ഐ.എസ്.എല്ലില്‍ ബാംഗ്ലൂരിനെ സമനിലയില്‍ പിടിച്ച് ജംഷദ്പൂര്‍ ; പതിനാറുകാരന് താരമായി

ബാംഗ്ലൂര്‍ : ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ഒന്‍പതാം മത്സരത്തില്‍ അവസാന മിനുട്ടിലെ ഗോളിലൂടെ ബാംഗ്ലൂര്‍ എഫ്.സിയെ സമനിലയില്‍ പിടിച്ച് ജംഷദ്പൂര്‍ എഫ്.സി. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.നിഷുകുമാര്‍, സുനില്‍ ഛേത്രി എന്നിവരാണ് ബാംഗ്ലൂരിനായി സ്കോര്‍ ചെയ്തത്. ഗൗരവ് മുഖി,സെര്‍ജിയോ സിഡോണ്‍ച്ച എന്നിവര്‍ ജംഷദ്പൂരിന്റെ ഗോളുകള്‍ നേടി. ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷത്തിലാണ് സിഡോണ്‍ച്ച ജംഷദ്പൂരിന് സമനില ഗോള്‍ നേടികൊടുത്തത്.
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിഷുകുമാറാണ് ബാംഗ്ലൂരിനായി ആദ്യഗോള്‍ നേടിയത്.ബാംഗ്ലൂരിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിനൊടുവില്‍ ബോക്സിന് വോളില്‍ വച്ച് കിട്ടിയ പന്ത് ഒരു കിടിലന്‍ വോളിയിലൂടെ നിഷുകുമാര്‍ വലയിലെത്തിച്ചു. ജംഷദ്പൂരിനായി ഓസ്ട്രേലിയയുടെ മുന്‍നായകനായ ടീം കാഹില്‍ ഐ.എസ്.എല്ലില്‍ അരങ്ങേറ്റം കുറിച്ചു.ആദ്യ പകുതി ആരംഭിച്ചതു തന്നെ ബാംഗ്ലൂരിന്റെ ആക്രമണത്തോടെയായിരുന്നു.പിന്നാലെ ജംഷദ്പൂരും മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ആരംഭിച്ചു.പന്ത് കൈവശം വെക്കുന്നതിലും പാസിങ്ങിലും ബാംഗ്ലൂരിവിനെക്കാള് മുന്നിട്ട് നിന്നത് ജംഷദ്പൂരായിരുന്നു.
ആദ്യപകുതി ഗോള്‍രഹിതസമനിലയില്‍ പിരിയുമെന്ന് കരുതിയിരിക്കുമ്പോഴാണ് നിഷുകുമാറിന്റെ ഗോള്‍.രണ്ടാം പകുതി തുടങ്ങി 81ാം മിനുട്ട് വരെ കാത്തിരിക്കേണഅടി വന്നു ജംഷദ്പൂരിന് സമനില ഗോള്‍ നേടാന്‍. 71ാം മിനുട്ടില്‍ പകരക്കാരനായെത്തിയ ഇന്ത്യന്‍ താരം ഗൗരവ് മുഖിയാണ് കളത്തിലിറങ്ങി പത്ത് മിനുട്ടുകള്‍ക്കകം ജംഷദ്പൂരിനെ ഒപ്പമെത്തിച്ചത്.ഐ.എസ്.എല്‍ റെക്കോര്‍ഡോടെയായിരുന്നു പതിനാറുകാരനായ ഗൗരവ് മുഖിയുടെ അരങ്ങേറ്റവും ഗോളും. ഐ.എസ്.എല്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഐ.എസ്.എല്ലില്‍ ഗോള്‍ നേടുന്ന ഏറ്റവുംപ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി ഗൗരവ്.മാരിയോ ആര്‍ക്കെസിന്റെ പാസില്‍ നിന്നായിരുന്നു ഗൗരവിന്റെ ഗോള്‍.
എന്നാല്‍ ആറ് മിനുട്ടിനുളളില്‍ ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി ബാംഗ്ലൂരിനെ വീണ്ടും മുന്നിലെത്തിച്ചു. എറിക് പാര്‍ത്താലുവിന്റെ ഒരു ലോങ് പാസ് ഛേത്രി ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.ഛേത്രിയുടെ ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. നാലു മിനിറ്റ് വിജയമുറപ്പിച്ചു നില്‍ക്കെയാണ് സെര്‍ജിയോ സിഡോണ്‍ച്ച ജംഷേദ്പുരിനെ വീണ്ടും ഒപ്പമെത്തിച്ചത്. അതോടെ മത്സരം 2-2 ന് സമനിലയില്‍. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം ഇരു ടീമുകള്‍ക്കും നാലു പോയിന്റ് വീതമാണുള്ളത്.
- ലോകകപ്പ് കൗണ്ട്ഡൌൺ തുടങ്ങി; ജൂൺ 16 ന് ഇന്ത്യ-പാക് പോര്; മത്സരക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് ഐസിസി
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....