• 08 Jun 2023
  • 05: 45 PM
Latest News arrow

കുവൈത്ത്: ബാങ്ക് ഗാരണ്ടി തീരുമാനം ഇന്ത്യ മരവിപ്പിച്ചു

കുവൈത്ത്‌സിറ്റി: വീട്ടുജോലിക്കായി സ്ത്രീതൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പാക്കാനായി തൊഴില്‍ കരാര്‍ സാക്ഷ്യപ്പെടുത്തുന്ന സമയത്ത് എംബസിയില്‍ 720 ദിനാര്‍ കെട്ടിവയ്ക്കണമെന്ന തീരുമാനം ഇന്ത്യ തല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബന്ധപ്പെട്ട അധികൃതരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം തല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ എംബസി തീരുമാനിച്ചത്. തീരുമാനത്തിന് ഡിസംബര്‍ 12 മുതല്‍ പ്രാബല്യമുണ്ട്.

അതേസമയം, ഇക്കാര്യത്തില്‍ മറ്റു ചര്‍ച്ചകള്‍ ഉണ്ടാകുന്നതു വരെ സ്ത്രീകളെ ഗാര്‍ഹിക ജോലിക്കായി ഇന്ത്യയില്‍ നിന്നും കൊണ്ടുവരുന്നതിനുള്ള തൊഴില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്ന നടപടികള്‍ ഇന്ത്യന്‍ എംബസി നിര്‍ത്തിവെച്ചു. എംബസി സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാറില്ലാതെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഈ തീരുമാനത്തോടെ ഗാര്‍ഹിക തൊഴില്‍ മേഖലയിലേക്ക് ഇന്ത്യയില്‍ നിന്നും സ്ത്രീതൊഴിലാളികളെ അയക്കുന്നതിന് സമ്പൂര്‍ണ്ണ നിരോധനമാണ് വന്നിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് 2,500 ഡോളര്‍ കെട്ടിവെക്കണമെന്നാണ് നിയമം. ഇതനുസരിച്ച് ഇതിനു തല്യമായി 720 കുവൈറ്റ് ദിനാര്‍ ബാങ്ക് ഗ്യാരണ്ടി എംബസിയില്‍ കെട്ടിവയ്ക്കണമെന്ന തീരുമാനം ഇന്ത്യന്‍ ഗവണ്‍മെന്റ് നടപ്പാക്കിയിരുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഈ നിയമം ബാധകമാക്കിയിരുന്നു.അതില്‍ അവസാനമായാണ് കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഈ തീരുമാനം നടപ്പാക്കിയത്.

എന്നാല്‍ കുവൈറ്റില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. പല രീതിയിലുള്ള പ്രതികാര നടപടികള്‍ പ്രതികരണമായി ഉണ്ടായി. തുടര്‍ന്നാണ് നയംമാറ്റത്തിന് ഇന്ത്യന്‍ എംബസി സന്നദ്ധമായത്. പ്രശ്‌നത്തിന് സ്ഥായിയായ പരിഹാരം കാണാനുള്ള നടപടികള്‍ ഇന്ത്യയുടേയും കുവൈറ്റിന്റേയും ഭാഗത്തുനിന്ന് നടന്നുവരുന്നതായി ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.