• 13 Dec 2017
  • 08: 23 PM
Latest News arrow

എംബിബിഎസിന് സീറ്റ് കിട്ടാത്തതില്‍ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍ ഭാര്യയെ കൊലപ്പെടുത്തി...

ഹൈദരാബാദ്: എംബിബിഎസിന് സീറ്റ് കിട്ടാത്തതില്‍ ഭര്‍ത്താവും വീട്ടുകാരും ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയതായി പോലീസ്. 25 വയസുകാരിയായ ഹരിക കുമാര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവായ റുഷി കുമാറിനെയും രക്ഷിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജീനിയറാണ് റുഷി കുമാര്‍.

ഹൈദരാബാദിലെ എല്‍ബി നഗറിലെ  കോളനിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരികയെ തീകൊളുത്തിയ ശേഷം ഹരികയുടെ അമ്മയെ അവള്‍ ആത്മഹത്യ ചെയ്‌തെന്ന് റുഷി വിളിച്ചറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. എന്നാല്‍ കൊലപാതകമാണെന്ന് സംശയം തോന്നിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹരിക മെഡിക്കല്‍ എന്‍ട്രന്‍സിന് ശ്രമിച്ചിരുന്നതായും എന്നാല്‍ മെഡിക്കലിന് സീറ്റ് കിട്ടിയിരുന്നില്ലെന്നും കൊല്ലപ്പെട്ട യുവതിയുടെ രക്ഷിതാക്കള്‍ പറയുന്നു. പകരം ഡെന്റല്‍ സര്‍ജറിക്ക് പ്രൈവറ്റ് കോളേജില്‍ അഡ്മിഷന്‍ ലഭിച്ചെങ്കിലും ബന്ധം ഉപേക്ഷിക്കുമെന്ന് റുഷിയും വീട്ടുകാരും ഭീഷണിപ്പെടുത്തിയതായും ഇവര്‍ വ്യക്തമാക്കി. 

രണ്ടുവര്‍ഷം മുമ്പാണ് ഹരികയും റുഷിയും വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരിലും എംബിബിഎസിന് സീറ്റ് കിട്ടാത്തതോടെയും ഭര്‍ത്താവില്‍ നിന്ന് യുവതിക്ക് നിരന്തരം പീഡനം ഏല്‍ക്കേണ്ടിവന്നിരുന്നു.