• 28 May 2020
  • 08: 09 PM
Latest News arrow

മാവോവാദികള്‍ കൊല്ലപ്പെടേണ്ടവരാണോ?

വൈത്തിരിയില്‍ മാവോവാദികള്‍ക്കെതിരെ പൊലീസ് വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ത്ഥമല്ല, പകരം കൊല്ലാന്‍ വേണ്ടി തന്നെയായിരുന്നുവെന്ന് റിസോര്‍ട്ട് ജീവനക്കാരുടെ മൊഴിയിലൂടെ വ്യക്തമായിരിക്കുകയാണ്. അമ്പതിനായിരം രൂപയും പത്ത് പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടെത്തിയ മാവോവാദികള്‍ തങ്ങളോട് മാന്യമായാണ് പെരുമാറിയതെന്നും റിസോര്‍ട്ട് ജീവനക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മാവോവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരം തങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടില്ലെന്നും അവര്‍ സൈബര്‍ സെല്‍ നിരീക്ഷണത്തിലൂടെ വിവരം അറിഞ്ഞെത്തി മാവോവാദികള്‍ക്കെതിരെ വെടിവെയ്ക്കുകയുമായിരുന്നുവെന്നും റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു. ഇതോടെ പൊലീസിന്റെ സകല വാദങ്ങളും പൊളിയുകയാണ്.

വൈത്തിരിയില്‍ നടന്നത് ആസൂത്രിതമായ കൊലപാതകമാണെന്ന് കൊല്ലപ്പെട്ട മാവോവാദി നേതാവ് സിപി ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സിപി റഷീദും ബന്ധുക്കളും ഇന്നലെ ആരോപിച്ചിരുന്നു. പൊലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്ന് പൊലീസ് പറയുമ്പോഴും പൊലീസുകാര്‍ക്ക് ആര്‍ക്കും ഒരു പരിക്കുപോലും ഇല്ലാത്തത് സംശയം ഉണ്ടാക്കുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയോട് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.

അക്രമകാരികളായ മാവോവാദികളെ പിടികൂടി നിയമത്തിന് മുമ്പിലെത്തിക്കുന്നതിന് പകരം കൊലപാതകം നടത്തിയതിന് പിന്നിലെ ലക്ഷ്യമെന്തായിരുന്നു? ഇത് ആദ്യത്തെ സംഭവമല്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്നാമത്തെ മാവോവാദിയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. മാവോവാദിയാണെങ്കില്‍ കൊലപ്പെടുത്തുക എന്ന ഒരു നിലപാടാണ് പൊലീസും ഇടതുപക്ഷ സര്‍ക്കാരും എടുത്തിരിക്കുന്നത്. മാവോവാദികള്‍ നിയമലംഘകരാണ്, നിയമവിരുദ്ധരാണ്, ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നവരാണ്. അങ്ങിനെയുള്ളവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരിക എന്നതല്ലേ പൊലീസ് ചെയ്യേണ്ടത്? അല്ലാതെ അവരെ ശിക്ഷിക്കാനും വധിക്കാനും പൊലീസിന് അധികാരം കിട്ടിയതെങ്ങിനെയാണ്?

സിപി ജലീലും മറ്റൊരാളും റിസോര്‍ട്ടിലേക്ക് കയറി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരുടെ കയ്യില്‍ ബാഗും നാടന്‍ തോക്കുമാണ് ഉള്ളത്. പൊലീസ് പറയുന്നതുപോലെ ഒരു ഏറ്റുമുട്ടല്‍ നടത്താനുള്ള സന്നാഹമൊന്നും ഉണ്ടായിരുന്നില്ല. റിസോര്‍ട്ട് ജീവനക്കാരോട് മാവോവാദികള്‍ ദീര്‍ഘനേരം സംസാരിക്കുന്നതും തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആളുകളെ ആക്രമിച്ച് അവരില്‍ നിന്ന് പണവും ഭക്ഷണവും തട്ടിയെടുക്കാന്‍ വരുന്നവര്‍ ഒരിക്കലും ഇതുപോലെ സംസാരിക്കാനോ തര്‍ക്കിക്കാനോ നില്‍ക്കില്ല. പ്രത്യേകിച്ച് ആയുധം കയ്യിലുണ്ടെങ്കില്‍ ആദ്യമേ അത് കാണിച്ച് ഭയപ്പെടുത്തി നിമിഷ നേരം കൊണ്ട് വന്ന കാര്യം സാധിച്ച് മടങ്ങും. ഇവിടെ ഈ മാവോവാദികള്‍ക്ക് അവിടെയുള്ളവരെ ഉപദ്രവിക്കാനോ കൊല്ലാനോ യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്ന് കാണാം. അത്തരത്തില്‍ അപകടകാരികളല്ലാത്തവരെ പൊലീസ് കൊലപ്പെടുത്തിയത് എന്തിനാണ്?

കേരളത്തിലെ മാവോവാദികളെക്കുറിച്ച് നമ്മുക്കെല്ലാം അറിയാവുന്നതാണ്. ഇവര്‍ കേരളത്തിലെവിടെയും സായുധ പ്രവര്‍ത്തനം നടത്തിയിട്ടില്ല. ചിലയിടങ്ങളില്‍ ക്യാംപെയന്‍ നടത്തുന്നുണ്ട്. പോസ്റ്ററുകള്‍ ഒട്ടിക്കുന്നുണ്ട്. ജാഥകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതൊന്നും ജനാധിപത്യവിരുദ്ധമായ കാര്യമല്ല. ഇതിന്റെ പേരില്‍ അവരെ കൊല ചെയ്യുന്നതാണ് ജനാധിപത്യവിരുദ്ധം. വടക്കേ ഇന്ത്യയിലെ മാവോവാദികളെ കൈകാര്യം ചെയ്യുന്ന രീതിയൊന്നും കേരളത്തില്‍ പ്രയോഗിക്കേണ്ട കാര്യമേയില്ല. ഇവിടെ ഏകപക്ഷീയമായ കടന്നാക്രമണമാണ് പൊലീസ് നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്.

കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും മാവോവാദികള്‍ ഉയര്‍ത്തിയിട്ടുള്ള ഭീഷണിയെന്താണ്? ഇത്രയും കാലം ആയുധം കയ്യിലേന്തി നടന്ന മാവോവാദികള്‍ ആരെയെങ്കിലും കൊന്നതായി കേട്ടുകേള്‍വി പോലുമില്ല. മാവോവാദികള്‍ വയനാട്ടിലെ ആദിവാസികളെ ചൂഷണം ചെയ്യുകയാണെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് തികച്ചും തെറ്റാണെന്ന് മറിച്ച് വാദമുണ്ട്. വയനാട്ടിലെ ആദിവാസികളുടെ ഭൂമി മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്താശയോടെ റിസോര്‍ട്ട് മാഫിയകള്‍ കയ്യേറിയിരിക്കുകയാണ്. വൈത്തിരിയിലുള്ള വെറ്റിനറി കോളജ് സ്ഥിതി ചെയ്യുന്നത് ആദിവാസികളുടെ ഭൂമിയിലാണ്. ഇത്തരത്തില്‍ ആദിവാസികളുടെ ഭൂമി കയ്യേറിക്കൊണ്ട് അവരെ ചൂഷണം ചെയ്യുന്നത് റിസോര്‍ട്ട് മാഫിയകളും അവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന സര്‍ക്കാരുമാണ്. ഇതിനെതിരെ മാവോവാദികള്‍ ശബ്ദമുയര്‍ത്തുന്നതുകൊണ്ടും പ്രവര്‍ത്തിക്കുന്നതുകൊണ്ടുമാണ് അവരെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അട്ടിപ്പാടികളിലെ ആദിവാസികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് രൂക്ഷമാണ്. തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളെയാണ് അവിടുത്തെ അമ്മമാര്‍ പ്രസവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം കാരണം മാവോവാദികളാണോ? അപ്പോള്‍ ആരാണ് ആദിവാസികളെ ചൂഷണം ചെയ്യുന്നത്?

മാവോവാദികള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം ശരിയാണെങ്കിലും അവരുടെ മാര്‍ഗം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സമ്മതിക്കുന്നു. സായുധ വിപ്ലവമാണ് ഇതിനെല്ലാം പരിഹാരം എന്നാണ് മാവോവാദികള്‍ പറയുന്നത്. ഇത് ജനാധിപത്യ സമൂഹം അംഗീകരിച്ചുകൊടുക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ആ സംഘടനയെ നിരോധിച്ചിരിക്കുന്നതും. എന്നാല്‍ ആയുധം കയ്യിലേന്തി എന്ന കുറ്റത്തിന് അവരെ വെടിവെച്ചുകൊല്ലുന്നത് എങ്ങിനെയാണ് അംഗീകരിക്കാന്‍ കഴിയുക? അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയല്ലേ ചെയ്യേണ്ടത്? അങ്ങിനെ ചെയ്തിട്ടുമുണ്ടല്ലോ?

 

Editors Choice