയാണ്. ദിലീപിന് നീതി നിഷേധിക്കപ്പെടുന്നുവെന്ന് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പറയുമ്പോള്‍ കേസ് ഡയറി വായിച്ച കോടതികള്‍ പ്രോസിക്യൂഷന്റെ തെളിവുകള്‍ നിസ്സാരമല്ലെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. 

ദിലീപ് ഒരു സെലിബ്രിറ്റിയാണ്, ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ എപ്പോഴേ ജാമ്യം കിട്ടിയേനെയെന്നും സഹതാപ തരംഗം ഒഴുക്കുന്നവര്‍ വാദിക്കുന്നു. ദിലീപ് ഒരു സെലിബ്രിറ്റിയാണെന്നത് തന്നെയാണ് പ്രശ്‌നം. ജയിലില്‍ കഴിയുമ്പോള്‍ തന്നെ അദ്ദേഹത്തിന് ആളുകളെ സ്വാധീനിക്കാനും തനിക്ക് അനുകൂലമായി സഹതാപ തരംഗം ഒഴുക്കാനും കഴിയുന്നുണ്ടെങ്കില്‍ അതിനെ ഗൗരവമായി കണക്കാക്കേണ്ടതാണ്. ഈ കേസില്‍ ആക്രമിക്കപ്പെട്ട വ്യക്തിയും കുറ്റം നടപ്പാക്കിയ ആളുകളും അതിന് ഗൂഢാലോചന നടത്തിയവരും സാക്ഷികളും എല്ലാം സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാണ് ദിലീപിനെ കാണുവാനായി ജയിലില്‍ വന്നും പോയുമിരിക്കുന്നത്. കൂടാതെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമെല്ലാം സഹതാപതരംഗത്തില്‍ പങ്കുചേരുന്നു. 

ഇത്രമാത്രം സ്വാധീനമുള്ളയാള്‍ക്ക് ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് തവണ ഹൈക്കോടതി വ്യക്തമാക്കി. തുടരെത്തുടരെയുള്ള ജാമ്യാപേക്ഷകള്‍ തള്ളി കീഴ്‌ക്കോടതികളും ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നു. അതിനാല്‍ ജാമ്യാപേക്ഷ തള്ളിയതുകൊണ്ട് കുറ്റാരോപിതന് നീതി നിഷേധിക്കപ്പെടുന്നുവെന്ന വാദം ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.