• 27 Oct 2021
  • 09: 21 PM
Latest News arrow

പുതിയ ഹെയര്‍സ്‌റ്റൈലുമായ് ഐശ്വര്യറായി

മുംബൈ : നീളന്‍ മുടിയുമായി പ്രത്യക്ഷപ്പെടുന്ന മുന്‍ ലോക സുന്ദരി ഐശ്വര്യറായി ബച്ചന്‍ പുതുവര്‍ഷത്തില്‍ പുതിയ ഹെയര്‍ സ്‌റ്റൈലുമായി.  ലോ റിയല്‍ പാരിസ് എന്ന സൗന്ദര്യവര്‍ധക വസ്തുവിന്റെ പുതിയ പരസ്യ ചിത്രത്തിലാണ് ഐശ്വര്യയുടെ പുതിയ ഭാവം. 

41കാരിയായ ഐശ്വര്യ ബോബ് ചെയ്ത മുടിയില്‍ ചുവന്ന റിബണ്‍ കെട്ടി കയ്യില്‍ കത്രികയുമായി നില്‍ക്കുന്നതാണ് പരസ്യ ചിത്രം.

ചുരുണ്ട മുടി മുകളിലേക്ക് ഉയര്‍ത്തിക്കെട്ടിയാണ് 1994ല്‍ ഐശ്വര്യ ലോകസുന്ദരിപട്ടം കൈയടക്കിയത്. പിന്നീട് സിനിമകളില്‍ നായികയായി വന്നപ്പോള്‍ കഥാപാത്രത്തിനനുസരിച്ച് വിവിധ ഹെയര്‍സ്റ്റൈലുകളില്‍ ഇവര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. 

പിന്നീട് അഭിഷേക് ബച്ചന്റെ വധുവായ സമയത്ത് വിവാഹഫോട്ടോകളില്‍, ഇരുവശത്തേക്കും കോതിയിട്ട നീണ്ട മുടിയുടെ നെറുകയില്‍ സിന്ദൂരമണിഞ്ഞ ഐശ്വര്യ ഒരു ഇന്ത്യന്‍ വധുവിന്റെ സൗന്ദര്യത്തോടെ തിളങ്ങി. 

തമിഴ് സിനിമയായ 'ഇരുവറി'ല്‍ ഒരു നാടന്‍ പെണ്‍കൊടിയുടെ വേഷത്തില്‍ നീട്ടിപിന്നിയ മുടിയോടെ മോഹന്‍ലാലിന്റെ നായികയായെത്തിയപ്പോള്‍ തമിഴ് ലോകം ഒരു തമിഴ് പെണ്‍കിടാവായാണ് ഈ സുന്ദരിയെ ഹൃദയത്തിലേറ്റിയത്.  പിന്നീട് ജീന്‍സ് എന്ന ബഹുഭാഷാ ചിത്രത്തില്‍ മെടഞ്ഞിട്ട നീണ്ട മുല്ലപ്പൂ ചൂടിയപ്പോള്‍ ഇത്  ഐശ്വര്യ തന്നെയോ എന്ന് സിനിമാലോകം മൂക്കത്ത് വിരല്‍വച്ചു. 

വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി മിസ് ഇന്ത്യമാരും ലോകസുന്ദരിമാരും വന്നുപോയെങ്കിലും അന്നുമിന്നും ഇന്ത്യക്കാരുടെ മനസ്സില്‍ ഐശ്വര്യ തന്നെയാണ് അവരുടെ ലോകസുന്ദരി.  അതുകൊണ്ടുതന്നെ ഐശ്വര്യ കണ്ണാടിയുടെ മുമ്പില്‍നിന്ന് മുടി പിന്നുമ്പോള്‍ അത് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കും.