• 26 Feb 2020
  • 08: 02 PM
Latest News arrow

കുപ്രസിദ്ധിയിലേക്ക് വീണുപോകാതെ 'ഒരു കുപ്രസിദ്ധ പയ്യന്‍'

തലപ്പാവും ഒഴിമുറിയും സൃഷ്ടിച്ച സംവിധായകനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. മലയാള സിനിമാ പ്രേമികള്‍ അവരുടെ മനസ്സില്‍ ഒരു മുറി മാറ്റിവെച്ചിട്ടുണ്ട് ഒഴിമുറിയ്ക്കായി. ആ സിനിമയുടെ സംവിധായകനില്‍ നിന്നും ജനനം കൊള്ളുന്ന 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന സിനിമ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷേ ആദ്യ സീനികളില്‍ നിന്ന് തന്നെ പ്രതീക്ഷകള്‍ തെറ്റുകയാണെന്ന് വ്യക്തമായി. 

ഒരു മുസ്ലീം കല്യാണ വീട്ടിലേക്കാണ് സിനിമ കേറിച്ചെല്ലുന്നത്. അവിടെ നിന്നും പോത്തിനെ അറക്കുന്ന സീനിലേക്ക്, പോത്ത് വിരണ്ടോടുന്നു, പോത്തിനെ പിടിച്ചുകെട്ടാന്‍ നായകന്‍ രംഗപ്രവേശനം ചെയ്യുന്നു, അതിന് ശേഷം പോത്തും നായകനും ചേര്‍ന്ന് നടത്തുന്ന ദ്വന്ദയുദ്ധം, പിന്നീട് വീണ്ടും കല്യാണ വീട്ടിലേക്ക്, അവിടെ നായകന്‍ ഒരു പെണ്ണിന്റെ കയ്യില്‍ കയറി പിടിക്കുന്നു, പിന്നെ പുറത്ത് വെറുതെ നില്‍ക്കുന്ന നായകനെ ചിലര്‍ ചോദ്യം ചെയ്യുന്നു, പിന്നെ ഒരു അമ്മ (ചെമ്പകമ്മാള്‍ എന്ന കഥാപാത്രം) ആവി പറക്കുന്ന ചെമ്പ് തുറക്കുന്നു, അടുത്തത് നായകന്‍ ഒരു നാട്ടുവഴിയിലൂടെ നടക്കുന്നു ഈ സീനുകള്‍ ഇതേ പോലെ തന്നെയാണ് കാണിക്കുന്നത്. സീനുകള്‍ തമ്മില്‍ പരസ്പരം ബന്ധമൊന്നുമില്ലാതെ വെറുതെ പെറുക്കി വെച്ചതുപോലെ തോന്നും.

മറ്റുസിനിമകളിലെല്ലാം കൃത്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പല താരങ്ങള്‍ക്കും ഈ സിനിമയില്‍ എന്താണ് തങ്ങളുടെ റോള്‍ എന്ന് മനസ്സിലായിട്ടുണ്ടോ ആവോ.  സുധീര്‍ കരമനയൊക്കെ എവിടേന്ന് കേറിവന്നൂന്ന് മനസ്സിലായതേയില്ല. കാരണം കഥാപാത്രങ്ങള്‍ വന്ന് അവര്‍ അവരുടെ ഡയലോഗും പറഞ്ഞ് പിന്നെയും കുറച്ച് സീനുകള്‍ കഴിയുമ്പോഴാണ് അവര്‍ ആരാണെന്ന് വ്യക്തമാകുന്നത്. നായകന്‍ കല്യാണവീട്ടില്‍ വെച്ച് കയ്യില്‍ തൊട്ട പെണ്ണ്,  ചെമ്പകമ്മാളിന്റെ ബന്ധുവാണെന്ന് തന്നെ മനസ്സിലാകുന്നത് സിനിമയുടെ രണ്ടാം ഭാഗത്താണ്. രംഗങ്ങള്‍ തമ്മിലുള്ള ലയത്തിന്റെ അഭാവവും കഥാപാത്രങ്ങളെ പരിചയപ്പെടുത്താതെ രംഗങ്ങളിലേക്ക് കയറ്റിവിട്ടതും വല്ലാതെ അലോസരപ്പെടുത്തി. 

അല്‍പ്പം അന്തര്‍മുഖ പ്രകൃതക്കാരനായ അജയന്‍ (ടൊവിനോ തോമസ്) എന്ന കഥാപാത്രത്തിലൂന്നിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ചോദ്യക്കുവാനും പറയാനും ആരുമില്ലാത്ത അവനെ നാട്ടില്‍ പലരും വില കല്‍പ്പിക്കുന്നില്ല. മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ മടിയും പേടിയും ആത്മവിശ്വാസക്കുറവുമൊക്കെയുള്ള അവനെ ആര്‍ക്കും എങ്ങിനെ വേണമെങ്കിലും 'കൈകാര്യം' ചെയ്യാം. എന്നാല്‍ ചെമ്പകമ്മാളും ജലജയും അടക്കമുള്ള കുറച്ചുപേര്‍ക്ക് അജയനോട് വലിയ സ്‌നേഹവുമാണ്. ഇതില്‍ ചെമ്പകമ്മാളുടെ മരണത്തോടെ അജയന്റെ ജീവിതം കുപ്രസിദ്ധിയിലേക്ക് വഴിമാറുകയാണ്.

ഒരു ക്രൈം ത്രില്ലറാണ് ചിത്രം. ഒരു കൊലപാതകം, പൊലീസ് അന്വേഷണം, നിരപരാധിയെ കുറ്റവാളിയാക്കല്‍, പൊലീസിന്റെ ക്രൂരതകള്‍, ജയിലിലെ ദയനീയത, കോടതിയിലെ വിസ്താരങ്ങള്‍ എന്നിവയൊക്കെയാണ് ഒരു കുപ്രസിദ്ധ പയ്യനിലുമുള്ളത്. ക്ലീഷേ കഥയാണെങ്കിലും അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍ കുറേയൊക്കെ റിയലിസ്റ്റിക്കാകാന്‍ ശ്രമിച്ചിട്ടുണ്ട്. സിനിമാറ്റിക് ഇലമെന്റ്‌സ് കുറയ്ക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തെ കേസന്വേഷണവും ഒന്നര വര്‍ഷത്തെ കോടതി വ്യവഹാരവുമൊക്കെ ലാഗടിപ്പിക്കാതെ അവതരിപ്പിക്കുകയും ചെയ്തു. 

പൊലീസ് കെട്ടിച്ചമച്ച തെളിവുകളുടെ ബലത്തില്‍ ജീവപര്യന്തം പ്രതീക്ഷിച്ച് നില്‍ക്കുന്ന നിരപരാധിയെ രക്ഷിച്ചെടുക്കാന്‍ ഒരു വിസ്താരവും നടത്തിയിട്ടില്ലാത്ത തുടക്കക്കാരിയായ വക്കീല്‍ ഹന്ന (നിമിഷ സജയന്‍) ശ്രമിക്കുന്നതാണ് സിനിമയുടെ രണ്ടാം പകുതി. കോടതിയിലെ വാദപ്രതിവാദങ്ങളും തെളിവ് ഹാജരാക്കലുമെല്ലാമായി സിനിമയുടെ കുറച്ചു ഭാഗങ്ങള്‍ ചടുലമാണ്. ഇടയ്ക്ക് ജഡ്ജി നടത്തുന്ന ഇടപെടലുകളാണ് ഈ ഭാഗങ്ങളുടെ ജീവന്‍. ഈ സിനിമയില്‍ ഏറ്റവുമധികം കയ്യടി നേടിയിരിക്കുന്നതും ഈ ജഡ്ജിയാണ്. അദ്ദേഹത്തിന്റെ ചോദ്യങ്ങളും ഇടപെടലുകളുമെല്ലാം ഗംഭീരം. 

അതേസമയം ഹന്ന കോടതിയില്‍ സാക്ഷികളോട് ചോദിക്കുന്ന ചോദ്യങ്ങളിലും പ്രസ്താവനകളിലുമെല്ലാം കൃത്രിമത്വം അനുഭവപ്പെട്ടു. ഭാവങ്ങളില്‍ പക്ഷേ വലിയ പാളിച്ച പറ്റിയതുമില്ല. അന്തര്‍മുഖനായ ചെറുപ്പക്കാരനെ അഭിനയിപ്പിച്ച് ഫലിപ്പിക്കുന്നതില്‍ ടൊവിനോയും ഏറെക്കുറേ വിജയിച്ചു. എന്നാല്‍ ചില സംഭാഷണങ്ങളില്‍ കൃത്രിമത്വം പ്രകടമായിരുന്നു. പ്രത്യേകിച്ച് ചമ്പകമ്മാളുടെ ജീവിതത്തെക്കുറിച്ച് അജയന്‍ പൊലീസ് ഉദ്യേഗസ്ഥനോട് വിവരിക്കുന്ന രംഗമൊക്കെ വല്ലാതെ ബോറടിപ്പിച്ചു. മറ്റു അഭിനേതാക്കളുടെ അഭിനയവും തെറ്റുകുറ്റങ്ങളില്ലാത്തതായിരുന്നു. അനു സിത്താര, ശരണ്യ പൊന്‍വണ്ണന്‍, സുജിത് ശങ്കര്‍, അലന്‍സിയര്‍, നെടുമുടിവേണു, സിദ്ധിഖ് എന്നിവരെല്ലാം തങ്ങളുടെ റോള്‍ നന്നായി തന്നെ ചെയ്തു. 

ഔസേപ്പച്ചനാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്. തുടക്കത്തില്‍ അടുപ്പിച്ച് കുറേ പാട്ടുകള്‍ ചേര്‍ക്കേണ്ടിയിരുന്നില്ല. അജയന്റെയും ജലജയുടെയും (അനു സിത്താര) പ്രണയ നിമിഷങ്ങളിലെല്ലാം വിരല്‍ത്തുമ്പും എന്ന പാട്ടിലെ ആദ്യത്തെ ഈരടികള്‍ മാത്രം ഇടയ്ക്കിടയ്ക്ക് ചേര്‍ത്തത് കല്ലുകടിയായി. അതേസമയം യൂട്യൂബിലുള്ള വീഡിയോ സോങ് നന്നായിരുന്നു. 

അടക്കവും ഒതുക്കുക്കവുമില്ലാത്ത തിരക്കഥയാണ് ചിത്രത്തിന് വില്ലനായതെന്ന് തോന്നുന്നു. തിരക്കഥാകൃത്തായ ജീവന്‍ ജോബ് തോമസിന്റെ ആദ്യ ചിത്രമാണിത്. ഒരു പക്ഷേ തുടക്കക്കാരന്റെ കുറവുകളായിരിക്കാം ചിത്രത്തില്‍ പ്രകടമായത്. കലാമൂല്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തി അവാര്‍ഡുകള്‍ നേടിയെടുത്ത തലപ്പാവിനും ഒഴിമുറിയ്ക്കും ശേഷം കച്ചവടച്ചേരുവകളുള്ള സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയ സംവിധായകന്‍ മധുപാലും ആ നിലയില്‍ തുടക്കക്കാരനാണ്. അതും ചിത്രത്തെ ശരാശരി നിലവാരത്തിലേക്ക് താഴ്ത്തുന്നതിന് കാരണമായിട്ടുണ്ടാകാം.