• 23 Sep 2018
  • 06: 38 PM
Latest News arrow

ജിവി രാജ സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പ്രിന്‍സിപ്പല്‍ കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്ന് ആരോപണം

തിരുവനന്തപുരം: ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടാകുന്നത് ആദ്യമല്ലെന്ന് റിപ്പോര്‍ട്ട്. മുമ്പും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്നും അപ്പോഴെല്ലാം പ്രിന്‍സിപ്പല്‍ ഇക്കാര്യം മൂടിവെയ്ക്കുകയായിരുന്നുവെന്നുമാണ് ആരോപണം. വൃത്തിഹീനമായ സാഹചര്യത്തില്‍ പഴകിയ മാംസവും ചീഞ്ഞ പച്ചക്കറികളുമാണ് ഇവിടെ പാചകം ചെയ്യുന്നതെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലും കണ്ടെത്തിയിരുന്നു. എന്നിട്ടും കരാറുകാരനെ മാറ്റാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. വൃത്തികെട്ട ഭക്ഷണമാണ് കുട്ടികള്‍ക്ക് കൊടുക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ റിപ്പോര്‍ട്ട് കൗണ്‍സില്‍ സെക്രട്ടറി തന്നെ പൂഴ്ത്തിയെന്നും ആരോപണമുണ്ട്.

പഴകിയ മാംസം കുട്ടികള്‍ക്ക് നല്‍കിയപ്പോഴെല്ലാം അവര്‍ പരാതി പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ കരാറുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്. കരാറുകാരനെ പ്രിന്‍സിപ്പല്‍ സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. 

ഇന്നലെ വൈകുന്നേരം 37 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എന്നാല്‍ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കാന്‍ കുട്ടികളെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.