• 28 Sep 2023
  • 01: 50 PM
Latest News arrow

ഒളിംപിക് വേദിക്ക് സമീപം സ്‌ഫോടനം ; മാരക്കാന സ്‌റ്റേഡിയത്തിനു സമീപം രണ്ടു പേര്‍ വെടിയേറ്റ് മരിച്ചു

റിയോ ഡി ജനീറോ :ഒളിംപിക് വേദിക്ക് സമീപം ശനിയാഴ്ച സ്‌ഫോടനം നടന്നത് ആശങ്ക ഉയര്‍ത്തി. എന്നാല്‍ പോലീസ് നടത്തിയ നിയന്ത്രിത സ്‌ഫോടനം ആയിരുന്നു ഇതെന്ന് അധികൃതര്‍ പിന്നീട് വ്യക്തമാക്കി.

പുരുഷന്മാരുടെ സൈക്ലിങ് റോഡ് റേസിന്റെ ഫിനിഷിങ് പോയിന്റില്‍നിന്നാണ് സ്‌ഫോടന ശബ്ദം കേട്ടത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് പോലീസ് സ്‌ഫോടനം നടത്തി നശിപ്പിക്കുകയായിരുന്നുവെന്ന്  അധികൃതര്‍ വ്യക്തമാക്കി . മത്സരങ്ങള്‍ തടസമില്ലാതെ തുടര്‍ന്നു. റിയോയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നിരവധി ബാഗുകള്‍ അടുത്ത ദിവസങ്ങളില്‍ പോലീസ് സ്‌ഫോടനം നടത്തി നശിപ്പിച്ചിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഒളിംപിക്‌സിന്റെ  പ്രധാന വേദിയായ മാരക്കാന സ്‌റ്റേഡിയത്തിനു സമീപം നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേര്‍ വെടിയേറ്റ് മരിച്ചു. ഒരു സ്ത്രിയും ഒരു മോഷ്ടാവുമാണ് കൊല്ലപ്പെട്ടത്. ഒളിംപിക്‌സിന് എത്തിയവരെ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. കവര്‍ച്ചക്കാരുടെ വെടിയേറ്റാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്.