• 27 Oct 2021
  • 10: 18 PM
Latest News arrow

റെക്കോര്‍ഡ് കളക്ഷനുമായി പി കെ

മുംബൈ: ആമിര്‍ഖാന്റെ വിവാദ സിനിമയായ പി കെ ബോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ സിനിമ എന്ന ചരിത്രം സൃഷ്ടിക്കാന്‍ പോകുകയാണ്. പികെ യ്ക്ക് എതിരെ പ്രതിഷേധം തുടരുന്നതിനിടയിലാണിത്. ബോളിവുഡില്‍ ഇതു വരെ കളക്ഷനില്‍ മുന്നിലുണ്ടായിരുന്നത് ധൂം 3 ആയിരുന്നു. പി കെ ഇതിനകം ഈ റിക്കാര്‍ഡ് മറികടന്നു. ഡിസംബര്‍ 19 മുതല്‍ ജനുവരി 1 വരെ തിയേറ്ററുകളില്‍ നിന്ന് പി കെ വാരിയത് 278.52 കോടി രൂപയാണ്.
രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രം ഹിന്ദു മതത്തെ അവഹേളിക്കുന്നുവെന്നാണ് ബജ്രങ്ദള്‍ അടക്കം തീവ്ര ഹിന്ദു സംഘടനകളുടെ ആക്ഷേപം. എന്നാല്‍ ഹിരാനി ഇതു നിഷേധിക്കുന്നു. പി കെ ഇത്ര വലിയ ഹിറ്റ് ആകുമെന്ന് താന്‍ സ്വപ്‌നേപി കരുതിയില്ലെന്നു അദ്ദേഹം പറഞ്ഞു. പ്രമേയമാണ് സിനിമയുടെ ശക്തിയെന്ന് ഈ സിനിമ തെളിയിക്കുന്നു. ജനങ്ങള്‍ സിനിമ  വീണ്ടും വീണ്ടും കാണുന്നു.
രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത് ആമിര്‍ഖാനും കരീന കപൂറും അഭിനയിച്ച ത്രീ ഇഡിയറ്റ്‌സ് മുമ്പ് വലിയ ഹിറ്റായിരുന്നു. 202 കോടിയാണ് ഈ ചിത്രം നേടിയത്. പി കെ രണ്ടാഴ്ചക്കുള്ളില്‍ അത് മറികടന്നു. ആമിര്‍ ഖാന്റെ ധൂം 3 ആണ് കളക്ഷനില്‍ ഒന്നാമത് ഉണ്ടായിരുന്നത്. 271.82 കോടി. പി കെ അതിനെയും പിന്നിലാക്കി. സല്‍മാന്‍ ഖാന്റെ കിക്ക് 244 കോടിയും ഷാരൂഖാന്റെ ചെന്നൈ എക്‌സ്പ്രസ്സ് 228 കോടിയും നേടിയിരുന്നു. ആള്‍ ദൈവങ്ങളുടെ കഥ പറയുന്ന പി കെ വിദേശത്തും ഹിറ്റാണ്.