• 08 Jun 2023
  • 05: 15 PM
Latest News arrow

വീട്ടു ജോലിക്കാരി വിസ; ഗ്യാരണ്ടി തുക പിന്‍വലിച്ചിട്ടില്ല

മനാമ: ഗാര്‍ഹിക മേഖലയിലെ ഉഭയകക്ഷി തൊഴില്‍കരാര്‍ പ്രകാരം വീട്ടുജോലിക്കാരി (ഗദ്ദാമ) വിസ സാക്ഷ്യപ്പെടുത്താന്‍ നിര്‍ബന്ധമാക്കിയ 2,500 ഡോളര്‍ ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മേഖലയിലെ എംബസികള്‍ അറിയിച്ചു. ഇതു കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണെന്നും  അറിയിച്ചു. 

കുവൈത്ത് ഇന്ത്യന്‍ എംബസി ഗ്യാരണ്ടി തുക പിന്‍വലിച്ചതായി നാലു ദിവസം മുന്‍പ് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച കുവൈത്ത് എംബസി വെബ്‌സൈറ്റില്‍ വിശദീകരണം നല്‍കിയിരുന്നു. 
ബാങ്ക് ഗാരണ്ടി വീട്ടുജോലിക്കാരിക്കും സ്‌പോണ്‍സര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണെന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ പ്രതികരിച്ചു. ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ വിവിധ ജിസിസി രാജ്യങ്ങളുമായി ഒപ്പുവെച്ച ഗാര്‍ഹിക തൊഴില്‍ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമപരമായി തൊഴിലുടമ തന്നെയാണ് ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ടത്. ബാങ്ക് ഗ്യാരണ്ടിയുടെ രേഖകള്‍ വിസ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഹാജരാക്കണമെന്നു മാത്രാണ് എംബസി നിബന്ധന. ഈ നിയമം മറികടന്ന് വിസ സാക്ഷ്യപ്പെടുത്താന്‍ എംബസിക്കു സാധിക്കില്ല. 

സ്വദേശികളെപ്പോലെ ഡോക്ടര്‍, എന്‍ജിനീയര്‍, സീനിയര്‍ എക്‌സിക്യൂട്ടീവ് തുടങ്ങി ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരും വീട്ടുജോലിക്കാരികളെ കൊണ്ടുവരാന്‍ ഇതേ ബാങ്കഗ്യാരണ്ടി നല്‍കണം. ഇക്കാര്യത്തില്‍ ഒരു വിവേചനവുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.