• 28 Sep 2023
  • 02: 00 PM
Latest News arrow

തകഴി പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക്

കോഴിക്കോട്: മലയാളത്തിന്റെ പുണ്യം എം ടി വാസുദേവന്‍ നായര്‍ക്ക്  ഈ വര്‍ഷത്തെ തകഴി പുരസ്‌കാരം. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
തകഴി ശങ്കരമംഗലത്ത് നടന്ന ജന്മദിന സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മലയാളത്തിന്റെ മണ്ണും മണവുമുള്ള നിരവധി കഥകളിലൂടെ ലോകകഥാസാഹിത്യത്തില്‍ തന്നെ ലബ്ധപ്രതിഷ്ഠ നേടിയ രണ്ട് കഥാകൃത്തുക്കളാണ് തകഴിയും എംടിയും. ഇരുവരും ജ്ഞാനപീഠ ജേതാക്കളുമാണ്. തകഴിയുടെ കയറും എംടിയുടെ രണ്ടാമൂഴവുമാണ് ജ്ഞാനപീഠം കയറിയ രണ്ട് പ്രശസ്ത കൃതികള്‍.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പുരസ്‌കാരം സമ്മാനിക്കുക. കഴിഞ്ഞ വര്‍ഷം വരെ 25,000 രൂപയായിരുന്ന സമ്മാന തുക ഉയര്‍ത്തിയത് ഈ വര്‍ഷമാണ്.

പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ 1933 ജൂലൈ 15 നായിരുന്നു എം ടിയുടെ ജനനം. പാലക്കാട് വിക്ടോറിയ കേളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ 'രക്തം പുരണ്ട മണ്‍തരികള്‍' എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. 'പാതിരാവും കല്‍ വെളിച്ചവുമാണ്' ആദ്യ നോവല്‍.

1963-64 കാലഘട്ടത്തില്‍ മുറപ്പെണ്ണ് എന്ന കഥ തിരക്കഥയായെഴുതി സിനിമാ രംഗത്തേക്ക് പ്രവേശിച്ചു. 1973 ല്‍ എം ടി സംവിധാനം ചെയ്ത നിര്‍മ്മാല്യത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. ഓടക്കുഴല്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം1970), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം-1984) എന്നിവ ലഭിച്ചിട്ടുണ്ട്.
മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1996 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. 1995 ല്‍ ജ്ഞാനപീഠവും, 2005 ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്.