• 26 Jun 2019
  • 05: 40 PM
Latest News arrow

നാദിയ മുറാദ്: ധീരതയ്ക്കും അതിജീവനത്തിനും പകരം വെയ്ക്കാവുന്ന പേര്

തീവ്രവേദനയിലൂടെയും അതിശക്തമായ പോരാട്ടത്തിലൂടെയും കടന്ന് പോയ നാദിയ മുറാദിനും ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഡെനിസ് മുക്വെഗിനാണ് ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദിയിലെ സാമൂഹിക പ്രവര്‍ത്തകയാണ് 25കാരിയായ നാദിയ. ഇസ്ലാമിക സ്‌റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കി വെച്ച അനേകം സ്ത്രീകളിലൊരാള്‍. മൂന്ന് വര്‍ഷത്തോളമാണ് നാദിയ ഐഎസ് ഭീകരരുടെ തടവില്‍ കഴിഞ്ഞത്.

'ദ ലാസ്റ്റ് ഗേള്‍' എന്ന ആത്മകഥയില്‍ താന്‍ നേരിട്ട ഭീകര പീഡനങ്ങളെക്കുറിച്ചും രക്ഷപ്പെടതെങ്ങിനെയെന്നും നാദിയ വിവരിക്കുന്നുണ്ട്. സിഞ്ചാറിലെ കോച്ചോയിലായിരുന്നു നാദിയ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. അവളുടെ പത്തൊമ്പതാമത്തെ വയസ്സില്‍ ആ ഗ്രാമം ഐഎസ് ഭീകരര്‍ വളഞ്ഞു. അവിടെയുള്ള യസീദി വംശജരായിരുന്നു അവരുടെ ഇരകള്‍. അറുനൂറോളം പേരെ അവര്‍ കശാപ്പ് ചെയ്തു. നാദിയയുടെ അമ്മയും സഹോദരന്‍മാരും അര്‍ദ്ധസഹോദരന്‍മാരുമെല്ലാം രക്തത്തില്‍ ചേതനയറ്റ് കിടന്നു. കൂട്ടത്തില്‍ ചെറുപ്പക്കാരികളായ സ്ത്രീകളെ ഭീകരര്‍ കാമപൂര്‍ത്തീകരണത്തിനായി കൂടെക്കൊണ്ടുപോയി. 

ആ വര്‍ഷം 6700 സ്ത്രീകളെയാണ് ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ലൈംഗിക അടിമകളാക്കിയത്. നാദിയയും അവരിലൊരാളായി. മൊസൂളിലേക്കായിരുന്നു അവര്‍ അവളെ കൊണ്ടുപോയത്. അവിടെ വെച്ച് നാദിയയെ ക്രൂരമായി തല്ലിച്ചതച്ചു. സിഗരറ്റ് വെച്ച് പൊള്ളിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടമായി ബലാത്സംഗം ചെയ്തു. 

ഭീകരമായ പീഡനങ്ങളുടെ വര്‍ഷങ്ങളായിരുന്നു പിന്നീട്. പക്ഷേ എപ്പോഴോ അവളെ തടവിലാക്കിയ ആള്‍ക്ക് 'അബദ്ധം' പറ്റി. നാദിയയെ താമസിപ്പിച്ചിരുന്ന വീട് പൂട്ടാതെ അയാള്‍ പുറത്തുപോയി. വസ്ത്രം വാങ്ങിത്തരാം, ബലാത്സംഗം ചെയ്യപ്പെടാന്‍ തയ്യാറായിരുന്നോളൂ എന്ന് പറഞ്ഞിട്ടാണ് അയാള്‍ പോയത്. രക്ഷപ്പെടാന്‍ കിട്ടിയ അവസരം നാദിയ ശരിക്കും ഉപയോഗിച്ചു. 

ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള ആ പ്രദേശത്ത് നിന്നും മൂന്ന് വര്‍ഷത്തെ നരകയാതനകള്‍ക്ക് ശേഷം നാദിയ രക്ഷപ്പെട്ടു. അവിടെയുണ്ടായിരുന്ന ഒരു മുസ്ലീം കുടുംബമായിരുന്നു നാദിയയെ രക്ഷപ്പെടാന്‍ സഹായിച്ചത്. അവര്‍ അവളെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിച്ചു. തിരിച്ച് സ്വന്തം നാട്ടിലെത്തിയ നാദിയയ്ക്ക് കാണാന്‍ കഴിഞ്ഞത് ഒരു ശവപ്പറമ്പായിരുന്നു. ഗ്രാമത്തില്‍ മറ്റൊന്നും അവശേഷിച്ചിരുന്നില്ല. മുന്നോട്ടുള്ള ജീവിതം എന്ത് എന്ന് ചിന്തിക്കുന്നതിനിടയില്‍ ജര്‍മ്മനിയുടെ സഹായഹസ്തം അവള്‍ക്ക് നേരെ നീണ്ടു. അഭയാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള ജര്‍മ്മന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂടെ നാദിയയ്ക്ക് പുതിയൊരു ജീവിതമുണ്ടായി. ഇന്ന് ജര്‍മ്മനിയിലാണ് നാദിയ. 

2015 ഡിസംബര്‍ 16ല്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ മനുഷ്യക്കടത്ത് സംബന്ധിച്ച് നാദിയ പ്രഭാഷണം നടത്തി. തനിക്കുണ്ടായതും തന്നേപ്പോലെ ആയിരക്കണക്കിന് പേര്‍ ഇപ്പോള്‍ അനുഭവിക്കുന്നതുമായ പീഡനങ്ങള്‍ അവള്‍ വിവരിച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഈ വിഷയം അവതരിപ്പിക്കുന്ന ആദ്യത്തെയാളാണ് നാദിയ. അവള്‍ പറഞ്ഞതെല്ലാം ഞെട്ടലോടെയും വേദനയോടെയുമാണ് സദസിലുണ്ടായിരുന്നവര്‍ കേട്ടിരുന്നത്.

പിന്നീടുള്ള നാദിയയുടെ ജീവിതം മനുഷ്യക്കടത്ത്, അഭയാര്‍ത്ഥികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായവരെയും അതിജീവിച്ചവരെയും നേരിട്ട് കണ്ട് അവര്‍ക്ക് ആശ്വാസം പകര്‍ന്നു. പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. 016 സെപ്തംബറില്‍ 'നാദിയാസ് ഇനിഷ്യേറ്റീവ്' എന്ന പേരില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഔദ്യോഗികമാക്കി. കൂട്ടക്കൊലയെ അതിജീവിച്ചവര്‍ക്കും ഇരകളായവര്‍ക്കും സഹായം നല്‍കി. ഇതിനിടയില്‍ നിരന്തരമുണ്ടായിക്കൊണ്ടിരുന്ന ഭീഷണികള്‍ നാദിയയെ കുലുക്കിയില്ല. ആ മാസം തന്നെ അവര്‍ 'യുണൈറ്റഡ് നാഷണ്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈ'മിന്റെ ഗുഡ്‌വില്‍ അംബാസിഡറുമായി. കൂട്ടക്കൊലയ്ക്കും വംശഹത്യയ്ക്കും മനുഷ്യക്കടത്തിനുമെതിരെ സജീവമായി പ്രവര്‍ത്തിക്കുന്ന നാദിയ ഇനിഷ്യേറ്റീവ് ഇപ്പോഴും ഇരകളാകുന്നവരുടെ ജീവിതം പുന:നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. 

ഇപ്പോഴും ആയിരക്കണക്കിന് യസീദികള്‍ ഐസിസ് ഭീകരരുടെ തടങ്കലിലാണ്. പലരെയും കണ്ടെത്താനോ രക്ഷപ്പെടുത്താനോ കഴിഞ്ഞിട്ടില്ല. പക്ഷേ നാദിയയും കൂട്ടരും തോറ്റുമടങ്ങില്ല. അവരെയെല്ലാം രക്ഷപ്പെടുത്താനുള്ള നിരന്തര ശ്രമത്തിലാണ് നാദിയയും നാദിയാസ് ഇനിഷ്യേറ്റീവും.