• 09 Dec 2022
  • 08: 42 PM
Latest News arrow

സംഘപരിവാര്‍ ഭീകരതക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് ചേതന തീര്‍ത്ഥനഹള്ളി

ബംഗളുരു: ബീഫ് നിരോധനത്തെ വിമര്‍ശിച്ച് ലേഖനം എഴുതിയ കന്നട എഴുത്തുകാരി ചേതന തീര്‍ത്ഥഹള്ളിക്ക് സംഘപരിവാര്‍ ഭീഷണി. ബീഫ് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് തുടര്‍ന്നാല്‍ ബലാത്സംഗം ചെയ്യുമെന്നും, ആസിഡ് ആക്രമണം നടത്തുമെന്നുമാണ് ഭീഷണി.

എഴുത്തുകാരിയും തിരക്കഥാകൃത്തുമായ തീര്‍ത്ഥനഹള്ളിക്കെതിരെ ഫെയ്‌സ്ബുക്ക് വഴിയാണ് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശമയച്ചത്. ഇതുള്‍പ്പടെ ചേതന ബംഗളുരുവിലെ ഹനുമന്ത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭീഷണിക്ക് വഴങ്ങിയിട്ടില്ലെന്നും
സംഘപരിവാര്‍ ഭീകരതക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ചേതന അറിയിച്ചു.

കന്നട എഴുത്തുകാരനായ എം എം കല്‍ബുര്‍ഗ്ഗിയുടെ വധം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നിവന്നിട്ടുള്ള ബീഫ് നിരോധനം, ഹിന്ദു മതത്തിലെ ജാതി സമ്പ്രദായത്തെക്കുറിച്ചുമുള്ള  വിഷയങ്ങളുമായി ബന്ധപ്പെട്ട് തീര്‍ത്ഥനഹള്ളി എഴുതിയ ലേഖനങ്ങളാണ് സംഘപരിവാര്‍ ശക്തികളെ പ്രകോപിപ്പിച്ചിട്ടുള്ളത്.

സംഘപരിവാര്‍ ഭീഷണി ഒരാള്‍ മാത്രം ഉയര്‍ത്തുന്നതായി കണക്കാക്കാനാവില്ലെന്നും, ഒരു കൂട്ടം ആളുകളുടെ മാനസികാവസ്ഥ ഇതാണെന്നും അവര്‍ വ്യക്തമാക്കി. അശാന്തി പരത്താനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. എത്ര ഭീഷണി ഉണ്ടായാലും താന്‍ എഴുത്ത് നിര്‍ത്തില്ലെന്നും എഴുത്ത് തുടരുമെന്നും അറിയിച്ചു. തന്റെ തീരുമാനത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് പറഞ്ഞ തീര്‍ത്ഥനഹള്ളി പിന്തുണയ്ക്കുന്നവരോട് നന്ദിയുണ്ടെന്നും പറഞ്ഞു.

നിരന്തരം ഭീഷണി മുഴക്കിയ മധുസൂധന്‍ ഗൗഡ എന്നയാള്‍ക്കെതിരെ ചേതന ഹനുമന്ത നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പുറമേ ജാഗ്രതി ഭാരത എന്ന അക്കൗണ്ടില്‍ നിന്നുമാണ് ഭീഷണി സന്ദേശങ്ങള്‍ ള്‍ ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ മധുസൂധന്‍ ഗൗഡയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ ക്രൈം സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 504, 506, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സമാധാനം തകര്‍ക്കുക, അപായ ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് കേസെടുത്തത്.