നാട്യരംഗത്തെ 'താര'ശോഭ

നൃത്തം ഒരു കല മാത്രമല്ല ഒരു സംസ്കാരം കൂടിയാണെന്ന് സുപ്രസിദ്ധ നര്‍ത്തകി താര രാജ്കുമാര്. ഭാരതീയ നൃത്ത സൗന്ദര്യം അലയാഴികള്ക്കപ്പുറം എത്തിച്ച ഈ കലാകാരി അവധി ദിനത്തില്‍ കോഴിക്കോട്ടുള്ള തന്റെ വസതിയില്‍ എത്തിയപ്പോള്‍ ദകേരളപോസ്റ്റിനോട് സംസാരിക്കുകയായിരുന്നു. ഈ വഴി സ്വീകരിച്ചതില്‍ കൃതാര്‍ത്ഥയാണ്...താര പറഞ്ഞു തുടങ്ങി.
കേരള കലാമണ്ഡലത്തിലെ മുന്‍ചെയര്‍മാനായിരുന്ന ടി എം ബി നെടുങ്ങാടിയാണ് താരയുടെ പിതാവ് .അദ്ദേഹത്തിന്റെ കലയോടുള്ള താല്‍പ്പര്യമാണ് താരയെ ഈ മേഖലയിലേക്ക് നയിച്ചത്. ചെറുപ്പം തൊട്ടേ നൃത്തത്തോട് അതീവ താല്‍പ്പര്യമുണ്ടായിരുന്നു താരയ്ക്ക്.കഥകളിയില്‍ അറിവുണ്ടായിരുന്ന പിതാവിന് താരയിലെ കലാകാരിയെ കണ്ടെത്താന്‍ നിഷ്പ്രയാസം സാധിച്ചു.
കലാമണ്ഡലം കൃഷ്ണന് നായര്‍, കല്യാണിക്കുട്ടിയമ്മ, മാണി മാധവ ചാക്യാര്‍ എന്നിവരെപ്പോലുള്ള നിപുണരായ ഗുരുക്കന്മാരുടെ കീഴിലുള്ള ചിട്ടയായ അഭ്യാസമായിരുന്നു താര രാജ്കുമാര് എന്ന നര്‍ത്തകിയെ മോഹിനിയാട്ടം, കഥകളി, ഭരതനാട്യം എന്നീ കലകളില്‍ പ്രഗത്ഭയാക്കിയത്. ഇവക്കു പുറമേ കഥക്, ഒഡിസ്സി എന്നിങ്ങനെ നൃത്തത്തിന്റെ വിവിധ രൂപഭേദങ്ങളിലേക്ക് ചുവടുവെക്കാനും അവര്‍ക്ക് കഴിഞ്ഞു. ഡല്‍ഹിയിലെ വിദ്യാഭ്യാസവും, വിവാഹ ശേഷം ഓസ്ട്രേലിയയിലേക്കുള്ള കൂടുമാറ്റവും താരയിലെ കലയെ തെല്ലും ബാധിച്ചതേയില്ല. ഓസ്ട്രേലിയയില്‍ ശാത്രജ്ഞനായ ഭര്‍ത്താവ് രാജ്കുമാറിന്റെ അകമഴിഞ്ഞ പിന്തുണയാണ് പില്ക്കാലത്ത് സൗത്ത് ഏഷ്യന്‍ ഡാന്‍സ് അക്കാദമി സ്ഥാപിക്കുന്നതിന് ഇടയായത്. വിവിധ രാഷ്ട്രങ്ങളിലെ ഒട്ടേറെ വേദികളില്‍ ഭാരതീയ കലകളുടെ അംബാസിഡര്‍ എന്നോണം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലെ വിദേശവാസം നിരവധി കൊറിയോഗ്രാഫി നിര്വ്വഹിക്കുന്നതിലേക്കെത്തിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ വലിയ സിവിലിയന്‍ ബഹുമതിയായ 'മെഡല്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആസ്ട്രേലിയ' പുരസ്കാരം നല്കി 2009 ല്‍ താരയെ ആദരിച്ചിരുന്നു.
ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിനെ വിദേശികള്‍ക്ക് സുപരിചിതമാക്കിത്തീര്ത്തതും വിദേശികളടക്കമുള്ളവര്‍ക്ക് കലയെ അറിയാനും അനുഭവിക്കാനും വഴിയൊരുക്കിയതും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളായിരുന്നു. താരയ്ക്ക് ഇന്ത്യയിലേക്കാള്‍ പ്രശസ്തി ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ലഭിക്കാന്‍ കാരണമായത് വിദേശത്ത് നടത്തിയ ഡാന്‍സ് പെര്‍ഫോമന്‍സുകളാണ്.
ഹൈന്ദവ പുരാണങ്ങളില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ക്ലാസിക്കല്‍ കലകളെ അവയുടെ ചട്ടക്കൂടില്‍ നിന്ന് പുറത്തു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും താരയില്‍ നിന്നുണ്ടായിട്ടുണ്ട്. മഗ്ദലനമറിയത്തെ ആദ്യമായി കഥകളിയുടെ വേദിയിലെത്തിച്ചത് താരയായിരുന്നു.
നൃത്തം ഒരു പുരാതന കലാരൂപമാണ് എന്നാണ് പൊതുവെ പറഞ്ഞുവെക്കാറുള്ളത്. എന്നാല്‍ കലയില്‍ എപ്പോഴും കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അതിന് യുവജനോത്സവം പോലുള്ള വേദികള്‍ ഉയര്‍ന്നുവരുന്നത് നല്ലതാണ്. യുവജനോത്സവങ്ങളില്‍ ഒരു മത്സരയിനം എന്ന രീതിയില്‍ കലയെ സമീപിക്കുന്നതില്‍ തെറ്റില്ല. അതില്‍ ചെറിയ ഒരു ശതമാനം ആളുകളെങ്കിലും കലയെ ഗൗരവമായി പിന്തുടരും. ഈയര്‍ത്ഥത്തില്‍ ഇത്തരം പ്രവണതകള്‍ കലയെ രക്ഷിക്കാനേ ഉപകരിക്കൂ.
ഇന്ത്യന്‍ ക്ലാസിക്കല്‍ കലകളെ വിദേശത്തെത്തിക്കുന്നതില് മുഖ്യ പങ്കുവഹിച്ച താര രാജ്കുമാറിനെ മാതൃരാജ്യം വേണ്ടപോലെ പരിഗണിച്ചിട്ടുണ്ടോ എന്നതില്‍ സംശയമുയരാം.
രണ്ട് ആണ്മക്കള്ക്കും കുടുംബത്തിനുമൊപ്പം ഓസ്ട്രേലിയയിലാണ് താര. ജന്മനാട്ടിലേക്ക് തിരിച്ചെത്തിയതിലുള്ള സന്തോഷത്തിലാണ് കേരളത്തിലുള്ള ഓരോ നിമിഷവും ചെലവഴിക്കുന്നതെന്നും അവര്‍ സന്തോഷത്തോടെ കൂട്ടിച്ചേര്‍ത്തു.