• 08 Jun 2023
  • 05: 13 PM
Latest News arrow

നിതാഖാത്ത് -ഒമ്പത് മേഖലകളില്‍ കൂടി

മനാമ: ചില പദങ്ങള്‍ അങ്ങിനെയാണ്, അത് അര്‍ത്ഥത്തില്‍ ആപല്‍ സൂചനയുണ്ടാക്കില്ലെങ്കിലും നമ്മെ പേടിപെടുത്തികൊണ്ടിരിക്കും. കാര്‍മേഘമായി, ഇടിനാദമായി അന്തരീക്ഷത്തില്‍ അവ എപ്പോഴുമുണ്ടാകും; ആധിയുടെ വിത്തു വിതറാന്‍. അത്തരമൊരു പദമാണ് ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതമായ നിതാഖാത്ത്. മലയാളിയുടെ ഗള്‍ഫ് സ്വപ്‌നങ്ങള്‍ക്കു മുന്നില്‍ ആശങ്കയുടെ വേലിയുയര്‍ത്തിയ പദ്ധതി.
 
പുതുവര്‍ഷപ്പിറവിയില്‍ നിതാഖാത്ത് ഉയര്‍ത്തുന്ന ആശങ്ക മലയാളികള്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് പ്രവാസികളുടെ ഉള്ളില്‍ ചെറിയ ആധിയൊന്നുമല്ല ഉണ്ടാക്കുന്നത്.കാരണം ലോകം പുതുവര്‍ഷത്തിലേക്ക് ഉണാരാന്‍ പോകുംമുന്‍പാണ് നിതാഖാത്ത് വിപുലീകരിച്ച് സൗദി അറേബ്യയുടെ പ്രഖ്യാപനം വന്നത്; അതും പ്രവാസികള്‍,  പ്രത്യേകിച്ചും മലയാളികള്‍ വന്‍തോതില്‍ ജോലി ചെയ്യുന്ന സുപ്രധാന മേഖലകളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു അത്. 

തരംതിരിക്കല്‍ എന്നര്‍ത്ഥം വരുന്ന 'നിതാഖാത്ത്' സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സ്വദേശിവത്ക്കരണ പദ്ധതിയാണ്. തൊഴിലുകളില്‍ സൗദി പൗരന്മാര്‍ക്ക് നിയമനം നല്‍കിയ തോതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെ തരംതിരിക്കുന്നതാണ്  പദ്ധതി. സൗദിയില്‍ മാത്രം ഒതുങ്ങുന്ന പദ്ധതിയാണെങ്കിലും ഇത് മലയാളികളെ ബേജാറാക്കാന്‍ രണ്ടു പ്രധാന കാരണങ്ങള്‍ ഉണ്ട്. ഒന്ന് ഏറ്റവും കൂടുതല്‍ മലയാളികള്‍ സൗദിയില്‍ ആണെന്നതാണ് . രണ്ട്, മറ്റു ഗള്‍ഫ് രാജ്യങ്ങളും സമാനമായ സ്വദേശിവത്ക്കരണ പദ്ധതികള്‍ നടപ്പാക്കുന്നു.
 
മൂന്നു വര്‍ഷം മുന്‍പെത്തിയ നിതാഖാത്ത്, ഉപജീവനം സ്വപ്‌നം കണ്ട് സൗദിയുടെ മണലാര്യണ്യത്തില്‍ എത്തിയ എല്ലാ വിദേശികളെയും ഒരുപോലെ ഭീതിയലാക്കി. ആദ്യ ഘട്ടത്തില്‍ നിന്നു ഭീതിയുടെ  കാര്‍മേഘം പതുക്കെ നീങ്ങിയെങ്കിലും വീണ്ടും ശക്തമായ കൊടുങ്കാറ്റായി  നിതാഖാത്ത് പ്രവാസികള്‍ക്കുമേല്‍ ആഞ്ഞടിക്കുമെന്നു തന്നെയാണ് 2014 വിളിച്ചു പറയുന്നത്. കാരണം, നിതാഖാത്തില്‍ ഒന്‍പത് മേഖലകള്‍കൂടി പുതുതായി ഉള്‍പ്പെടുത്തിയതോടെ നിതാഖാത്തിന്റെ പരിധിയിലേക്ക് വരുന്നവ അറുപതോളമായി. 
സാധാരണക്കാരായ മലയാളികളില്‍ വലിയൊരു പങ്കും ജീവിതവും തൊഴിലും തേടി എത്തിയത് സൗദി അറേബ്യയിലേക്കായിരുന്നു. ഭൂമിശാസ്ത്രപരമായ വിസ്തൃതിയും സമ്പദ്‌സമൃദ്ധിയും കൂടുതലായത് മാത്രമായിരുന്നില്ല കാരണം. സൗദിയുടെ മണ്ണില്‍ എല്ലാവര്‍ക്കും ജീവിതമുണ്ടായിരുന്നു. അഭ്യസ്ത വിദ്യനും അല്ലാത്തവനും അവിടെ ഒരു പോലെ ജീവിതം കണ്ടെത്തി. മറ്റു ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ജീവിത ചെലവും സുരക്ഷിതത്വവും പ്രവാസികള്‍ക്ക് സൗദിയെ ഇഷ്ടപ്പെട്ട മണ്ണാക്കി മാറ്റി. എന്നാല്‍ നിതാഖാത്തിലൂടെ തദ്ദേശീയര്‍ക്ക് ജോലി കണ്ടെത്താന്‍ രാജ്യം ശക്തമായ നടപടികളുമായി മുന്നോട്ടു പോകാന്‍ തുടങ്ങിയതോടെ 2013 പ്രവാസത്തിന്റെ കണ്ണീരിന്റേതായി. രണ്ടു ലക്ഷത്തോളം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അവരവരുടെ നാടുകളിലേക്ക് തിരിച്ചുപോയി. ചിലര്‍ അവിടെ നിതാഖാത്ത് എന്ന പേരില്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ കടകളും സ്ഥാപനങ്ങളും തുടങ്ങി തങ്ങളുടെ അമര്‍ഷവും സങ്കടവും വ്യക്തമാക്കി. 

  സൗദി തൊഴില്‍ മേഖലയില്‍ 'നിതാഖാത്' വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നത് വസ്തുതയാണ്. തൊഴില്‍ വിപണിയുടെ ക്രമീകരണമായിരുന്നു അതില്‍ പ്രധാനം. നിയമലംഘകരായി കഴിഞ്ഞ അനേക ലക്ഷങ്ങള്‍ നിയമാനുസൃത തൊഴിലാളികളായി മാറി. മെച്ചപ്പെട്ട അവസരങ്ങളും വേതനവും അതു മൂലം ലഭ്യമായി . ഏഴു ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് പുതുതായി ഇത് ജോലി ലഭ്യമാക്കി. എന്നാല്‍, സൗദിയിലെ ചെറുതും വലുതുമായ ഇന്ത്യന്‍ വാണിജ്യ സംരംഭകരെ സംബന്ധിച്ചത്തോളം ആഹ്ലാദകരമല്ല നിതാഖാത്ത്. വലിയൊരു വിഭാഗം മലയാളികള്‍ ഉപജീവനം കണ്ടെത്തുന്നത് ചെറുകിട വ്യാപാര മേഖലയിലാണ്. ചെറുകിട വ്യാപാര മേഖലയുടെ പൂര്‍ണ സൗദിവത്കരണം ലക്ഷ്യമിട്ട് പുതുതായി നടപ്പാക്കാന്‍ പോകുന്ന ഗ്രോസറി ഷോപ്പുകള്‍ സഹകരണ സംഘങ്ങളുടെ കീഴില്‍ മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം മലയാളിയെ സാരമായി ബാധിച്ചേക്കും.സ്വദേശിവത്കരണം പുതിയ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ബിനാമി ബിസിനസിന് കൂച്ചുവിലങ്ങിടാനുമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 

നിതാഖാത് കര്‍ശനമാക്കുമ്പോള്‍ കേരളത്തിന്റെ അവസ്ഥ പരുങ്ങിലാകും. കാരണം സൗദിയിലെ 25 ലക്ഷം ഇന്ത്യക്കാരില്‍ 13 ലക്ഷത്തിനടുത്താണ് മലയാളികള്‍. രാജ്യത്തിന്റെ ഏതാണ്ട് എല്ലാ മേഖലയിലും മലയാളി സ്പര്‍ശമുണ്ട്, മണ്ണിലും അംബര ചുംബികളിലുംമെല്ലാം അവന്റെ വിയര്‍പ്പിന്റെ തുള്ളികളുണ്ട്. ചൊവ്വാഴ്ച നിതാഖാത്തിലേക്ക് ഒന്‍പതു തൊഴില്‍ മേഖലകള്‍ കൂട്ടി ചേര്‍ത്തത്തില്‍ പ്രധാമായതാണ് ഇരു ഹറമുകളുടെ -മസ്ജിദുല്‍ ഹറം, മസ്ജിദുല്‍ നബി- നിര്‍മ്മാണ പ്രവര്‍ത്തനം. ബിന്‍ ലാദന്‍ ഗ്രൂപ്പ് ഏറ്റെടുത്തു നടത്തുന്ന ഈ കരാര്‍ പ്രവര്‍ത്തിയില്‍ മാത്രം ഒരു ലക്ഷത്തിലേറെപ്പേര്‍ മലയാളികളായുണ്ട്. ഇരു ഹറമുകളിലെയും നിര്‍മാണ കരാര്‍ മേഖലയിലുള്ള സ്ഥാപനങ്ങള്‍ ഇളം പച്ചയിലാകുന്നതിന് മുപ്പത് ശതമാനം വരെയും ഇടത്തരം പച്ചയിലാകുന്നതിന് 31 മുതല്‍ 50 വരെയും കടും പച്ചയിലാകുന്നതിന് 51 മുതല്‍ 70 വരെയും പ്ലാറ്റിനം വിഭാഗമാകുന്നതിന് 71 ശതമാനവും സൗദിവല്‍ക്കരണം പാലിക്കേണ്ടിവരും. ഈ മേഖലയിലെ ചെറുകിട, ഇടത്തരം, വന്‍കിട, ഏറ്റവും വലിയ കമ്പനികള്‍ക്കെല്ലാം ഒരേ തോത് ബാധകമാണ്.
 
ഇരു ഹറമുകളിലെയും നിര്‍മാണ ജോലികള്‍ക്കുപുറമേ, വികലാംഗ പരിചരണ കേന്ദ്രങ്ങള്‍, ശിശുപരിചരണ കേന്ദ്രങ്ങള്‍, ലേഡീസ് സേവനഉല്‍പന്നങ്ങള്‍, ഗ്യാസ് കടകള്‍, സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഹെല്‍ത്ത് കോളേജുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ലേഡീസ് ടൈലറിംഗ് ഷോപ്പുകള്‍, ഹോസ്പിറ്റാലിറ്റിഹോട്ടലുകള്‍, ഹജ് ഉംറ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നീ മേഖലകളാണ് പുതുതായി നിതാഖാത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് ഏപ്രില്‍ 20 ന് ് നിലവില്‍ വരും. നിലവില്‍ മറ്റു ബിസിനസ്, പ്രവര്‍ത്തന മേഖലകള്‍ക്കു കീഴിലാണ് ഇവയുള്ളത്. തിരിച്ചൊഴുക്ക് അഥവാ റിവേഴ്‌സ മൈഗ്രേഷന്‍ എന്ന അലാറം മുഴക്കികൊണ്ട് അതിവേഗം കുതിക്കുകയാണ് നിതാഖാത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി വത്ക്കരണ നടപടികള്‍.ബഹ്‌റൈനും കുവൈത്തും ഒമാനും സ്വദേശിവത്ക്കരണ പാതയില്‍ ഏറെ മുന്നേറി കഴിഞ്ഞു. കടുത്ത എണ്ണ വിലയിടിവു കൂടിയാകുന്നതോടെ സ്വദേശിവത്ക്കരണത്തിന് ആക്കം കൂടും.