ബഹ്‌റൈനില്‍ വിസ ഫീസ് കുത്തനെ ഉയര്‍ന്നു

മനാമ: അടിസ്ഥാന ആരോഗ്യ പരിരക്ഷ ഫീസും വിസയോടൊപ്പം ചുമത്തിയതോടെ തൊഴില്‍ വിസ(വര്‍ക്ക് പെര്‍മിറ്റ്) ഫീസ് ബഹ്‌റൈനില്‍ കുത്തനെ ഉയര്‍ന്നു. നിലവിലുള്ള 200 ദിനാറില്‍നിന്നും വിസ പുതുക്കുമ്പോഴും പുതിയ വിസ എടുക്കുമ്പോഴും 344 ദിനാര്‍ നല്‍കണം.
ബേസിക് ഹെല്‍ത്ത് കെയര്‍ എന്ന പേരിലാണ് പുതിയ ഫീസ് ഏര്‍പ്പെടുത്തിയത്. ജനുവരി ആറു മുതല്‍ ഇത് പ്രാബല്യത്തിലുണ്ട്. ഒരു വര്‍ഷത്തേക്ക് 72 ദിനാറാണ് അടിസ്ഥാന ആരോഗ്യ പരിരക്ഷാ ഫീസ്. രണ്ടുവര്‍ഷത്തേക്ക് 144 ദിനാറും. രണ്ടു വര്‍ഷത്തെ വിസ എടുക്കുമ്പോള്‍ ഫീസ് ഒരുമിച്ച് നല്‍കണം. ആരോഗ്യ മന്ത്രാലയത്തിനുവേണ്ടി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എല്‍എംആര്‍എ)യാണ് ഫീസ് ഈടാക്കുക. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാക്കുന്ന മൊബിലിറ്റി പ്രകാരം വിസ മാറുമ്പോഴും പുതിയ ഫീസ് നല്‍കണം.
തൊഴിലാളികള്‍ക്കായി അടിസ്ഥാന ആരോഗ്യ പരിരക്ഷ സംവിധാനം ഏര്‍പ്പെടുത്താനും ക്രമീകരിക്കാനുമായി കഴിഞ്ഞ ഡിസംബര്‍ 29 ന് ആരോഗ്യ മന്ത്രി ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ചാണ് പുതിയ ഫീസ് ഏര്‍പ്പെടുത്തിയത്. എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് ഇത് ബാധകമാണ്. തൊഴിലുടമകളാണ് ഈ ഫീസ് നല്‍കേണ്ടത്. ഇക്കാര്യം അറിയിച്ചുള്ള എല്‍എംആര്‍എ സര്‍ക്കുലര്‍ പുതിയ ഫീസ് നടപ്പാക്കിയ ചൊവ്വാഴ്ച ഉച്ചയോടെയാണ് തൊഴിലുടമകള്‍ക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ അറിയിപ്പു ലഭിച്ചിരുന്നില്ല.
തൊഴിലുടമകള്‍ക്കു മേല്‍ കനത്ത ഭാരമാണ് പുതിയ ഫീസ് ഉണ്ടാക്കുക. നിലവില്‍ അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഓരോ തൊഴിലാളിക്കും അഞ്ചു ദിനാര്‍ വീതം മാസ ലെവി തൊഴിലുടമ നല്‍കണം. വിസയെടുക്കുമ്പോള്‍ ക്ലിയറന്‍സ് ചാര്‍ജും നല്‍കേണ്ടതുണ്ട്. അതിനാല്‍ തന്നെ, പുതുതായി വിസ എടുക്കുമ്പോള്‍ 370 ദിനാറോളം തൊഴിലുടമ നല്‍കേണ്ടിവരും. സൗജന്യമായി തൊഴിലാളിക്ക് നല്‍കുന്ന വിസക്ക്് ചാര്‍ജ് ഈടാക്കാന്‍ തൊഴിലുടമയെ നിര്‍ബന്ധിതമാക്കുന്നതാണ് പുതിയ നടപടികള്‍.
പ്രവാസികളുടെ ആരോഗ്യ പരിചരണത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ വന്‍തുക ചെലവഴിക്കുന്ന സാഹചര്യമാണുള്ളതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. നാട്ടില്‍ പ്രീ എംപ്ലോയ്‌മെന്റ് മെഡിക്കല്‍ കഴിഞ്ഞ് ഗള്‍ഫില്‍ എത്തുന്ന ഒരാള്‍ക്ക് ഇവിടെ മെഡിക്കല്‍ ചെക്കപ്പില്‍ ഏതെങ്കിലും രോഗങ്ങളോ ലക്ഷണങ്ങളോ കണ്ടെത്തിയാല്‍ അതു കൂടുതല്‍ വിശകലനം ചെയ്യാനുള്ള പരിശോധനകള്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തേണ്ടിവരുന്നു. വലിയ ചെലവു വരുന്ന പരിശോധനകളാണ് ഇതില്‍ പലതും. ഇക്കാര്യത്തില്‍ ജിസിസി ഹെല്‍ത്ത് കൗണ്‍സിലില്‍ ഗൗരവമായ ചര്‍ച്ചയും നടക്കുന്നുണ്ട്. ഇതിന്റെ പാശ്ചാത്തലത്തിലാണ് വിട്ടുമാറാത്ത രോഗമുള്ളവരെ റിക്രൂട്ട് ചെയ്യേണ്ടെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബഹ്‌റൈനില്‍ ചേര്‍ന്ന ജിസിസി ആരോഗ്യ മന്ത്രിമാരുടെ യോഗം തീരുമാനിച്ചത്. കൂടാതെ, കനത്ത എണ്ണ വിലയിടിവിന്റെ സാഹചര്യത്തില്‍ പ്രവാസികളുടെ ആരോഗ്യ പരിരക്ഷയുള്‍പ്പെടെയുള്ളവ ഗള്‍ഫ് ബജറ്റുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബഹ്‌റൈന്‍ നടപടിയെന്നതും ശ്രദ്ധേയമാണ്.