• 21 Oct 2017
  • 03: 53 PM
Latest News arrow

ചാനല്‍ പരിപാടിയ്ക്കിടെ മോശമായി പെരുമാറി; നടി ഉര്‍വ്വശിയോട് മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി

ചാനല്‍ പരിപാടിയ്ക്കിടെ സംസ്‌കാരശൂന്യമായി പെരുമാറിയെന്ന പരാതിയില്‍ നടി ഉര്‍വ്വശിയോട് മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി. കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസാണ് സംസ്ഥാനലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നിന്നും വിശദീകരണം തേടിയത്. കൈരളി ചാനല്‍ എംഡിയോടും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ന്യായാധിപന്‍മാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചാനല്‍ പരിപാടിയ്ക്കിടെ ഉര്‍വ്വശി പുരുഷന്മാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. 

കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ അവതാരികയാണ് ഉര്‍വ്വശി. സാധാരണക്കാരുടെ ദാമ്പത്യ, കുടുംബ പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുകയും പ്രശ്‌ന പരിഹാരം കാണുകയും ചെയ്യുന്നു എന്ന രീതിയിലാണ് പരിപാടിയുടെ അവതരണം. ദാമ്പത്യ പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടയ്ക്ക് ഉര്‍വ്വശി ക്ഷുഭിതയാവുകയും സംസ്‌കാര രഹിതമായി സംസാരിക്കുകയും ചെയ്‌തെന്നാണ് പരാതി. പരാതിയില്‍ ഒരുമാസത്തിനകം വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. അടുത്തമാസം 9ന് കേസ് വീണ്ടും പരിഗണിക്കും.