• 28 Sep 2023
  • 12: 22 PM
Latest News arrow

എന്റെ എഴുത്ത് രാജ്യത്തിനെതിരാവില്ല; സത്യവാങ്മൂലം നല്‍കാന്‍ ഉര്‍ദ്ദു എഴുത്തുകാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്തിനെതിരെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ട് എഴുതാതിരിക്കാന്‍ രാജ്യത്തെ ഉര്‍ദു എഴുത്തുകാര്‍ക്ക് നിര്‍ദ്ദേശം. മാനവിഭവ ശേഷി വകുപ്പിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉര്‍ദ്ദു ലാങ്‌ഗ്വേജാണ് (എന്‍സിപിയുഎല്‍) എഴുത്തുകാര്‍ ഇക്കാര്യത്തില്‍ പ്രതിജ്ഞയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്.

പ്രതിവര്‍ഷം പുറത്തിറങ്ങുന്ന പുസ്തകങ്ങളിലെ ഉള്ളടക്കം രാജ്യത്തിനെതിരാവില്ലെന്ന് ഒപ്പിട്ടുനല്‍കുന്നതിനായി പ്രത്യേകം ഫോമും എഴുത്തുകാര്‍ക്കും എഡിറ്റര്‍മാര്‍ക്കും പ്രസാധകര്‍ക്കുമിടയില്‍ വിതരണം ചെയ്തിട്ടുണ്ട്. രണ്ട് സാക്ഷികളുടെ ഒപ്പോടുകൂടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കൗണ്‍സില്‍ ഇതിനൊപ്പം നല്‍കുന്ന നിര്‍ദ്ദേശം. കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ എഴുത്തുകാര്‍, പ്രസാധകര്‍, എഡിറ്റര്‍മാര്‍ എന്നിവരില്‍ പലര്‍ക്കും ഇത് വിതരണം ചെയ്തിട്ടുണ്ട്. ഉര്‍ദ്ദു ഭാഷയില്‍ വിതരണം ചെയ്തിട്ടുള്ള ഫോമിന്റെ പകര്‍പ്പ് ഇന്ത്യന്‍ എക്‌സ്പ്രസിനും ലഭിച്ചിരുന്നു.

രാജ്യത്തിന്റെ നയങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിരായോ, രാജ്യത്തെ ഏതെങ്കിലും വിഭാഗങ്ങള്‍ക്കിടയിലോ  അപസ്വരത്തിനോ ഇടയാക്കുന്ന തരത്തിലുള്ള ഉള്ളടക്കമോ ഏതെങ്കിലും സര്‍ക്കാരിന്റെയോ സര്‍ക്കാരിതര സ്ഥാപനങ്ങളുടേയോ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുകയോ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് പ്രസ്തുത ഫോം. ഇവ ലംഘിച്ചാല്‍ എന്‍സിപിയുഎല്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം തിരിച്ചെടുക്കുമെന്നും താക്കീത് നല്‍കുന്നുണ്ട്.

സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന എഴുത്തുകാരന്‍ രാജ്യത്തിനെതിരായി ഒന്നും എഴുതാന്‍ പാടില്ലെന്ന് എന്‍സിപിയുഎല്‍ ഡയറക്ടര്‍ ഇര്‍തേസ കാസിം പറയുന്നു. എന്‍സിപിയുഎല്‍ ഒരു സര്‍ക്കാര്‍ സ്ഥാപനമാണ്, നമ്മള്‍ സര്‍ക്കാര്‍ ജീവനക്കാരും. അതിനാല്‍ സ്വാഭാവികമായും നാം സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

ഇത്തരത്തില്‍ എന്‍സിപിയുഎല്ലിന്റെ അംഗങ്ങളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കേണ്ട തീരുമാനം മാനനവിഭവ ശേഷി വകുപ്പിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് തന്നെ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളതാണെന്നും ആഭ്യന്തര മന്ത്രാലയത്തിന് ഇക്കാര്യങ്ങളെക്കുറിച്ച് അറിയാമെന്നും കരീം പറഞ്ഞു.

എഴുത്തുകാര്‍ അവരുടെ പേരില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പേരില്‍ കൗണ്‍സിലിന് നിയമനടപടികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. പുസ്തകങ്ങളിലെ ഓരോ വരിയും സൂക്ഷ്മ പരിശോധന നടത്താനുള്ള സംവിധാനം ഇപ്പോള്‍ കൗണ്‍സിലിനില്ല. അതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗം കൂടിയാണ് എഴുത്തുകാരുള്‍പ്പെടെയുള്ളവരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നത്. ഇത് അവരുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ അബ്ദുള്‍ കലാം ആസാദിനെക്കുറിച്ചുള്ള പുസ്തകം വിവാദമായതോടെയാണ് ഈ നടപടിക്ക് ആക്കം വര്‍ദ്ധിപ്പിച്ചത്. ആസാദിന്റെ ദേശീയതെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായിരുന്നു പ്രസ്തുത പുസ്തകം.

എന്നാല്‍ കൗണ്‍സിലിന്റെ നടപടിയെ എതിര്‍ത്ത് ചില എഴുത്തുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. എഴുത്തുകാരോട് അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്താന്‍ രണ്ട് സാക്ഷികളെക്കൊണ്ട് ഒപ്പ് ഇടുവിക്കുകയെന്നത് എഴുത്തുകാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എഴുത്തുകാരനും കല്‍ക്കട്ട സര്‍വ്വകലാശാല പ്രൊഫസറുമായ ഷനാസ് നബി പ്രതികരിച്ചു.