• 08 Jun 2023
  • 04: 37 PM
Latest News arrow

പത്മനാഭന്റെ കഥയെഴുത്തിന് ഷഷ്ഠി പൂര്‍ത്തി

മലയാളസാഹിത്യത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തായ ടി. പത്മനാഭന്‍ കഥയെഴുത്ത് തുടങ്ങിയിട്ട് 60 വര്‍ഷം പിന്നിടുന്നു.  170 തിലധികം  കഥകള്‍ രചിച്ചിട്ടുണ്ട്. മലയാള കഥാരചനയില്‍ ആഖ്യാന കലയില്‍ പുതിയ പാതകള്‍ വെട്ടിത്തുറന്ന എഴുത്തുകാരന്‍. യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന സാങ്കല്പികതയ്ക്കു ദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക കഥകളും. കവിതയുടെ തീരത്തുകൂടി സഞ്ചരിക്കുന്ന കഥകളെന്ന് അദ്ദേഹത്തിന്റെ കഥകളെ പൊതുവെ വിശേഷിപ്പിക്കാറുണ്ട്. 1974ല്‍ സാക്ഷി എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡും 1996ല്‍ ഗൗരി എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍്ഡും ലഭിച്ചിരുന്നു. എന്നാല്‍ ഈ പുരസ്‌കാരങ്ങള്‍ അവാര്‍ഡ് സംവിധാനത്തോടുള്ള കടുത്ത എതിര്‍പ്പുമൂലം അദ്ദേഹം നിഷേധിച്ചിരുന്നു.

1948 മുതല്‍ കഥകളെഴുതിതുടങ്ങി . ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും അദ്ദേഹത്തിന്റെ തര്‍ജ്ജമകള്‍ വന്നിട്ടുണ്ട്. പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന കഥാസമാഹാരം നാഷണല്‍ ബുക്ക് ട്രസ്റ്റ് 11 ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാച്ചിക്കുറുക്കി എത്ര കണ്ട് വലുപ്പം കുറക്കാമോ അത്രയും വലുപ്പം കുറച്ചെഴുതുന്ന ശൈലിയാണ് അദ്ദേഹത്തിന്‍േറത്.

എല്ലാ കഥകളും സാധാരണക്കാരായ ആളുകളുടെ സാധാരണ ജീവിതത്തിലൂടെ കടന്നുപോകുന്നവയാണ്.സാധാരണക്കാരനായ  മനുഷ്യന്‍ ചെയ്തുതീര്‍ക്കുന്ന സാധാരണ പ്രവൃത്തികള്‍ക്ക്  അനേകം ദാര്‍ശനിക തലങ്ങളുണ്ടെന്ന് വായനക്കാരെ ബോധ്യപ്പെടുത്താന്‍ പത്മനാഭന് സാധിച്ചിട്ടുണ്ട് . വീട്ടില്‍ കുടിപാര്‍ക്കാ നെത്തുന്ന പൂച്ചക്കുട്ടികള്‍ക്ക്  സ്‌നേഹം പകര്‍ന്നു നല്‍കുന്ന വീട്ടുകാരിലൂടെയും വലിയ ആളാക്കാനായി പാടുപെട്ട് പഠിപ്പിച്ച മകന്റെ മൃതദേഹം സ്വന്തം കൈകളാല്‍ ഏറ്റുവാങ്ങേണ്ടിവന്ന ഭോലാറാമിലൂടെയും ഭര്‍ത്താവ് മരിച്ചുപോയ പഴയ പ്രണയിനിയെ കാത്തിരിക്കുന്ന കമിതാവിലൂടെയും പിണങ്ങിപ്പിരിഞ്ഞുപോയ ഭര്‍ത്താവ്  രോഗബാധിതനായി മരണം കാത്തിരിക്കുമ്പോള്‍ സന്ദര്‍ശിക്കാനെത്തുന്ന ഭാര്യ അയാള്‍ നല്‍കുന്ന ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് നിരാകരിക്കുന്നതിലൂടെയും ടി. പത്മനാഭന്‍ ചിത്രീകരിക്കുന്നത് നിത്യജീവിത സംഭവങ്ങളാണ്. ഈ ലോകത്തോടും ഇവിടെ ജീവിക്കുന്ന   സകല ചരാചരങ്ങളോടും പത്മനാഭന്‍ പ്രകടിപ്പിക്കുന്ന അനുകമ്പ, അദ്ദേഹത്തിന്റെ കഥകള്‍ക്ക്  അതീന്ദ്രിയ സ്വഭാവമുള്ള ആത്മീയ സ്പര്‍ശനം നല്‍കുന്നതാണ്.  .