• 25 Jul 2017
  • 02: 38 AM
Latest News arrow

മലയാളം സര്‍വ്വകലാശാല വിവാദ ഭൂമികച്ചവടത്തില്‍ നിന്നും തടിയൂരുന്നു...

തിരൂര്‍.ഞെട്ടിപ്പിക്കുന്ന ഒരു ഭൂമികച്ചവട വിവാദത്തില്‍ നിന്നും തുഞ്ചന്‍ സ്മാരക മലയാളം സര്‍വ്വകലാശാല തന്ത്രപൂര്‍വ്വം തലയൂരി. സര്‍വ്വകലാശാലുടെ ആസ്ഥാനം പണിയാന്‍ വെള്ളക്കെട്ടും കണ്ടല്‍കാടുകളുമുള്ള ഒരു ചതുപ്പ് നിലം- 17 എക്കര്‍- 27.5 കോടി രൂപയ്ക്ക് വാങ്ങാനുള്ള നീക്കമാണ് സര്‍വ്വകലാശാലാ വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍  ഉപേക്ഷിച്ചത്. ഒരു ഇടതുപക്ഷ നിയമസഭാംഗത്തിന്റെയും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരൂരില്‍   ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പരാജയപ്പെട്ട ഒരു സിപിഎം.നേതാവിന്റെയും ബന്ധുക്കളില്‍ നിന്നായിരുന്നു ഈ ഭുമി വാങ്ങാന്‍ കച്ചവടമുറപ്പിച്ചത്.
 സെന്റിന് മൂവായിരം മുതല്‍ പതിനായിരം രൂപ വരേ മാത്രം വിലവരുന്ന ഈ  സ്ഥലം സെന്റിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ വില നിശ്ചയിച്ചാണ് കച്ചവടം ഉറപ്പിച്ചിരുന്നുത്. കഴിഞ്ഞ വര്‍ഷം അവസാനം വരേ  ചെറിയ ചെറിയ തുണ്ടുകളായി പ്രാദേശികരില്‍ പലരുടയും പേരിലുള്ള സ്ഥലം നല്ലൊരു ഭാഗം എം.എല്‍എയുടെ ബന്ധുക്കളുടെ പേരിലും കുറേ സ്ഥലം സ്ഥാനാര്‍ത്ഥിയായിരുന്ന വ്യക്തിയുടെ പേരിലും ഏതാനും മാസം  മുമ്പ് ചുളു വിലക്ക് വാങ്ങിയെന്നാണ് ആക്ഷേപം. സര്‍വ്വകലാശാല ഭൂമി അന്വേഷിക്കുന്നതറിഞ്ഞു മറിച്ചു വില്‍ക്കുകയായിരുന്നുവത്രെ ലക്ഷ്യം.
 കലക്ടര്‍ ചെയര്‍മാനായുള്ള ഒരു സമിതിയാണ് സര്‍വ്വകലാശാലയ്ക്ക് ഈ സ്ഥലം കണ്ടെത്തിയത്. പരിസ്തി ലോല പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന ഈ സ്ഥലത്ത് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും  നടത്താനാവില്ലെന്ന് അറിഞ്ഞിട്ടും രാഷ്ടീയ സ്വാധീനമുപയോഗിച്ച്  ഇടപാടിനുള്ള നടപടികളാരംഭിച്ചു. നേരത്തെ സെന്റിന് ഒരു ലക്ഷത്തി എഴുപതിനായിരം രൂപയ്ക്ക് വാങ്ങാന്‍ ഉറപ്പിച്ച ഭൂമി പ്രാദേശിക വിമര്‍ശനമുയര്‍ന്നപ്പോള്‍ പതിനായിരം രൂപ കുറച്ചു നല്‍കാന്‍ ഉടമസ്ഥര്‍ ഔദാര്യം കാണിച്ചു.
 അപ്പോഴാണ് സ്ഥലം എം,എല്‍എ ഉള്‍പ്പെടെ ചിലര്‍ ഭൂമി ഇടപാടിനെ എതിര്‍ത്ത് രംഗത്ത് വന്നതും സര്‍ക്കാരിന് പരാതി നല്‍കിയതും. റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സിപി ഐയും ഇടപാടിനെ എതിര്‍ത്തു. ഏഷ്യാനെറ്റ് ചാനല്‍ ഒരു തുറന്ന ചര്‍ച്ചയിലൂടെ ഇത് നാട്ടില്‍ പാട്ടാക്കി.  സംഭവം ആളിക്കത്തുമെന്ന് ബോദ്ധ്യമായപ്പോള്‍ വൈസ് ചാന്‍സലര്‍ ഈ ഇടപാട് പുനപരിശോധിക്കണമെന്ന് സര്‍ക്കാറിനോട്  ആവശ്യപ്പെട്ടിരിക്കയാണ്. അതായത് ഈ  ഭുമി വേണ്ടെന്ന് ചുരുക്കം. വിവാദമില്ലത്ത ഒരു ഭൂമി ലഭിച്ചെങ്കില്‍ മാത്രം ആസ്ഥാന മന്ദിരം പണിയാമെന്നത്രെ സര്‍വ്വകലാശാലയ്ക്ക് വൈകി ഉദിച്ച നിലപാട്.