• 08 Aug 2022
  • 06: 12 AM
Latest News arrow

PKയെ എന്തിന് ക്രൂശിക്കണം?

'പികെ'യില്‍ പാക് കാമുകനും ഇന്ത്യന്‍കാമുകിയും ചുംബിക്കുന്നു, എന്തിന് കിടക്കപോലും പങ്കിടുന്നു. അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന പട്ടാളക്കാരെ ഓര്‍ക്കാതെ ശത്രുരാജ്യക്കാരനുമായി നായിക ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനാല്‍ സിനിമ നിരോധിക്കണമെന്ന് ഇതുവരെ ആവശ്യം ഉയര്‍ന്നിട്ടില്ല. 'ഘര്‍വാപസി'ക്കാര്‍ക്ക് ഈ ആവശ്യവും ഉന്നയിക്കാവുന്നതാണ്. പരമശിവന്റെ വേഷം കെട്ടിയ നടനെ അമീര്‍ഖാന്‍ എന്ന മുസല്‍മാന്‍  ഡല്‍ഹി തെരുവിലൂടെ ഓടിക്കുന്നത് അപമാനകരമാണെങ്കില്‍ രാജ്യാതിര്‍ത്തിമാനിക്കാതെയുള്ള പ്രണയവും കുറ്റകരംതന്നെ. 

കുന്ദന്‍ഷായുടെ 'ജാനേ ഭീ തൊ യാരോ' (1983)എന്ന ചിത്രത്തില്‍ മഹാഭാരത നാടകത്തിനിടെ നസറുദീന്‍ ഷായും കൂട്ടുകാരനും വില്ലന്മാരെ കണ്ട് ഇറങ്ങിയോടിയത് കണ്ട് ഹിന്ദിസിനിമാപ്രേക്ഷകര്‍ ഒന്നടങ്കം ഇളകി മറിഞ്ഞ് ചിരിക്കുകയായിരുന്നു. പ്രിയദര്‍ശന്റെ 'ധിം തരിക തോ'(1986)മില്‍ ശ്രീകൃഷ്ണവേഷം ധരിച്ച മണിയന്‍ പിള്ള രാജുവും പേടിച്ച് ഓടിയിട്ടുണ്ട്. കുതിരവട്ടംപപ്പു ഋഷിവര്യന്റെ വേഷമിട്ട് ഒന്നാന്തരം കോഴിക്കോടന്‍ മുസ്ലീംഭാഷ സംസാരിക്കുന്നുണ്ട്. 'നന്ദന'(2002)ത്തില്‍ ജഗതിയുടെ കുമ്പിടി സ്വാമിക്ക് മാംസാഹാരവും 'ഒളിസേവ'യുമുണ്ട്. ഇവരെക്കണ്ട് ജാതിയുംമതവും ചിന്തിക്കാതെ കാണികള്‍ പൊട്ടിച്ചിരിച്ചിട്ടേയുള്ളു. മോഡി ഇന്ത്യ ഭരിക്കുമ്പോള്‍ അങ്ങനെയൊക്കെ സിനിമ പിടിച്ചാല്‍ നിരോധിക്കണം, അല്ലെങ്കില്‍ തിയേറ്റര്‍ നശിപ്പിക്കും എന്ന ഭീഷണിയാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഉയരുന്നത്. 

അന്ധവിശ്വാസത്തേയും ആള്‍ദൈവങ്ങളേയും പരിഹസിക്കാന്‍  ബോളിവുഡ് മുഖ്യധാരചിത്രങ്ങള്‍ അപൂര്‍വ്വമായെ ഉരുമ്പെടാറുള്ളു. ഉമേഷ് ശുകഌ ഒരുക്കിയ അക്ഷയ് കുമാര്‍ ചിത്രം 'ഓ മൈ ഗോഡ് '(2012) ഇതില്‍ 'പികെ'യുടെ മുന്‍ഗാമിയാണ്. എന്നാല്‍ ഓ മൈ ഗോഡ്, മറാത്തി ചിത്രം ദിയോള്‍(2011) എന്നിവ സമീപകാലത്ത് ആത്മീയകച്ചവടത്തിനെതിരെ ഉയര്‍ത്തിയ അത്രപോലും ശക്തിയോടെ  'പികെ' ചോദ്യം ഉന്നയിക്കുന്നില്ല. ശാസ്ത്ര അവബോധമുള്ള യുവതലമുറക്ക് മുന്നില്‍ യുക്തിഭദ്രവും രസകരവുമായ ചില പ്രശ്‌നങ്ങള്‍ 'പികെ' മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ പതിവ് ബോളിവുഡ്ചട്ടക്കൂടില്‍ നിന്ന് പുറത്തുവരുന്നതുമില്ല. 'മുന്നാഭായി'യും ത്രി ഇഡിയറ്റ്‌സും ഒരുക്കിയ രാജ്കുമാര്‍ ഹിറാനി ബോളിവുഡിലെ വാണിജ്യവിജയത്തിന് സ്വന്തം വഴിവെട്ടിത്തുറന്നിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ തയാറെടുപ്പോടെയാണ് 'പികെ' വരുന്നത്. 

അന്യഗ്രഹത്തില്‍ നിന്നും മനുഷ്യരൂപത്തില്‍ പിറന്നപടി ഭൂമിയില്‍ എത്തപ്പെടുകയാണ് പികെ. തിരിച്ചുപോകാനുള്ള പേടകത്തിന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ മോഷണംപോയി. ശിശുജന്യമായ നിഷ്‌കളങ്കതയോടെ ഭൂമിയെ അറിയാന്‍ ശ്രമിക്കുന്ന പികെ ഉന്നയിക്കുന്ന സത്യസന്ധമായ ചോദ്യങ്ങളാണ് 'ഘര്‍വാപസി' സംഘത്തെ ചൊടിപ്പിക്കുന്നത്. ഗാന്ധിയുടെ പടമുള്ള പേപ്പര്‍ കൊടുത്താന്‍ ഭക്ഷണം കിട്ടും എന്ന് പികെ മനസിലാക്കുന്നു. ഗാന്ധി പടമുള്ള പോസ്റ്ററോ പത്രമോ നല്‍കിയാല്‍ ഭക്ഷണം കിട്ടില്ലെന്നും. ദൈവത്തോട് പറഞ്ഞാല്‍ റിമോട്ട് തിരിച്ചുകിട്ടുമെന്ന് മനസിലാക്കിയപ്പോള്‍ പികെ ദൈവത്തെ തേടി ഇറങ്ങി. ഹുണ്ടികയില്‍ പണം ഇട്ടിട്ടും റിമോട്ട് തരാത്ത ഹിന്ദു ദൈവത്തിനെതിരെ പികെ പൊലീസില്‍ പരാതിപ്പെട്ടു. ദൈവങ്ങള്‍ക്ക് പഞ്ഞമില്ലെന്ന് മനസ്സിലാക്കി ഓരോ ആരാധനാലയങ്ങളിലും കയറി ഇറങ്ങി. അമ്പലത്തില്‍ കൊടുക്കാനുള്ള പുക്കളും തേങ്ങയും ക്രിസ്ത്യന്‍ പള്ളിയിലെ ക്രൂശിതരൂപത്തിനു നല്‍കി. ക്രിസ്ത്യന്‍ പള്ളിയിലേക്കുള്ള വീഞ്ഞുമായി മോസ്‌കിലെത്തി. എല്ലായിടത്തു നിന്നും ആട്ടിപ്പായിക്കപ്പെട്ടപ്പോള്‍ ദൈവത്തെ കണ്ടുകിട്ടിയാല്‍ അറിയിക്കാന്‍ നോട്ടീസടിച്ച് വിതരണംചെയ്യുന്നു. മനുഷ്യന്റെ സ്വാഭാവികമായ ഭയം എങ്ങനെ ആത്മീയകച്ചവടക്കാര്‍ ഫലപ്രദമായി വിനിയോഗിക്കുന്നു എന്ന് പികെ ഉദാഹരണസഹിതം വിവരിക്കുന്നു.

മനുഷ്യന്റെ പ്രവൃത്തികള്‍ മിക്കപ്പോഴും പികെയെ ആശക്കുഴപ്പത്തിലാക്കും. പൊതുനിരത്തില്‍ പോക്കറ്റില്‍ നിന്നും പണം വീണാല്‍ എടുക്കും. എന്നാല്‍ സ്വന്തം പോക്കറ്റില്‍ നിന്നുവീഴുന്നത് ഗര്‍ഭനിരോധന ഉറയാണെങ്കില്‍ അതു തന്റേതാണെന്ന് ഒരിക്കലും സമ്മതിക്കുന്നില്ല. ആള്‍ദൈവത്തിന്റെ കൈയ്യില്‍ അകപ്പെട്ട റിമോര്‍ട്ട് തിരിച്ചുവാങ്ങാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ജഗ്ഗു(അനുഷ്‌ക ശര്‍മ്മ)യും രാജസ്ഥാന്‍ ബാന്റ്മാസ്റ്ററും (സഞ്ജയ്ദത്ത്) പികെയെ സഹായിക്കുന്നു. എല്ലാവരേയും സൃഷ്ടിച്ച ദൈവമല്ല, ദൈവത്തിന്റെ മാനേജര്‍മാരായി നടിക്കുന്ന കള്ളനാണയങ്ങളാണ് ജനതയെ വഴിതെറ്റിക്കുന്നതെന്ന് അടിവരിയിട്ട് പികെ മടങ്ങുന്നതോടെ സിനിമ തീരുന്നു. 

മതബോധത്തിന്റെയോ വിശ്വാസത്തിന്റെയോ മുന്‍വിധിയില്ലാത്ത  ഒരാളുടെ കാഴ്ചപ്പാടിലൂടെ ഇന്ത്യയെകാണാന്‍ ശ്രമിക്കുകയാണ് ഹിറാനി. പുരോഗമനപരവും ധീരവുമായ കാല്‍വയ്പ്പാണത്. എന്നാല്‍ സിനിമ ഉന്നയിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഉപരിതലത്തില്‍മാത്രം അവശേഷിക്കുന്നു.  സ്ഥിരം ബോളിവുഡ് ശൈലിയില്‍ കുറുക്കുവഴിയിലൂടെ എല്ലാത്തിനും പരിഹാരം നിര്‍ദേശിച്ച് 'ഫീല്‍ഗുഡ്' സുഖംനല്‍കി സിനിമ രക്ഷപ്പെടുന്നു.  അന്യഗ്രഹജീവിയുടെ പ്രണയവും ടെലിവിഷന്‍ വാഗ്്വാദവും കൂടിയാകുമ്പോള്‍ സിനിമ  സ്ഥിരം ബോളിവുഡ് ചട്ടക്കൂട്ടില്‍ ഒതുങ്ങി. ആദ്യആഴ്ചയില്‍തന്നെ 200 കോടിവാരി പികെ ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതുമ്പോള്‍ ഹിറാനിയുടെ കച്ചവടക്കൂട്ട് വിജയംവരിക്കുകയാണ്. നിരുപദ്രവമായവിമര്‍ശനം പോലും ഏറ്റുവാങ്ങാന്‍ തയാറല്ലെന്നാണ് മോഡിക്കാലത്തെ സംഘപരിവാരപരിഷകള്‍ വിളിച്ചുപറയുന്നത്. എന്തിന് ഹിന്ദു വിഭാഗത്തെ മാത്രം കൂടുതല്‍ പരിഹസിച്ചു എന്നാണ് ചോദ്യം. പരിഹസിക്കുമ്പോള്‍ നിര്‍ബന്ധമായും മതേതരത്വം പാലിക്കണം എന്ന ഓര്‍ഡിനസ് ഇറക്കുകയെ ഇനി നിവൃത്തിയുള്ളു.